ന്യൂഡൽഹി: പതിനഞ്ച് വർഷമായി പാക്കിസ്ഥാനിൽ കഴിയുന്ന മൂകയും ബധിരയുമായ പെൺകുട്ടി ഗീതയെ പാക്ക് സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസിനൊപ്പം തിരികെ ഇന്ത്യയിലെത്തിക്കാൻ നീക്കമുണ്ടായിരുന്നുവെന്ന് പാക്കിസ്ഥാൻ. ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം റദ്ദാക്കിയതോടെ നാട്ടിൽ മടങ്ങിയെത്താനുള്ള ഗീതയുടെ മോഹവും പൊലിഞ്ഞു.

പാക്ക് സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് ചർച്ചയ്ക്കായി ഇന്ത്യയിൽ എത്തുമ്പോൾ അദ്ദേഹത്തിനൊപ്പം ഗീതയെയും ഇന്ത്യയിൽ എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. സർതാജിനുവേണ്ടിയുള്ള പ്രത്യേക വിമാനത്തിൽ ഗീതയെയും ഇന്ത്യയിൽ എത്തിക്കാനായിരുന്നു ശ്രമം. ഇക്കാര്യം ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക വിശദീകരണം. ഓഗസ്റ്റ് 24നായിരുന്നു ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സർതാജ് അസീസുമായി ചർച്ച തീരുമാനിച്ചിരുന്നത്. എന്നാൽ 23 ന് അർധരാത്രിയോടെ പാക്കിസ്ഥാൻ യോഗത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

കശ്മീരുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയ്ക്കും ഇന്ത്യ തയാറല്ലെന്നും വിഘടനവാദികളുമായി പാക്കിസ്ഥാൻ ചർച്ച നടത്തരുതെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. ത്ീവ്രവാദം മാത്രം അജണ്ടയാക്കാനായിരുന്നു മുൻ തീരുമാനം. എന്നാൽ ദാവൂദ് ഇബ്രാഹിം വിഷയം ചർച്ചയിൽ ഉയരുമെന്ന് വ്യക്തമായതോടെ കള്ളക്കളികൾ പാക്കിസ്ഥാൻ തുടങ്ങി. പ്രകോപനമുണ്ടാക്കാൻ വിഘടനവാദികളെ ചർച്ചയ്ക്ക് വിളിച്ചു. കാശ്മീരാണ് മുഖ്യ വിഷയമെന്നും വിശദീകരിച്ചു. ഇതോടെ ഇന്ത്യ രണ്ട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. ഇത് സ്വീകാര്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാൻ യോഗത്തിൽ നിന്നു പിന്മാറിയത്. ഇത് അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് ഗീതാ വിഷയം അവർ ഉയർത്തുന്നതെന്നാണ് സൂചന. എന്നാൽ കരുണ അർഹിക്കുന്ന ജീവിതമാണ് ഗീതയുടേത്. ഈ പെൺകുട്ടിയുടെ മാതാ-പിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇന്ത്യ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കേൾക്കാനും സംസാരിക്കാനും കഴിയാത്ത ഗീതയെ 15 വർഷം മുമ്പാണ് പാക്കിസ്ഥാൻ അതിർത്തിരക്ഷാസേന കണ്ടെത്തുന്നത്. ഇന്ത്യയിൽ നിന്ന് അതിർത്തികടന്ന് പാക്കിസ്ഥാനിലെത്തിയ ഗീത ഇപ്പോൾ 23 വയസ്സുള്ള യുവതിയായി. ഇന്ത്യയിലെ ബന്ധുക്കളെ കണ്ടെത്തി അവളെ തിരിച്ചയയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ പൂർണസഹായം വിദേശമന്ത്രി സുഷമാ സ്വരാജ് വാഗ്ദാനം ചെയ്തിട്ടുമുണ്ട്. പാക്കിസ്ഥാനിലെ ഇന്ത്യയുടെ സ്ഥാനപതി ഡോ. ടി.സി.എ. രാഘവന് ഇതിലുള്ള നിർദ്ദേശം സുഷമാസ്വരാജ് നൽകിയിട്ടുണ്ട്.

പാക്കിസ്ഥാനിൽ നിന്ന് അബദ്ധത്തിൽ ഇന്ത്യയിലെത്തിപ്പെട്ട ബധിരയും മൂകയുമായ ബാലികയെ ഹനുമാൻ ഭക്തനായ ബ്രാഹ്മണയുവാവ് 'ബജ്രംഗി' (സൽമാൻ ഖാൻ ) ഏറെക്കാലം സംരക്ഷിക്കുന്നതും പിന്നീട് അവളുടെ നാട് പാകിസ്lാനിലാണെന്ന് മനസ്സിലാക്കുമ്പോൾ ബന്ധുക്കളെ കണ്ടെത്താൻ അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് കബീർ ഖാൻ സംവിധാനം ചെയ്ത സിനിമയുടെ ഇതിവൃത്തം. സിനിമയെ വെല്ലുന്ന അനുഭവങ്ങളാണ് ഗീതയുടേത്. ഈ സിനിമ പുറത്തുവന്നതോടെയാണ് ഗീതയുടെ ദുരിതവും വാർത്തകളിൽ നിറയുന്നത്. ഈ സാഹചര്യത്തിലാണ് ഗീതയെ ഇന്ത്യയിലെത്തിക്കാൻ പാക്കിസ്ഥാനും ശ്രമം തുടങ്ങിയത്.

പാക് പഞ്ചാബിലെ അതിർത്തിഗ്രാമത്തിൽ നിന്ന് റേഞ്ചേഴ്‌സ് ഭടന്മാർ കണ്ടെത്തിയ ബാലികയുടെ സംരക്ഷണച്ചുമതല പാക്കിസ്ഥാനിലെ സന്നദ്ധ സംഘടനയായ എദി ഫൗണ്ടേഷന് കൈമാറുകയായിരുന്നു. കറാച്ചിയിലെ ശിശുമന്ദിരത്തിൽ സംഘടനയുടെ അധ്യക്ഷ ബിൽക്കീസ് എദി അവൾക്ക് 'ഗീത' എന്ന് പേരിട്ടു. ഇതിനിടെ, ഇന്ത്യയിലെ അവളുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹൈന്ദവ പെൺകുട്ടിയെ പോലെയാണ് ഗീതയെ അവർ വളർത്തിയതും. സംസാരശേഷിയില്ലാത്ത ഗീതയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്തതായിരുന്നു വെല്ലുവിളി.

അവൾ ഇടയ്ക്കിടെ എഴുതിക്കാണിക്കുന്ന 193 എന്ന നമ്പർ വീടിന്റെ നമ്പർ ആണെന്നും ഇന്ത്യയുടെ മാപ്പിൽ തൊട്ടുകാണിക്കുന്നതിൽ നിന്ന് തെലങ്കാനയിലോ ഛത്തീസ്‌ഗഢിലോ ആവാം അവളുടെ വീടെന്നും ഊഹിക്കുന്നു. എന്നാൽ, അവിടെ നിന്നെങ്ങനെ പാക്കിസ്ഥാൻ അതിർത്തിയിലെത്തി എന്നതിന് വ്യക്തതയില്ല. ഏഴു സഹോദരന്മാരും നാലു സഹോദരിമാരുമുണ്ടെന്നാണ് ആംഗ്യത്തിലൂടെ അവൾ പറയുന്നത്. ഗീതയുടെ ബന്ധുക്കൾക്കായി അന്വേഷണത്തിനാണ് എദി ഫൗണ്ടേഷന്റെ പ്രമുഖപ്രവർത്തകനും ബിൽക്കീസ് എദിയുടെ മകനുമായ ഫൈസൽ എദിയും സാമൂഹികപ്രവർത്തകനും മുൻ പാക് മന്ത്രിയുമായ അൻസാർ ബർണിയും.