- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാവ സുരേഷ് ഇതുവരെ ചെയ്ത സേവനങ്ങളെ മാനിച്ച് നല്ലൊരു വീട് വച്ച് കൊടുക്കണം; ഒപ്പം നല്ല ഒരു ജോലിയും; മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ചുവന്ന വാവയെ സമൂഹം ഏറ്റെടുക്കണം എന്ന് ബിഷപ്പ് ഗീവർഗ്ഗീസ് മാർ കൂറിലോസ്
കോട്ടയം: മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നാണ് ഡോക്ടർമാർ പറയുന്നത്. അദ്ദേഹം എഴുന്നേറ്റിരിക്കുകയും ഡോക്ടർമാരോട് സംസാരിക്കുകയും ചെയ്തു. ഡോക്ടർ പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടിയും നൽകി. ഇതോടെ തലച്ചോറിലേക്കുള്ള രക്തഓട്ടം സാധാരണനിലയിലായതിന്റെ ആശ്വാസത്തിലായി വൈദ്യസംഘം.സാധാരണ ജീവിതത്തിലേക്ക് വാവ സുരേഷ് മടങ്ങി വരുമ്പോൾ അദ്ദേഹം ഇതുവരെ ചെയ്ത് സേവനങ്ങളെ മാനിച്ച് നല്ലൊരു വീട് വച്ച് കൊടുക്കണം എന്ന് അഭിപ്രായപ്പെടുന്നു യാക്കോബായ സഭ നിരണ ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. ഇതിനൊപ്പം നല്ല ഒരു ജോലിയും അദ്ദേഹത്തിന് കൊടുക്കണം. വാവ സുരേഷിനെ ഇനി സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം എഫ്ബി കുറിപ്പിൽ പറഞ്ഞു.
ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിന്റെ കുറിപ്പിന്റെ പൂർണ രൂപം
നമ്മുടെയെല്ലാം പ്രിയപ്പെട്ട വാവാ സുരേഷ് അപകടനില തരണം ചെയ്തു പൂർണ ആരോഗ്യത്തിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങി വരുന്നു എന്നുള്ള വാർത്ത ഏറെ സന്തോഷപ്രദമാണ്. ദൈവത്തിന് നന്ദി പറയുന്നു. ഒപ്പം അദ്ദേഹത്തെ ചികിത്സിച്ച കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ ടീമിനോടും നന്ദി പ്രകടിപ്പിക്കാം. എല്ലാത്തിനും നേതൃത്വം നൽകിയ മന്ത്രി വി എൻ വാസവൻ സാറിനും സർക്കാരിനും നന്ദി.
സർക്കാറിനോട് ഒരു അഭ്യർത്ഥന കൂടി വയ്ക്കുന്നു. ജീവിതത്തിലേക്ക് മടങ്ങിവരുന്ന വാവ സുരേഷിന് അദ്ദേഹം ഇതുവരെ ചെയ്ത സേവനങ്ങളെ മാനിച്ചു നല്ലൊരു വീട് വച്ച് കൊടുക്കണം. ഒപ്പം നല്ല ഒരു ജോലിയും. ഇതുവരെ അദ്ദേഹത്തിനു ലഭിച്ച അവാർഡു തുകകൾ ഒക്കെ അദ്ദേഹം പാവപ്പെട്ടവർക്ക് കൊടുക്കുകയായിരുന്നു. ഒത്തിരി അഗ്‌നി പരീക്ഷണങ്ങളെ അതിജീവിച്ച് പലപ്പോഴും മരണത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന വാവ സുരേഷിനെ ഇനി സമൂഹം/ സർക്കാർ ഏറ്റെടുക്കണം. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. മറ്റുള്ളവരും യോജിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും നാൾ നിസ്വാർത്ഥമായി നാടിനെ കരുതിയ വാവ സുരേഷിനെ ഇനിയെങ്കിലും നാട് / സർക്കാർ ഏറ്റെടുക്കണം




