ന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല! നമ്മുടെ ജനപ്രിയ നായകൻ ദിലീപിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഈ ലേഖകന് തോന്നാറുള്ളത് ഇങ്ങനെയാണ്. മലയാളത്തിലെ മിക്ക അഭിനേതാക്കളും ചുറ്റുമുണ്ടാകുന്ന മാറ്റങ്ങളെയും, നവതരംഗ സിനിമയുടെ സ്വാധീനവുമൊക്കെ മനസ്സിലാക്കി ഗിയർമാറ്റുമ്പോൾ ദിലീപ് മാത്രം അറുപഴഞ്ചൻ ശൈലിയിൽ, സൂപ്പർസ്റ്റാർ സരോജ് കുമാർ പറഞതുപോല' ചുറ്റിക്കളി തട്ടിക്കളിയുമായി'കഴിയുകയാണ്.എത്രകണ്ട് വിമർശനം ഉണ്ടായാലും തന്റെ ചിത്രങ്ങളുടെ ചിരപുരാതനമായ ഫോർമുലാ സ്വഭാവം അദ്ദേഹം കൈവിടില്ല.അതുകൊണ്ടുതന്നെയാണ്, ശൃഗാരവേലനേതാണ്, നാടോടിമന്നനേതാണ്, മൈബോസ് ഏതാണ്, ടു കൺട്രീസ് ഏതാണ് എന്നൊക്കെ ടൈറ്റിൽ കണ്ടില്‌ളെങ്കിൽ സാധാരണ പ്രേക്ഷകന് സംശയം വരാറുള്ളത്. പക്ഷേ ഈ ഫോർമുലാ പടങ്ങളിൽ നല്‌ളൊരു പങ്കും സാമ്പത്തികമായി വിജയിക്കുകയും ചെയ്യും.

അത്തൊരമൊരു ടിപ്പിക്കൽ ദിലീപ് ഫെസ്റ്റിവൽ സിനിമയാണ സംവിധായകൻ കെ.ബിജുവിനും, ബിജുവിനൊപ്പം രചന നിർവഹിച്ച വി.വൈ രാജേഷും 'ജോർജേട്ടന്റെ പൂരമായി' കെട്ടി എഴുന്നള്ളിക്കുന്നത്.പക്ഷേ ഇക്കുറി പണി പാളിയെന്നാണ് തോനുന്നത്.അവധിക്കാല തിരക്കിൽപെട്ട് ഇടികൂടി ടിക്കറ്റെടുത്ത ജനം,'ഇത് ജോർജേട്ടന്റെ പുരമല്‌ളെടാ, പതിനാറടിയന്തരമാണ്' എന്ന് പ്രാകിക്കൊണ്ടാണ് തീയേറ്റർ വിടുന്നത്. മഞ്ജുവാരിയരുമായി പിരിഞ്ഞതിന് ശേഷം ദിലീപിന് കഷ്ടകാലമാണെന്ന് ട്രോളന്മാർ പാടി നടക്കുന്നതിലും കാര്യമില്ലാതില്‌ളെന്ന് തീയേറ്ററിലെ കൂവൽ കേൾക്കുമ്പോൾ തോനുന്നു.അടുത്തകാലത്തുണ്ടായ ചില വിവാദങ്ങളിൽപെട്ട് ദിലീപിന് പ്രേക്ഷകരുടെ മുന്നിലുണ്ടായിരുന്ന 'അയലത്തെ വീട്ടിലെ പാവം പയ്യൻ' എന്ന ഇമേജിലും ഇടിവ് വന്നിരുക്കുന്നെന്ന്, തീയേറ്റർ റെസ്‌പോൺസ് കണ്ടപ്പോൾ സംശയം തോനുന്നു.

നന്നായി തുടങ്ങി വിരസതയിലേക്ക്

പക്ഷേ യുക്തി ഭദ്രമായി കഥ വികസിപ്പിക്കാൻ ശ്രദ്ധിക്കുയാണെങ്കിൽ ഈ പടത്തിന്റെ റിസൾട്ട് എത്രയോ മാറുമായിരുന്നു. പ്രതീക്ഷയർപ്പിക്കാവുന്ന ഒരു തുടക്കമാണ് ചിത്രത്തിന്റെത്. നമ്മുടെ നാട്ടിൻപുറങ്ങളിലൊക്കെ ഇപ്പോഴും വയോധികർക്ക് ചീട്ടുകളിച്ച് സമയം കൊല്ലാനും, യുവാക്കാൾക്ക് സൊറ പറഞ്ഞിരിക്കാനും, കുട്ടികൾക്ക് കളിക്കാനുമൊക്കെ ഉപയോഗിക്കാൻ കഴിയുന്ന കുറെ വെളിമ്പ്രദേശങ്ങൾ കാണം. നാട്ടുകാരല്ലാതെ അതിന് പ്രത്യേകിച്ച് അവകാശികൾ കാണില്ല. അതിന്റെ ഉടമകൾ ആരാണെന്ന്‌പോലും ഏവരും മറന്നുപോയിരക്കും. ഈ ചലച്ചിത്രവും അത്തരമൊരു ഗ്രൗണ്ടും, അതിനോട് ചേർച്ച ഒരു വാട്ടർ ടാങ്കും അവിടുത്തെ 'അന്തേവാസികളായ' കുറച്ച് ചെറുപ്പക്കാരുടെയും കഥയാണ്.

ഇന്ത്യക്ക് നിരവധി മെഡലുകൾ നേടിത്തന്ന മത്തായി എന്ന മൺമറഞ്ഞ കബഡി ചാമ്പ്യൻ, സ്ഥലത്തെ പള്ളിയുടെ പേരിൽ എഴുതിനൽകിയ, ഇപ്പോൾ 'മത്തായിപ്പറമ്പ്' എന്ന് വിളിക്കപ്പെടുന്ന സ്ഥലമാണത്. ഒരു ജോലിയും കൂലിയുമില്ലാതെ ജീവിക്കുന്ന നായകൻ ജോർജേട്ടന്റെയും (ദിലീപ്) കൂട്ടുകാരുടെയും (വിനയ് ഫോർട്ട്, ഷറഫുദ്ദീൻ തുടങ്ങിയവർ ) ജീവിതം. വാട്ടർടാങ്കിനുമുകളിലെ മദ്യപാനവും വായ്‌നോട്ടവുമൊക്കെയായി അവർ ജീവിതം ആഘോഷിക്കുന്നു.അങ്ങനെ അവർ സ്വന്തമെന്ന് കരുതുന്ന ഈ മണ്ണിന് പുതിയൊരു അവകാശി വന്നാലോ. ഗ്രൗണ്ട് തിരിച്ചുപിടിക്കാനുള്ള ജോർജേട്ടന്റെയും കൂട്ടുകാരുടെയും കഠിന ശ്രമമാണ് ഈ പടത്തിന്റെ രത്‌നച്ചുരുക്കം.

ഒട്ടും മുഷിയാതെയാണ് നായകന്റെയും കൂട്ടകാരുടെയും ബാല്യം ചിത്രീകരിച്ചിരിക്കുന്നത്. മാത്യൂസ് വടക്കൻ എന്ന പുരോഹിതന്റെ (രൺജി പണിക്കർ) മൂന്ന് മക്കളിൽ മൂത്തവനാണ് ജോർജ് വടക്കൻ. ഇതിന് ഒരു കൈയടി തിരക്കഥാകൃത്ത് വി.വൈ രാജേഷിന് കൊടുക്കണം. കടുംബജീവിതം നയിക്കാവുന്ന വികാരിമാരുടെ കഥ, എം ടി-പവിത്രൻ ടീമിന്റെ 'ഉത്തര'ത്തിലൊക്കെ ഒഴിച്ചാൽ മലയാളത്തിൽ അധികം കണ്ടിട്ടില്ല. തന്റെ വഴി പിന്തുടരണമെന്നാണ് മാത്യൂസിന്റെ ആഗ്രഹമെങ്കിലും,അയാൾ അപ്പൻ നന്നാക്കാനായി തന്റെ കൈയിൽ ഏൽപ്പിച്ച മൂന്ന് കുട്ടികൾക്കൊപ്പം കൂടി അവരെക്കാൾ മെച്ചപ്പെട്ട ഒരു തല്ലിപ്പൊളിയാവുകയാണ്.ആ ബാല്യവും അതിന്റെ കുസൃതികളുമൊക്കെ ശ്രദ്ധേയമാക്കി തുടങ്ങുന്ന ചിത്രത്തിന്റെ കഥ പിന്നീടങ്ങോട്ട് തനി പൊട്ടത്തരത്തിലേക്ക് നീങ്ങുകയാണ്.

മ്ലേച്ചന്മാരായ കുറെ ജന്മങ്ങൾ

ഒരു ഗ്രാമത്തിന്റെയും നാട്ടുകാരുടെയും കഥപറയുകയാണെന്ന് പറഞ്ഞ് ഒന്നിനും കൊള്ളാത്ത മ്ലേച്ചന്മാരായ കുറേ ജന്മങ്ങളെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്.( ലൈഫ് ഓഫ് ജോസൂട്ടിയെന്ന സിനിമയിലും സമാനമായ ഒരു മ്ലേച്ച കഥാപാത്രത്തെയാണ ദിലീപ് അവതരിപ്പിച്ചത്.) നാട്ടിൻ പുറങ്ങളിൽ അമ്പലപ്പറമ്പിലും ആൽത്തറിയിലും ഗ്രൗണ്ടുകളിലുമൊക്കെ ഇരിക്കുന്നവർ ഇതുപോലെ ഒരു പണിക്കും പോവാതെ ഭൂമിക്ക് ഭാരമായി നടക്കുന്നവരല്ല.

ഇനി ഈ പടത്തിലെ ജോർജേട്ടന്റെയും കൂട്ടരുടെയും വിക്രിയകളുടെ ചില സാമ്പിളുകൾ നോക്കുക. ശല്യം സഹിക്കവയ്യാതെ നമ്മുടെ ജോർജേട്ടന്റെ കൂട്ടുകാരനോട് ( വിനയ്‌ഫോർട്ട് ചെയ്ത കഥാപാത്രം) വീട്ടിൽനിന്ന് ഇറങ്ങിപ്പോൻ സ്വന്തം പിതാവ് പറയുമ്പോൾ അയാൾ അപ്പന്റെ ഡ്രസ്സ് പാക്ക് ചെയ്തുകൊണ്ടുവരികയാണ്. അതായത് വയസ്സുകാലത്ത് അപ്പൻ വീട്ടിൽനിന്ന് ഇറങ്ങിക്കോയെന്ന്. ഇതിലൊക്കെ എന്ത് കോമഡിയാണുള്ളത്. തീർന്നില്ല, അതിലും ചളി വരാനിരിക്കുന്നതേയുള്ളൂ. അതേ കൂട്ടുകാരന് പെണ്ണുകാണാനായ നമ്മുടെ ജോർജേട്ടനും കൂട്ടരും ഒരു വീട്ടിലേക്ക് പോകുയാണ്.അവിടെവെച്ച് ആദ്യ കാഴ്ചയിൽ തന്നെ പെണ്ണിന്റെ അപ്പനോട് നമ്മുടെ ജോർജേട്ടൻ രണ്ടായിരം രൂപ കടം വാങ്ങുകയാണ്. സുഹൃത്തിന് കൊടുക്കുന്ന സ്ത്രീധനത്തിൽ കിഴിച്ചാൽ മതിയെന്ന് പറഞ്ഞ്. തുടർന്ന് പെണ്ണിനെ കാണിക്കാതിരുന്ന അയാളെ ബലമായി തടഞ്ഞുവെച്ച് ജോർജേട്ടനും കൂട്ടരും പെണ്ണ് കാണുകയാണ്.വെള്ളരിക്കാപ്പട്ടണത്തിലെ കോമഡി തന്നെ.

ഇങ്ങനെ അസംബന്ധ തമാശകളുടെ പെയ്ത്താണ് ചിത്രം മുഴുവൻ. നായികയെ കാണാനായി ഒരു പരിചയുമില്ലാത്തയാളുടെ വീട്ടിനുള്ളിലേക്ക് ഓടിക്കയറി ഗൃഹനാഥൻ പുറത്തുനിൽക്കേ എല്ലാ മുറിയിലും കയറിയിറങ്ങുന്ന നായകൻ,അച്ഛനോട് പിണങ്ങി വാട്ടർടാങ്കിനുമുകളിൽ താമസിക്കാൻ വരുന്ന നായകൻ,അയാൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാനെന്നോണം കുടുംബത്തെ ഉപേക്ഷിച്ച് വാട്ടർ ടാങ്കിന് മുകളിലേക്ക് വരുന്ന കൂട്ടുകാർ... ഇങ്ങനെപോവുന്ന ഊളമ്പാറ കോമഡികളുടെ നീണ്ട നിര.കൈ്‌ളമാകസ് എത്തുമ്പോഴേക്കും അസംബന്ധങ്ങളുടെയും വിവരക്കേടിന്റെയും സംസ്ഥാന സമ്മേളനങ്ങളാണ്.പക്ഷേ നമ്മുടെ തെറിച്ച കുട്ടികൾ കഥാന്ത്യത്തിൽ മാനസാന്തരപ്പെട്ട് കുഞ്ഞാടുകൾ ആവുകയും ചെയ്യും.

കബഡികളി ഒന്ന് യൂട്യൂബിലെങ്കിലും കണ്ടുകൂടെ മിസ്റ്റർ

ഒന്നാം പകുതയിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പകുതി ഒരു സ്പോർട്സ് ഡ്രാമായക്കാനാണ് സംവിധയകൻ ശ്രമിച്ചത്. പക്ഷേ അതിനായുള്ള കബഡി മത്സരമാവട്ടെ തിരക്കഥയിലെ പൊട്ടത്തരങ്ങൾ പ്രകടമാക്കുന്നതാണ്. മാത്രമല്ല ഗ്രൗണ്ടിന്റെ അവകാശി ആരെന്ന് അറിയാനുള്ള ധർമ്മയുദ്ധം കൂടിയാണിത്. ഒരു തവണയെങ്കിലും കബഡി കണ്ടവർ ഈ രീതിയിലൊന്നും ചിത്രീകരിക്കില്ല. കബഡിയെന്നാൽ ആളുകളുടെ നെഞ്ചത്ത് ചവിട്ടി മറിച്ചിട്ടും തല്ലിയൊതുക്കിയും ജയിക്കേണ്ട ഒരു മൃഗീയ കളിയാണെന്നാണ് കൈ്‌ളമാക്‌സിലെ ജോർജേട്ടന്റെ പരാക്രമമൊക്കെ കണ്ടാൽ തോന്നുക. കഷ്ടം തന്നെ.യൂട്യൂബിലെങ്കിലും ഒരു തവണ കബഡി കണ്ടുകൂടെ മിസ്റ്റർ നിങ്ങൾക്ക്. അല്‌ളെങ്കിൽ നായകനെ പർവതീകരിക്കാനായി ഈ രീതിയിൽ വിടൽസ് ബോധപുർവം കലർത്തിയതാണോ. അങ്ങനെയാണെങ്കിൽ കബഡി അസോസിയേഷനൊക്കെ ഈ പടത്തിനെതിരെ കേസുകൊടുക്കേണ്ടതുണ്ട്.

ഈ കളിക്ക് അതിന്റെതായ കൃത്യമായ ഫൗൾ നിയമങ്ങളുണ്ട്. ഒരുത്തനെ ചവിട്ടി മലർത്തിയിട്ട് വിജയിക്കുന്ന ഗെയിമല്ല അത്. കബഡി ടൂർണമെന്റുകൾ കേരളത്തിൽ കുറവാണെന്ന് കരുതി ഇങ്ങനെ പ്രേക്ഷകനെ ഫൂളാക്കാമോ. ഫുട്ബോൾ കളിയെക്കുറിച്ചുള്ള ഒരു കൈ്‌ളമാക്‌സിൽ നായകൻ സഹതാരങ്ങളെയൊക്കെ ചിവിട്ടി താഴെയിട്ട് ഗോളടിച്ച് എന്നു കാണിച്ചാൽ അതെത്ര ബോറായിരിക്കും. ഈ കബഡികളിയിൽ ആരു ജയിക്കുമെന്ന ടെൻഷനൊന്നും, ജനപ്രിയ നായകൻ അപ്പുറത്തുള്ളതുകൊണ്ട് പ്രേക്ഷകർക്ക് വേണ്ട. എന്തിനും ഒരു ലോജിക്ക് വേണ്ടെ മാഷേ? ദേശീയതാരങ്ങൾ ഉൾപ്പെട്ട ബഡാ കബഡി ടീമിനെയാണ്, നമ്മുടെ ജോലിയും കൂലിയുമില്ലാത്ത ഒന്ന് എക്‌സൈസ് ചെയ്യാൻപോലും മടിയുള്ള നായകനും കൂട്ടരും എതാനും ദിവസത്തെ പരിശീലനത്തിനിടയിൽ മലർത്തിയടിക്കുന്നത്! ( കബഡി അങ്ങനെ ഏതാനും ദിവസങ്ങൾകൊണ്ട് പടിച്ചെടുക്കാനും ആവില്ല.

ഡൈവിങ്ങും ജമ്പിങ്ങുമൊക്കെ ശ്രദ്ധിച്ചില്‌ളെങ്കിൽ കഴുത്തൊടിഞ്ഞ് മരണം വരെ സംഭവിക്കാം) ആമിർഖാന്റെ ലഗാൻ തൊട്ട് ചക്തേ ഇന്ത്യയും, തമിഴിലെ വെണ്ണിലാ കബഡിക്കൂട്ടവും, നമ്മുടെ കരിങ്കുന്നം സിക്‌സസ്വരെയുള്ള സ്പോർട്സ് ഡ്രാമാ സിനിമകളിൽ യുക്തിയെ വളരെ കൃത്യമായി ചേരുമ്പടി ചേർത്തിട്ടുണ്ട്. എന്നാൽ ഇവിടെ നിങ്ങൾ തലച്ചോർ തുരന്നെടുത്തുവേണം കബഡി കാണാൻ. സുശീന്ദ്രൻ സംവിധാനം ചെയ്ത വെണ്ണിലാ കബഡിക്കുട്ടവും, ജോർജേട്ടനും താരതമ്യം ചെയ്താൽ മനസ്സിലാവും നമ്മുടെ പ്രതിഭാദാരിദ്രം.സ്ഥിരമായി തോൽക്കുന്ന ഒരു കബഡി ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്ന കഥയിലുടെ, പ്രണയവും യുവത്വത്തിന്റെ ആഘോഷവുമെല്ലാം എത്ര യുക്തിഭദ്രവും റിയലിസ്റ്റിക്കുമായാണ് 'വെണ്ണിലാ കബഡിക്കൂട്ടം' കൈകാര്യം ചെയ്തിരിക്കുന്നത്.ഇവന്മാരൊക്കെ അതൊന്ന് കണ്ടുനോക്കണം.

അല്‌ളെങ്കിലും ദിലീപേട്ടന്റെ താരപദവിക്ക് മുന്നിൽ ഇതൊന്നും പോര.അടുത്ത പടം ക്രിക്കറ്റിനെ കുറിച്ചാക്കണം. സച്ചിൻ ടെണ്ടുൽക്കറും,ധോണിയും,വിരാട് കോഹ്ലിയും അടങ്ങുന്ന സംഘം വരട്ടെ. നമ്മുടെ ദിലീപേട്ടന്റെ നേതൃത്വത്തിലുള്ള ലോക്കൽസ്, രണ്ടാഴ്ചത്തെ പരിശീലനം കൊണ്ട് പഞ്ചറാക്കും. അതും ദിലീപേട്ടൻ അവസാന ഓവറിൽ ആറു സിക്‌സർ പറത്തിക്കൊണ്ട്!

പകിട്ട് കുറഞ്ഞ് ദിലീപും രഞ്ജിപണിക്കരും

സാധാരണ ബോറായ ചിത്രങ്ങളിയും ദിലീപിന്റെ പ്രകടനം മോശമാവാറില്ല. പക്ഷേ ഈ പടത്തിൽ പലപ്പോഴും ദിലീപ് മിസ്‌കാസ്റ്റിങ്ങ് പോലെ തോനുന്നു. തൃശൂർ ഭാഷയിലുള്ള ഡയലോഗ് ഡെലിവറിയും നന്നായിട്ടില്ല. ദിലീപിന്റെ പ്രായത്തിനും ചേരാത്ത കഥാപാത്രമാണിത്.ഈ ചെറുപ്പക്കാരുടെ സംഘത്തിന് പരമാവധി 30 വയസ്സുമാത്രമേ സങ്കൽപ്പിക്കാൻ കഴിയൂ. അതിന്റെ വിമ്മിഷ്ടം ദിലീപിന്റെ ചില ക്‌ളോസപ്പ് സീനുകളിൽ പ്രകടവുമാണ്.ഈ ഗഡിയെ ജോർജേട്ടൻ എന്ന് പേരിട്ടിതും എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ചിത്രത്തിൽ മിക്കവരും അയാളെ 'ജോർജേ' എന്നുതന്നെയാണ് വിളിക്കുന്നതും.

അഭിനയിച്ച മിക്ക സിനിമകളിലും വേറിട്ടൊരു രീതയിൽ പ്രേക്ഷകനെ ആകർഷിക്കാൻ കഴിയുന്ന രഞ്ജി പണിക്കറും ഈ പടത്തിൽ പാളി.വായിൽ ചൂടുവെള്ളം ഒഴിച്ച രീതിലാണ് അദ്ദേഹം തൃശൂർ സ്‌ളാങ്ങൊക്കെ കൈകാര്യം ചെയ്യുന്നത്. ലൊക്കേഷൻ തൃശൂരാണെങ്കിൽ പിന്നെ നമ്മുടെ ടി.ജി രവിയില്ലാത്ത ഏർപ്പാടില്ല. കുറ്റം പറയരുതല്ലോ, കഥാപാത്രം ടൈപ്പാണെങ്കിലും രവിയേട്ടൻ പലയിടത്തും കലക്കിയിട്ടുണ്ട്.പക്ഷേ പ്രാഞ്ചിയേട്ടനിലെ പോലെതന്നെ ഈ പടത്തിലും ടി.ജി രവി നായകന്റെ കൈയിൽനിന്ന് മാത്രമേ കാശുവാങ്ങൂ. ഇത്തവണ ആയിരവും അഞ്ചൂറുമൊക്കെ വിട്ട് വെറും പത്തുരൂപയാണെന്ന് മാത്രം.

മികച്ച നടിക്കുള്ള പോയവർഷത്തെ സംസ്ഥാന അവാർഡ്‌നേടിയ രജിഷാ വിജയൻ ഈ ചിത്രത്തിലും വളരെ സ്വാഭാവികമായാണ് അഭിനയിച്ചിട്ടുള്ളത്.ആവശ്യത്തിലധികം ശബ്ദമുണ്ടാക്കുന്ന നായകന്റെയും കൂട്ടരുടെയും ഇടയിൽ അധികം സംസാരിക്കാത്ത രജിഷയുടെ നായിക മോശമാക്കിയിട്ടില്ല.ദിലീപിന്റെ കൂട്ടുകാരായി എത്തുന്ന ഷറഫുദ്ദീനും , വിനയ്‌ഫോർട്ടുമാണ് ചിത്രത്തെ തനി ചളമാകുന്നതിൽനിന്ന് രക്ഷിച്ചത്.ഒരു ചായക്കടക്കാരനായി എത്തുന്ന ഹരീഷ് കണാരനും ചിരിപ്പിക്കുന്നുണ്ട്.സുധീർ കരമനയുടെ പാവത്താൻവേഷവും ചെമ്പൻ വിനോദിന്റെ വില്ലനും ആവറേജിൽ ഒതുങ്ങുന്നു.ഗോപി സുന്ദറിന്റെ ഗാനങ്ങൾ തീയേറ്റർ വിട്ടാൽ തീരുന്നവയാണ്്.

വാൽക്കഷ്ണം: പക്ഷേ ഒരുകാര്യത്തിൽ പ്രേക്ഷകർ ദിലീപിനോട് കടപ്പെട്ടിരിക്കുന്നു. നാട്ടിൻ പുറത്തെ ലോക്കലുകളുടെ കഥയെന്ന് കേട്ടപ്പോൾ മദ്യപാന-പുകവലി സമ്മേളനങ്ങൾ നിറയെ ഉണ്ടാകുമെന്നാണ് കരുതിയത്. അത്രക്കില്ല. ജനപ്രിയനായകന്റെ ചിത്രങ്ങളിൽ പതിവായ സ്ത്രീവിരുദ്ധതയും അശ്‌ളീലവും ദ്വയാർഥപ്രയോഗവും ഈ പടത്തിൽ കുറച്ചിട്ടുണ്ട്. എന്നാൽ ഒഴിവാക്കിയിട്ടില്ല.(ഇരുനിറക്കാരായ ചടച്ച ഒരു രക്ഷിതാക്കൾക്കുണ്ടായ സുന്ദരികൊച്ചിനെ കാണുമ്പോൾ നമ്മുടെ നായകൻ പറയുന്നത് 'എടാ കൊച്ച് ബാഹുബലിയാണെന്നാണ്'.) ഡോസ് അൽപ്പം കുറച്ചിട്ടുണ്ടെന്ന് മാത്രം. ഹണിബീ പോലുള്ള പടങ്ങളിൽ പച്ചത്തെറി യാതൊരു ഉളുപ്പുമില്ലാതെ യുവനായകർ പറയുന്നത് കേട്ടപ്പോൾ, അവധിക്കാല വിപണി ലക്ഷ്യമിട്ടത്തെുന്ന ഈ പടത്തിലും ഭരണിപ്പാട്ടിന്റെ മേളമായിരിക്കുമെന്നാണ്. പേടിക്കേണ്ട അത്രക്കില്ല. മലിനീകരണം കുറച്ചെങ്കിലും കുറഞ്ഞല്ലോ.