തൊടുപുഴ: തൊമ്മൻകുത്തിനു സമീപം ബാങ്ക് ജീവനക്കാരനെ റബർത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്നു പൊലീസ്. കേസിൽ ഓട്ടേഡ്രൈവർ ദർഭത്തൊട്ടി ആശാരിപറമ്പിൽ സൂരജിനെ (28) കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ശ്വാസംമുട്ടിയാണ് മരണമെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ, തൊടുപുഴ ഡിവൈഎസ്‌പി എൻ.എൻ.പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സൂരജ് അറസ്റ്റിലായത്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കഞ്ഞിക്കുഴി ശാഖയിലെ കാഷ്യർ തൊമ്മൻകുത്ത് പാലത്തിങ്കൽ ജോർജുകുട്ടിയെ (തങ്കച്ചൻ 51) വ്യാഴാഴ്ച രാവിലെയാണ് റബർത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസും നാട്ടുകാരും ബന്ധുക്കളുമുൾപ്പെടെ സ്വാഭാവികമരണമെന്നാണ് കരുതിയത്. മൃതദേഹത്തിൽ പുറമേക്ക് യാതൊരുവിധ പരിക്കുകളോ ചോരപ്പാടുകളോ ഇല്ലായിരുന്നു. എന്നാൽ മൃതദേഹം പരിശോധിച്ച കോട്ടയം മെഡിക്കൽ കോളേജിലെ സർജൻ കഴുത്തിന്റെ ഉള്ളിലുണ്ടായ മുറിവുകൾ കണ്ടെത്തിയതോടെയാണ് കൊലപാതകത്തെക്കുറിച്ച് ആദ്യ സൂചന ലഭിച്ചത്. കഴുത്തിനുള്ളിലെ ഞരമ്പുകളും ശ്വാസനാളവും പൊട്ടിത്തകർന്നിരുന്നു. പതിനഞ്ചിലേറെ മുറിവുകളാണ് കഴുത്തിന്റെ ആന്തരികഭാഗങ്ങളിൽ മാത്രമുണ്ടായിരുന്നതെന്നാണ് സർജൻ പൊലീസിനോട് പറഞ്ഞത്. ജോർജിനേക്കാൾ ഉയരമുള്ളയാൾ ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയതെന്നും സർജൻ സൂചന നൽകി.

ഇതോടെ അന്വേഷണം തുടങ്ങി. ജോർജ് അവസാനമായി സംസാരിച്ചത് മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് താമസിക്കുന്ന സ്ത്രീയുടെ നമ്പരിലാണെന്ന് കണ്ടെത്തി. ഇവരെ ചോദ്യംചെയ്തതിൽനിന്ന് സൂരജിനെക്കുറിച്ചുള്ള സൂചന ലഭിച്ചു. ഇതോടെ വ്യാഴാഴ്ച വൈകീട്ട് സൂരജിനെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ 11.30-ഓടെയാണ് ഇടുക്കി ഡോഗ് സ്‌ക്വാഡിലെ സ്റ്റെഫി എന്ന നായയെ കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചത്. ഇതറിഞ്ഞ് നൂറുകണക്കിനാളുകളും സ്ഥലത്ത് തടിച്ചുകൂടി. ആളുകളെ നിയന്ത്രിക്കാനാവാതെവന്നതിനാൽ സ്റ്റെഫിയെ പുറത്തിറക്കാൻ അന്വേഷണസംഘം ആദ്യം തയ്യാറായില്ല.

ഏതാനും സമയത്തിനുശേഷം പുറത്തിറങ്ങിയ സ്റ്റെഫി മൃതദേഹം കിടന്ന സ്ഥലത്തെത്തി മണംപിടിച്ചശേഷം സമീപത്തെ റബർതോട്ടത്തിലൂടെ ഓടി വണ്ണപ്പുറം-തൊമ്മൻകുത്ത് റോഡ് കടന്ന് സമീപത്തുതന്നെ സൂരജ് താമസിക്കുന്ന വീട്ടിലെത്തി. മുറ്റത്ത് കിടന്ന സൂരജിന്റെ ഓട്ടോയിൽ മണംപിടിച്ചശേഷം വീടിന് ചുറ്റും ഓടി മുൻവശത്ത് വന്ന് നിന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽതന്നെ വീടിനുള്ളിലേക്ക് കടന്ന സ്റ്റെഫി നേരെ സൂരജിന്റെ കിടപ്പറയിലെത്തി കട്ടിലിൽ കയറി കിടക്കുകയായിരുന്നു. അങ്ങനെ പൊലീസ് പ്രതിയെ ഉറപ്പിച്ചു. സൂരജിന് കുറ്റസമ്മതവും നടത്തേണ്ടി വന്നു.

ഒരു യുവതിയുമായുള്ള അടുപ്പത്തിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. സ്നേഹത്തിലായിരുന്ന യുവതി അകലാനിടയായത് ജോർജുകുട്ടിയുടെ ഇടപെടൽ മൂലമാണെന്ന നിഗമനത്തിലാണ് കൊലപാതകമെന്ന് സൂരജ് പൊലീസിനു മൊഴി നൽകി. ബുധൻ രാത്രി പതിനൊന്നോടെ റബർത്തോട്ടത്തിലൂടെ പോയ ജോർജുകുട്ടിയെ പിന്നിൽ നിന്നു കൈകൊണ്ട് മൂക്കും വായും പൊത്തിപ്പിടിച്ച ശേഷം കഴുത്തിൽ ഞെക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സൂരജ് പറഞ്ഞു. ജോർജുകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിൽ സംസ്‌കരിച്ചു.