ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ എം എം നരവനെ വിരമിക്കാൻ ഒരുങ്ങുന്നു. ഈ മാസം 30നാണ് അദ്ദേഹം സർവീസിൽ നിന്നും വിരമിക്കുക. ഇതോടെ പുതിയ മേധാവിയെ കണ്ടെത്താനുള്ള നടപടി ക്രമങ്ങൾക്ക് സേന തുടക്കമിട്ടു.

സേനയുടെ ഉപമേധാവി ലഫ്. ജനറൽ മനോജ് പാണ്ഡെ, പുണെ ആസ്ഥാനമായുള്ള ദക്ഷിണ കമാൻഡ് മേധാവി ലഫ്. ജനറൽ ജയ് സിങ് നെയ്ൻ, ജയ്പുർ ആസ്ഥാനമായുള്ള ദക്ഷിണ പശ്ചിമ കമാൻഡ് മേധാവി ലഫ്. ജനറൽ അമർദീപ് സിങ് ഭിണ്ഡർ, ലക്‌നൗവിലെ സെൻട്രൽ കമാൻഡ് മേധാവി ലഫ്. ജനറൽ യോഗേന്ദ്ര ദിമ്രി എന്നിവരാണു പരിഗണനാ പട്ടികയിലുള്ളത്.

ഇതിൽ ഏറ്റവും സീനിയർ ആയ മനോജ് പാണ്ഡെ പുതിയ സേനാ മേധാവിയാകുമെന്നാണു സൂചന. സീനിയോറിറ്റി മാനദണ്ഡമാക്കുന്ന പതിവു രീതി തുടർന്നാൽ മെയ്‌ ഒന്നിനു സേനാ മേധാവിയായി പാണ്ഡെ ചുമതലയേൽക്കും. നരവനെയുടെ പിൻഗാമിയെ കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ നിയമന സമിതി വൈകാതെ യോഗം ചേരും. ഉപമേധാവിയാകും മുൻപ് ചൈനീസ് അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കിഴക്കൻ കമാൻഡിന്റെ മേധാവിയായിരുന്നു പാണ്ഡെ.

ഈ മാസം 30നാണ് നരവനെ വിരമിക്കുനന്നത്. സീനിയോറിറ്റി മാനദണ്ഡമാക്കുന്ന പതിവ് രീതി തുടർന്നാൽ മനോജ് പാണ്ഡെ മെയ്‌ ഒന്നിന് സേനാ മേധാവിയായി ചുമതലയേൽക്കും. കരസേനാ മേധാവിയെ കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ നിയമന സമിതി വൈകാതെ യോഗം ചേരും.

അതേസമയം, ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന് ശേഷം ഒഴിഞ്ഞ് കിടക്കുന്ന സംയുക്ത മേധാവി സ്ഥാനത്തേക്ക് എം എം നരവനെ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. കരസേനാ മേധാവി സ്ഥാനത്ത് നിന്നും വിരമിച്ചതിന് അദ്ദേഹം സിഡിഎസ് ആയി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ശരിയാണെങ്കിൽ അദ്ദേഹത്തിന് മൂന്ന് വർഷത്തേക്ക് കൂടി സർവീസ് നീട്ടിക്കിട്ടും. സേനയിൽ നിന്നും മുതിർന്ന ഏതാനും ഉദ്യോഗസ്ഥരും ഇക്കാലയളവിൽ വിരമിക്കുന്നുണ്ട്.

ആർമി ട്രെയിനിങ് കമാൻഡിന്റെ (ആർട്രാക്) കമാൻഡായിരുന്ന ലഫ്റ്റനന്റ് ജനറൽ രാജ് ശുക്ല മാർച്ച് 31 ന് വിരമിച്ചിരുന്നു. ജനുവരി 31ന് ലഫ് ജനറൽ സിപി മൊഹന്തിയും ലഫ് ജനറൽ വൈകെ ജോഷിയും വിരമിച്ചിരുന്നു.