കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിനെ കുറിച്ച് ചർച്ച ചെയ്യാനുള്ള വൈദിക സഭയോഗം ഉപേക്ഷിച്ചു. യോഗത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കത്തതിനെ തുടർന്നാണ് യോഗം ചേരാതിരുന്നത് എന്ന് സഭ പത്രകുറിപ്പിൽ അറിയിച്ചു. അതേ സമയം തനിക്ക് പങ്കെടുക്കാനാകില്ലെന്നും ഇന്നത്തെ യോഗം ഉപേക്ഷിക്കണമെന്നും കർദിനാൾ തന്നെ വൈദിക പ്രതിനിധികളോട് ആവശ്യപ്പെട്ട് കുറിപ്പ് നൽകിയിരുന്നു. ഒരു വിഭാഗം അൽമായർ കർദ്ദിനാലിനെ തടഞ്ഞുവെച്ചതിനെ തുടർന്നാണ് യോഗത്തിൽ എത്താൻ കഴിയാത്തതെന്ന് വൈദിക സെക്രട്ടറി പറഞ്ഞു. മൂന്ന് അൽമായർ ചേർന്ന് ബലമായി തടഞ്ഞെന്നാണ് കർദ്ദിനാൽ തന്നോട് പറഞ്ഞതെന്ന് വൈദിക സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

വൈദിക സമിതി യോഗത്തിലില്ല, പാസ്റ്ററൽ കൗൺസിൽ യോഗത്തിലാണ് കർദ്ദിനാൾ ഇക്കാര്യം ചർച്ച ചെയ്യേണ്ടതെന്ന് നേരത്തെ അൽമായ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു, കർദിനാൾ കാര്യം വിശദീകരിക്കേണ്ടത്. ആവശ്യം അംഗീകരിച്ച് വൈദിക യോഗത്തിൽ പങ്കെടുക്കേണ്ടന്ന് കർദിനാളും സഹായ മെത്രാൻ മാരും തീരുമാനിച്ചു.ഇതേ തുടർന്നാണ് വൈദിക സഭ യോഗം വേണ്ടെന്ന് വച്ചത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചാനലുകളുടെ ചോർന്നെന്നും അൽമായ പ്രതിനിധികൾ കർദിനാളിനെ അറിയിച്ചു.

നേരത്തെ സീറോ മലബാർ സഭ വിവാദ ഭൂമി ഇടപാടിൽ സഭാസമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെയും പരാമർശമുണ്ടായിരുന്നു. കർദ്ദിനാൾ അറിഞ്ഞു തന്നെയാണ് വിവാദ ഭൂമി ഇടപാടുകൾ നടന്നത് എന്നാണ് റിപ്പോർട്ടിലുള്ളത്. പല ഇടപാടുകളും സഭസമിതി അറിയാതെ ദുരൂഹമായാണ് നടന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭൂമി ഇടപാടിൽ അതിരൂപതയ്ക്ക് 34 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ട വൈദികർക്ക് ഭൂമി ഇടപാടിൽ പിഴവ് പറ്റിയെന്നും റിപ്പോർട്ട് പറയുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ടാണ് തർക്കം കൊഴുക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയുടെ വികസനത്തിനായി പണം കണ്ടെത്താൻ തൃക്കാക്കരയിലെ സഭയുടെ സ്ഥലങ്ങൾ വിൽക്കാൻ അതിരൂപത സമിതികളിൽ ആലോചനകൾ നടന്നിരുന്നു. 100 കോടി രൂപയുടെ വിൽപന കരാറിന് സമിതികൾ അംഗീകാരം നൽകി. എന്നാൽ അതിരൂപതയുടെ ധനകാര്യസമിതിയുടെ മാത്രം അറിവോടെ 27 കോടി രൂപ വിലകാണിച്ച് സ്ഥലം സ്വകാര്യവ്യക്തിക്ക് കർദിനാൾ എഴുതി നൽകുകയായിരുന്നു എന്ന് അതിരൂപതയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഒൻപത് കോടി രൂപ മാത്രമാണ് വസ്തുകച്ചവടത്തിൽ രൂപതയ്ക്ക് ലഭിച്ചത്.

നോട്ട് നിരോധനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ ബാക്കി തുക നൽകാൻ കൂടുതൽ സമയം വേണമെന്ന് വാങ്ങിയ ആൾ ആവശ്യപ്പെട്ടു. ശേഷിച്ച തുകയുടെ ഉറപ്പിനായി വാങ്ങിയ ആളുടെ മൂന്ന് സ്ഥലങ്ങൾ അതിരൂപതയ്ക്കായി കർദിനാളിന്റെ പേരിൽ ഈട് നൽകുകയും ചെയ്തു. ഈ സ്ഥലങ്ങളിൽ ചിലത് പരിസ്ഥിതി ദുർബല മേഖലയിൽപെട്ടതാണെന്ന് ഇവർ ആരോപിക്കുന്നു. ഇതോടെയാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ ഉന്നയിച്ച് അതിരൂപതയിലെ ഒരു വിഭാഗവും ചില മെത്രാന്മാരും രംഗത്തെത്തിയത്.

കൊച്ചി തൃക്കാക്കര നൈപുണ്യ സ്‌കൂളിന് എതിർവശമുള്ള 70.15 സെന്റ്, തൃക്കാക്കര ഭാരതമാത കോളെജിന്റെ എതിർവശമുള്ള 62.33 സെന്റ്, തൃക്കാക്കര കരുണാലയത്തിന്റെ സമീപമുള്ള 99.44 സെന്റ്, കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള 20.35 സെന്റ്, മരടിലുള്ള 54.71 സെന്റ് എന്നീ സ്ഥലങ്ങളിലുള്ള ഭൂമിയാണ് (മൊത്തം 306.98 സെന്റ്) വിൽപ്പന നടത്തിയിരിക്കുന്നത്. 27.30 കോടി രൂപയ്ക്കാണ് വിൽപ്പന ഉറപ്പിച്ചത്. അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമത് ഒരുകക്ഷിക്കോ കക്ഷികൾക്കോ സ്ഥലങ്ങൾ മുറിച്ചു നൽകാൻ പാടില്ലെന്ന കരാർ ലംഘിച്ച് 36 പേർക്കായാണ് സ്ഥലങ്ങൾ വിറ്റത്. 2016 മെയ് 21 നാണ് വിൽപ്പന നടന്നത്. ഒരു മാസത്തിനകം തുക നൽകണമെന്നായിരുന്നു കരാറെങ്കിലും ഒന്നര വർഷത്തിനകം സഭയ്ക്ക് ലഭിച്ചത് 9.13 കോടി രൂപമാത്രമാണ്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനഡിന്റെ അടിയന്തരയോഗം ചേർന്നിരുന്നു. വിവാദങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സഹായമെത്രാന്മാരായ സെബാസ്റ്റ്യൻ എടയന്ത്രത്തും ജോസ് പുത്തൻവീട്ടിലും മുൻകൈ എടുക്കണമെന്നും സിനഡ് നിർദ്ദേശിച്ചിരുന്നു. അതേസമയം, ഭൂമി വിൽപനയിൽ തനിക്ക് സാങ്കേതികപ്പിഴവ് മാത്രമാണ് ഉണ്ടായതെന്ന് കർദിനാൾ ആലഞ്ചേരി സിനഡിൽ വ്യക്തമാക്കി.