തിരുവനന്തപുരം: സമരങ്ങളോട് മുഖം തിരിക്കുന്ന സർക്കാർ സമീപനത്തെ വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപൊലീത്ത. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിനുള്ള സമര പാരമ്പര്യം ഓർമ്മിപ്പിച്ചാണ് നിരണം ഭദ്രാസനാധിപൻ വിമർശനവുമായി രം​ഗത്തെത്തിയത്. 'നീണ്ട സമരങ്ങളുടെ ചരിത്ര പാരമ്പര്യം ഉള്ള ഇടതുപക്ഷത്തിനു സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും നിഷേധഭാവവും തോന്നുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെ'ന്ന് അദ്ദേഹം ഫേയ്‌സ്ബുക്കിൽ കുറിച്ചു.

ഗീവർഗീസ് മാർ കൂറിലോസ് മെത്രാപൊലീത്ത തന്റെ ഇടതുപക്ഷ അനുഭാവം തുറന്ന് പറയാൻ മടിയില്ലാത്തയാളാണ്. അദ്ദേഹത്തെ പോലും പിണറായി സർക്കാർ തങ്ങളുടെ അവസാന ദിനങ്ങളിൽ വിമർശിക്കാൻ സാഹചര്യം ഒരുക്കുന്ന കാഴ്‌ച്ചയാണ് കേരളം കാണുന്നത്. നേരത്തേ, സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തൊഴിലിനായുള്ള സഹന സമരത്തോട് സർക്കാർ മുഖം തിരിച്ചതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ മുട്ടിലിഴഞ്ഞ് യാചനാ സമരം നടത്തി. നിയമനം വേഗത്തിലാക്കുന്നതിലും ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കാത്തതിനെ തുടർന്നായിരുന്നു അസാധാരണ സമരം. കത്തുന്ന പൊരിവെയിലോന്നും പ്രശ്നമാക്കാതെയായിരുന്നു സ്ത്രീകളടക്കമുള്ളവരുടെ വേറിട്ട സഹനസമരം. മന്ത്രിസഭാ യോഗവും കൈവിട്ടതോടെ ഇനി എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്നാണ് ലാസ്റ്റ് ഗ്രേഡ് പട്ടികയിലെ ജീവനക്കാരുടെ ചോദ്യം.

റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർ നടത്തുന്ന സമരത്തിന് പിന്തുണയുമായി സംസ്ഥാനമാകെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധിച്ചു. കോഴിക്കോട് കളക്ടേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചും അക്രമാസക്തമായി. ബാരിക്കേ‍ഡ് ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് തവണ ലാത്തിച്ചാജുണ്ടായി. നിരവധിപ്പേർക്ക് പരിക്കേറ്റു.

അതേസമയം, ഇടത് സർക്കാരിന്റെ അവസാന നാളുകളിലും പിൻവാതിൽ നിയമനങ്ങൾ തകൃതിയാണ്. ഇന്ന് ചേർന്ന് മന്ത്രിസഭായോഗം 221 പേരെയാണ് സ്ഥിരപ്പെടുത്താൻ തീരുമാനമെടുത്തത്. കെടിഡിസിയിൽ നൂറ് പേരെയും യുവജന ക്ഷേമബോർഡിൽ 37 പേരെയും കോ ഓപ്പറേറ്റീവ് അക്കാദമിയിൽ 14 പേരെയും സ്കോൾ കേരളയിൽ 54 പേരെയും ഭവന നിർമ്മാണ വകുപ്പിൽ 16 പേരെയുമാണ് ഇന്ന് മാത്രം സ്ഥിരപ്പെടുത്തിയത്.

പിഎസ്‌സിക്ക് വിടാത്ത തസ്തികകളിൽ മാത്രമേ സ്ഥിരപ്പെടുത്തൽ നടത്തുന്നുള്ളു എന്നാണ് സർക്കാർ വാദം. ഇന്ന് നിരവധി വകുപ്പുകളുടെ നിയമനങ്ങൾ മന്ത്രിസഭാ പരിഗണനക്ക് വന്നിരുന്നെങ്കിലും പകുതി ശുപാർശകൾ ബുധനാഴ്ചയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

നീണ്ട സമരങ്ങളുടെ ചരിത്ര പാരമ്പര്യം ഉള്ള ഇടതുപക്ഷത്തിനു സമരങ്ങളോട് അസഹിഷ്ണുതയും പുശ്ചവും നിഷേധഭാവവും തോന്നുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല...

Posted by Geevarghese Coorilos on Sunday, February 14, 2021