ന്യൂഡൽഹി: ഹാർവാർഡ് സർവ്വകലാശാല അദ്ധ്യാപികയും മലയാളിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികോപദേഷ്ടാവുമായ ഗീതാ ഗോപിനാഥിനെ ഐഎഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിച്ചു. നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്സ്റ്റ്ഫെൽഡ് ഡിസംബറിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.

2001ൽ പ്രിൻസ്ടൺ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഗീത, ഡൽഹി സർവ്വകലാശാലയിൽ നിന്ന് ബിരുദവും ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തരബിരുദവും നേടി. വാഷിങ്ടൺ സർവ്വകലാശാലയിലും ഉപരിപഠനം നടത്തിയിട്ടുള്ള ഗീതയ്ക്ക് അമേരിക്കൻ പൗരത്വവുമുണ്ട്.

ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ ഗീതയെ ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റീൻ ലഗാർദെ അഭിനന്ദിച്ചു. കണ്ണൂർ സ്വദേശിയും കാർഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അദ്ധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളർന്നത്. ഡൽഹി ലേഡി ശ്രീറാം കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ഓണേഴ്‌സും ഡൽഹി സ്‌കൂൾ ഒഫ് ഇക്കണോമിക്‌സിൽ നിന്നും വാഷിങ്ടൺ സർവകലാശാലയിൽ നിന്നും എം.എയും പ്രിൻസ്്റ്റൻ സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും നേടി. മുൻ ഐ.എ.എസ് ഓഫിസറും മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ (എം.ഐ.ടി) പോവർട്ടി ആക്ഷൻ ലാബ് ഡയറക്ടറുമായ ഇക്‌ബാൽ ധലിവാൾ ആണ് ഭർത്താവ്. മകൻ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥി രോഹിൽ.