- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത സാഹോദര്യം മുറുകെപ്പിടിക്കണം; മതവികാരങ്ങളെ മുറിപ്പെടുത്തുന്ന കാര്യങ്ങളിൽ പോലും അതിവിവേകത്തോടു കൂടി പെരുമാറണം; സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്ന ഒരു സാഹചര്യവും സൃഷ്ടിക്കാൻ ക്രൈസ്തവ സഭകളോ സഭാ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല; നിലപാട് വ്യക്തമാക്കി കർദിനാൾ ജോർജ് ആലഞ്ചേരി
കൊച്ചി: പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാർക്കോടിക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി സീറോ മലബാർസഭ മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി. വിവാദ പരാമർശത്തെ തുടർന്നുണ്ടായ കലുഷിത സാഹചര്യങ്ങൾ എത്രയും വേഗത്തിൽ അവസാനിപ്പിക്കണമെന്നും സമാധാനപരമായ സൗഹൃദത്തിലേക്ക് തിരിച്ചുവരുകയാണ് ഇപ്പോൾ പ്രധാനമെന്നും കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.
ഇതിന് മതാചാര്യരും രാഷ്ട്രീയനേതാക്കളും സമുദായശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോട് സർവാത്മനാ സഹകരിക്കുമെന്നും പ്രസ്താവനയിൽ ബിഷപ് വ്യക്തമാക്കി. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണ് കേരളീയ പാരമ്പര്യം. അതിന് ഒരുവിധത്തിലും കോട്ടം തട്ടാൻ അനുവദിക്കരുത്. വിവിധ മതവിശ്വാസികൾ തമ്മിലെ സാഹോദര്യം മുറുകെപ്പിടിക്കണം.
മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്ന് സംശയിക്കുന്ന കാര്യങ്ങളിൽപോലും അതിവിവേകത്തോടും പരസ്പര ബഹുമാനത്തോടുംകൂടി ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തി സാഹോദര്യത്തിൽ മുന്നോട്ടുപോകാൻ എല്ലാവരും പരിശ്രമിക്കണം. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും അവയുടെ യഥാർഥ ലക്ഷ്യത്തിൽനിന്ന് മാറ്റിനിർത്തി വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണകൾക്കും ഭിന്നതകൾക്കും വഴിതെളിക്കും.
ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണം. സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്ന ഒരുസാഹചര്യവും സൃഷ്ടിക്കാൻ ക്രൈസ്തസഭകളോ സഭാശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. സഭയുടെ ഈ കാഴ്ചപ്പാടിൽനിന്ന് ഒരുസാഹചര്യത്തിലും വ്യതിചലിക്കാതിരിക്കാൻ സഭാംഗങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നേരത്തെ പാലാ ബിഷപ്പ് നടത്തിയ നാർക്കോടിക് ജിഹാദ് വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ സമസ്ത രംഗത്തുവന്നിരുന്നു. ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത വ്യക്തമാക്കി. ഖുർ ആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തിനായി ആണ്. വിവാദ പരാമർശം നടത്തിയ ബിഷപ്പിനെ പ്രോൽസാഹിപ്പിക്കുന്ന തരത്തിലായി സർക്കാർ ഇടപെടൽ. ഇത് തെറ്റാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി വാസവന്റെ നിലപാട് സർക്കാരിന്റേതാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും സമസ്ത കേരള ഇംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ വ്യക്തമാക്കി. ബിഷപ്പ് പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. നാർകോട്ടിക് ജിഹാദ് ഉണ്ടെന്ന് തോന്നുന്നുവെങ്കിൽ അത് സർക്കാരിനോടായിരുന്നു പറയേണ്ടിയിരുന്നത്. ബിഷപ്പിന്റെ അതേ നിലവാരത്തിൽ നമ്മളും പറഞ്ഞാൽ എന്താകും സ്ഥിതി? മതനേതാക്കന്മാർ ഇത്തരത്തിൽ നീങ്ങിയാൽ മതസ്പർധയുണ്ടാകും.
ഇസ്ലാമിൽ നാർക്കോട്ടിക് ജിഹാദും ലൗജിഹാദുമില്ല. ഉത്തരവാദപ്പെട്ടവർ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുകയാണ്. മന്ത്രിമാരുടെ ഭാഗത്തുനിന്ന് അതുണ്ടാവാൻ പാടില്ല. സർക്കാർ ഇത്തരക്കാരെ പ്രോത്സാഹിക്കുന്നോ എന്ന് സംശയമുണ്ട്. സർക്കാർ ബിഷപ്പിനെ ന്യായീകരിക്കുകയാണ്. സർക്കാർ എല്ലാവരുടേതുമാണ്. മന്ത്രിമാരുടെ പ്രസ്താവന വേദനയുണ്ടാക്കി- ജിഫ്രി തങ്ങൾ പറഞ്ഞു.
ക്രിസ്ത്യാനികളിൽ പലരും മുസ്ലിംകളെ വിവാഹം ചെയ്തിട്ടുണ്ട്, തിരിച്ചുമുണ്ട്. ഹിന്ദുക്കളിൽ പലരും മുസ്ലിംകളെ വിവാഹം ചെയ്തിട്ടുണ്ട്. തിരിച്ചുമുണ്ട്. ഇതൊക്കെ മതം അംഗീകരിച്ചിട്ടാകില്ല. രാജ്യത്തെ ഭരണഘടന അനുവദിക്കുന്നതു പ്രകാരം ചെയ്യുന്നതാകാം. മുസ്ലിംകൾ എന്തെങ്കിലും പറഞ്ഞാൽ അത് തീവ്രവാദമാകുന്ന സ്ഥിതിയുണ്ട്. മുസ്ലിംകളിൽ ആരെങ്കിലും ചെയ്യുന്നത് ഒരു സമുദായത്തിന്റെ മേൽ കെട്ടിവയ്ക്കരുത്. മതമേലധ്യക്ഷന്മാർക്ക് ആ മതവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ളവരാണ്. മതങ്ങൾക്കിടയിൽ സൗഹാർദമുണ്ടാക്കുകയാണ് അവരിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നത്. മതമൈത്രിയും സ്നേഹവുമുണ്ടാക്കേണ്ടവരാണ് അവർ-അദ്ദേഹം കൂട്ടിച്ചേര്ത്തു.
മറുനാടന് മലയാളി ബ്യൂറോ