ഷിക്കാഗോ: 60 ദിവസങ്ങളിലെ വ്രതത്തോടെ എല്ലാ വെള്ളി, ശനി, ഞായർ എന്നി ദിവസങ്ങളിലായി, ശരണ മന്ത്രങ്ങൾക്കും , കലിയുഗവരദന്റെ അപദാനങ്ങൾക്കും നിറസമാപ്തി കുറിച്ച് ഷിക്കാഗോയിലെ ഗീതാമണ്ഡലം സംഘടിപ്പിച്ച മണ്ഡല മഹോത്സവത്തിന് ഭക്തി സാന്ത്രമായ സമാപനം .

ഷിക്കാഗോയിലെ മലയാളികൾ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു മണ്ഡലകാലം ക്ഷേത്രാങ്കണ സമാനമായ ഗീതാമണ്ഡലത്തിൽ വച്ച് വിവിധ പൂജാവിധികളോടെ നടത്തിയത്. പോയ വർഷങ്ങളിൽ ഗീതാമണ്ഡലം അംഗങ്ങളുടെ ഭവനങ്ങളിലായി ഓരോ ദിവസവും മണ്ഡലപൂജ നടത്തിയിരുന്നു എങ്കിൽ, ഇക്കുറി ഗീതാമണ്ഡലം ആസ്ഥാനത്തിൽ തീർത്ത ശ്രീകോവിലും, പതിനെട്ടു തൃപ്പടികളും, ശ്രീ അയ്യപ്പ വിഗ്രഹവും, വിവിധ പൂജാ വിധികളും സമന്വയിപ്പിച്ച ക്ഷേത സമാനതയിലായിരുന്നു മണ്ഡലകാലം.

മണ്ഡലകാല പൂജയ്ക്ക് സമാപ്തി കുറിച്ച വിശേഷാൽ പൂജയിൽ ഷിക്കാഗോയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ത ജനങ്ങളുടെ സാന്നിധ്യം ഒരു പ്രത്യേകത ആയിരുന്നു. പ്രശസ്ത തന്ത്രികൾ  ലക്ഷ്മിനാരായണൻ കേരളപുരതിന്റെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര വിധി പ്രകാരമുള്ള പൂജകൾ ദർശിക്കാൻ എല്ലാ ദിവസവും ധാരാളം ഭക്ത ജനങ്ങൾ എത്തിയിരുന്നു. അഷ്ടദ്രവ്യ അഭിഷേകം, പടിപൂജ, ഭജന, ഹരിവരാസന ആലാപനം, എല്ലാം ഈ മണ്ഡല കാലത്തിന്റെ പ്രത്യേകതകൾ ആയിരുന്നു.  ഒരു ലക്ഷ്യം, ഒരു മാർഗം, ശബരി ഗിരീശന്റെ സന്നിധിയിലേക്ക് ഒരു യാത്ര.  പൊന്നമ്പല മേടിന്റെ ആകാശ ചെരുവിൽ ദിവ്യ നക്ഷത്രം അനുഗ്രഹം ചൊരിയുന്നത് ഇവിടെ ഷിക്കാഗോയിലെ ഗീതാ മണ്ഡലത്തിൽ ഇരുന്നു ഭക്ത ജനങ്ങൾ കണ്ടു നിർവൃതി അടഞ്ഞു.

വൃതനിഷ്ഠയോടെയും, ഭക്ത്യാദരപൂർവവും നൂറു കണക്കിന് മലയാളികൾ ഇവിടെ എത്തിയതിൽ അതീവ ആഹ്ലാദവും, ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹവും ഉണ്ടെന്നു. പ്രസിഡന്റ് ജയ് ചന്ദ്രൻ അറിയിച്ചു. വരും കാലങ്ങളിലും കൂടുതൽ മികച്ച രീതിയിൽ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ടുപോകാൻ കഴിയും എന്നതിന്റെ മകുടോദാഹരണമാണ് ഈ കൂട്ടായ്മയും ഗീതാമണ്ഡലം പ്രവർത്തകരുടെ അർപ്പണ മനോഭാവവും.  മനോഹരമായ ശ്രീകോവിലും പതിനെട്ടാം പടിയും നിർമ്മിച്ച ശില്പികൾനാരായണൻ കുട്ടപ്പൻ, അപ്പുകുട്ടൻ കാലക്കൽ, പൂജകൾക്ക് നേതൃത്വം നൽകിയ ആനന്ദ് പ്രഭാകർ,ഗോപാലകൃഷ്ണൻ,ബിജു എസ് മേനോൻ, രേഷ്മി മേനോൻ, എന്നിവർക്ക്  പ്രത്യേക അനുമോദനങ്ങൾ തദവസരത്തിൽ നല്കുകയുണ്ടായി. മിനി നായർ അറിയിച്ചതാണിത്.