ജോർജ് പുളിക്കൻ തോറ്റചരിത്രം കേട്ടിട്ടുണ്ടോ? വിമോചന സമരം മുതൽ ചുംബന സമരം വരെയുള്ള മുദ്രാവാക്യങ്ങളുമായി ജോർജ് പുളിക്കന്റെ പുസ്തകം: ചിത്രം വിചിത്രം അവതാകരന്റെ പുസ്തകം വി എസ് അച്യുതാനന്ദൻ പ്രകാശനം ചെയ്യുമ്പോൾ രമേശ് ചെന്നിത്തല ഏറ്റുവാങ്ങും

മുദ്രാവാക്യമെന്നാൽ രാഷ്ട്രീയപാർട്ടികൾ സമരത്തിനുപയോഗിക്കുന്ന വെറുമൊരു ആയുധം മാത്രമല്ല. ഒരു സാമൂഹ്യചരിത്രത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് എന്ന് സ്ഥാപിക്കുകയാണ് പ്രമുഖ ടെലിവിഷൻ സറ്റയറിസ്റ്റ് ജോർജ്ജ് പുളിക്കൻ തോറ്റചരിത്രം കേട്ടിട്ടില്ല എന്ന പുസ്തകത്തിലൂടെ. മലയാളം ടെലിവിഷൻ ചാനലുകളിൽ സറ്റയറിസ്റ്റ് എന്ന നിലയിൽ സ്വന്തം ഇടം അടയാളപ്പെടുത്തിയ ജോർജ്ജ് പുളിക്കൻ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് തലസ്ഥാനത്ത് നടക്കും.

പൊളിട്രിക്സ്, ധിംതരികിടതോം തുടങ്ങിയ വിമർശനഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ പുളിക്കൻ ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിലെ പ്രതിദിന സറ്റയർ പരിപാടിയായ ചിത്രംവിചിത്രത്തിന്റെ നിർമ്മാതാവും അവതാരകനുമാണ്. നേരത്തെ പ്രസംഗകല, വിറതാങ്ങിക്കു ചുറ്റും എന്നീ പുസ്തകങ്ങളുടെ കർത്താവുകൂടിയാണ് പുളിക്കൻ.

തിരുവനന്തപുരത്ത് ഡിസി ബുക്സിന്റെ പുസ്തകമേളയുടെ തുടക്കമായി ഇന്ന് നടക്കുന്ന പ്രകാശനച്ചടങ്ങിൽ ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ പുസ്തകം പ്രകാശനം ചെയ്യും. രമേശ് ചെന്നിത്തല സ്വീകരിക്കും. വിഡി സതീശൻ, പന്ന്യൻ രവീന്ദ്രൻ, വി മുരളീധരൻ, എംജി രാധാകൃഷ്ണൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

ഇരുപതാംനൂറ്റാണ്ടിൽ കേരളത്തിന്റെ ഗതിവിഗതികളെ നിർണയിക്കുകയും മുന്നോട്ട് നയിക്കുകയും ഒക്കെ ചെയ്ത സംഭവങ്ങളെ അടയാളപ്പെടുത്തുന്ന മുദ്രാവാക്യങ്ങളുടെ സമാഹാരമാണ് തോറ്റചരിത്രം കേട്ടിട്ടില്ല എന്ന പുസ്തകം. മലയാളത്തിലെ സാമൂഹ്യചരിത്രപഠനത്തിൽ വ്യത്യസ്തമായ ഒരുസംരംഭമാണ് ഈ മുദ്രാവാക്യപഠനം. 1960 മുതൽ കേരളത്തിന്റെ ആധുനിക ചരിത്രം സൃഷ്ടിച്ച സാമൂഹ്യസംഭവങ്ങളെ അതേ ആവേശത്തിൽ വരച്ചുകാട്ടുന്ന മുദ്രാവാക്യങ്ങളുടെ സമാഹാരമാണിത്.

കേരള രൂപീകരണം മുതലിങ്ങോട്ട് പശ്ചിമഘട്ടത്തെ പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യങ്ങൾ നവതലമുറയ്ക്ക് ചരിത്രത്തിലേക്കുള്ള ഒരുസഞ്ചാരം കൂടിയാണ്. വിമോചനസമരം, അടിയന്തിരാവസ്ഥ, വിദ്യാഭ്യാസപരിഷ്‌കരണം, വിവിധ രാഷ്ട്രീയപാർട്ടികളുടെ മുന്നേറ്റങ്ങൾ തുടങ്ങി ഏറ്റവും ഒടുവിൽ സോളാർ സമരവും ചുംബനസമരവും വരെ ഏറ്റെടുത്ത സമൂഹം ഉറക്കെയുറക്കെ വിളിച്ച മുദ്രാവാക്യങ്ങളാണ് തോറ്റചരിത്രം കേട്ടിട്ടില്ല എന്ന പുസ്തകത്തിലുള്ളത്.