കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിൽ ദേശീയ പണിമുടക്ക് ഹർത്താലായി മാറി. ദേശീയ പണിമുടക്കിന്റെ ഒന്നാം ദിനമായ ഇന്നലെ ജനം പുറത്തിറങ്ങിയില്ല. റോഡുകളിലും നഗരങ്ങളിലും അത്യാവശ്യക്കാർ മാത്രമാണെത്തിയത്. ഇവരെ പലയിടങ്ങളിൽ വെച്ചും ഹർത്താൽ അനുകൂലികൾ തടഞ്ഞു. എന്നാൽ സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്കിൽ കണ്ണൂർ ജില്ലയിൽ ഒരിടത്തും കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല.

കണ്ണൂർ നഗരത്തിലെ തെക്കിബസാറിൽ സി. ഐ.ടി. യു സംസ്ഥാനസെക്രട്ടറി കെ.പി സഹദേവൻ, ജില്ലാ നേതാവ് അരക്കൻ ബാലൻ എന്നിവരുടെ നേതൃത്വത്തിൽ മംഗളൂര് ഭാഗത്തു നിന്നുമെത്തിയ ചരക്ക് ലോറികൾ തടഞ്ഞു. പത്തിലേറെ ചരക്കുലോറികളും മറ്റു വാഹനങ്ങളും തടഞ്ഞതോടെ ദേശീയപാതയിൽ വൻഗതാഗതകുരുക്കുണ്ടായി.

എന്നാൽ കണ്ണൂർ ടൗൺ പൊലിസെത്തി വാഹനങ്ങൾ കടത്തിവിടാൻ ശ്രമിച്ചുവെങ്കിലും സമരക്കാർ വഴങ്ങിയില്ല. പൊലിസുമായും വാഹന ഉടമകളുമായും നേരിയ തോതിൽ സംഘർഷമുണ്ടായി. ഒടുവിൽ ഹർത്താലനുകൂലികൾ തടഞ്ഞ ചരക്കുലോറികൾ ഉൾപ്പെടെ റോഡരികിൽ മാറ്റി നിർത്തിയിട്ടാണ് പൊലിസ് വാഹന ഗതാഗതകുരുക്ക് പരിഹരിച്ചത്.ജില്ലയിലെ മറ്റിടങ്ങളിലും, ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടുണ്ട്. താഴെചൊവ്വ കിഴുത്തള്ളിബൈപ്പാസിൽ നിരവധി ചരക്കുലോറികൾ ഹർത്താലനുകൂലികൾ ഓടുന്നത് തടഞ്ഞു.തിങ്കളാഴ്‌ച്ച രാവിലെയാണ് സംഭവം.

ചക്കരക്കല്ലിൽ ഹർത്താൽ അനുകൂലികൾ മൗവ്വഞ്ചേരി, ചക്കരക്കൽ എന്നിവടങ്ങളിൽ പ്രവർത്തിച്ച പെട്രോൾ പമ്പുകൾ പൂട്ടിച്ചു.പഴയങ്ങാടി കെ. എസ്.ടി.പി റോഡിൽ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ തടഞ്ഞ സമരക്കാരെ പൊലിസ് നീക്കം ചെയ്തു. പയ്യന്നൂർ വെള്ളൂരും ചരക്കുലോറികളും മറ്റുവാഹനങ്ങളും തടഞ്ഞതായി പൊലീസ് റിപ്പോർട്ടുണ്ട്. ദേശീയപണിമുടക്കിന്റെ ഒന്നാംദിനം കെ. എസ്. ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ നിന്നും സർവീസ് പൂർണമായി നിർത്തിയെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.

അന്തർസംസ്ഥാന സർവീസും മുടങ്ങി. ഞായറാഴ്‌ച്ച വൈകുന്നേരം ബംഗ്ളൂരിലേക്ക് മാത്രമാണ് കെ. എസ്. ആർ.ടി.സി സർവീസ് നടത്തിയത്. ട്രെയിൻ ഭാഗികമായി നടന്നിരുന്നുവെങ്കിലും റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ വളരെകുറവായിരുന്നു. സർക്കാർ ഓഫിസുകൾ,ബാങ്കുകൾ എന്നിവ പേരിന് മാത്രമാണ് പ്രവർത്തിച്ചത്. സിവിൽസ്റ്റേഷൻ തുറന്നിരുന്നുവെങ്കിലും ഹാജർനില വളരെ കുറവായിരുന്നു. കണ്ണൂർ നഗരത്തിലെ ഹോട്ടലുകളും മിൽമാബൂത്തുകളും അടഞ്ഞുകിടന്നത് നഗരത്തിലെത്തപ്പെട്ട യാത്രക്കാർക്കും വഴിയോരങ്ങളിൽ താമസിക്കുന്നവർക്കും തിരിച്ചടിയായി.

പൊലിസും നിരവധി സന്നദ്ധസേവാസംഘടനകളും സൗജന്യ ഉച്ചഭക്ഷണവിതരണ പദ്ധതി നടത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളും വഴിയോരങ്ങളിൽ താമസിക്കുന്നവരും ഈസൗകര്യത്തെയാണ് ആശ്രയിച്ചത്.മറ്റുള്ളവർ നഗരത്തിലെ ആശുപത്രി, റെയിൽവേ ക്യാന്റീനുകൾ എന്നിവയെയം ഭക്ഷണത്തിനായി ആശ്രയിച്ചു. പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു സംയുക്ത ട്രേഡ് യൂനിയൻസമരസമിതി കണ്ണൂർ നഗരത്തിൽ നിന്നും തുടങ്ങിയ പ്രകടനം തെക്കിബസാറിൽ തയ്യാറാക്കിയ താൽക്കാലികസമരപന്തലിൽ സമാപിച്ചു.സി. ഐ.ടി.യു സംസ്ഥാനസെക്രട്ടറി കെ.പി സഹദേവൻഉദ്ഘാടനം ചെയ്തു. സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ, എം. എ കരീം( എസ്.ടി.യു) സി.പി സന്തോഷ്‌കുമാർ( എ. ഐ.ടി.യു.സി) തുടങ്ങിയവർ പ്രസംഗിച്ചു.