സ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി മുമ്പെന്നത്തേക്കാളും വർധിച്ചതോടെ ഏതുനിമിഷവും ശക്തമായ ഭീകരാക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് ജർമനി. അടിയന്തിര സാഹചര്യമുണ്ടായാൽ അത് നേരിടുന്ന തലത്തിലേക്ക് പൗരന്മാരെ ബോധവൽക്കരിക്കാനൊരുങ്ങുകയാണ് ജർമൻ സർക്കാർ.

ആവശ്യമായ ഭക്ഷണവും വെള്ളവും മരുന്നും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങി ശേഖരിക്കാൻ ജനങ്ങളോട് സർക്കാർ ആവശ്യപ്പെടുമെന്നാണ് സൂചന. സിവിൽ ഡിഫൻസ് പ്ലാൻ എന്ന നിലയ്ക്കാണ് ഈ മുൻകരുതലുകൾ സ്വീകരിക്കുന്നത്. ശീതയുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും വിലയിരുത്തപ്പെടുന്നു.

രണ്ട് ഭീകരാക്രമണങ്ങൾ ഉണ്ടായതും മ്യൂണിക്കിൽ ഉണ്ടായ വെടിവെപ്പുമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് ജർമനിയെ നയിച്ചത്. ഭീകരാക്രമണത്തെ നേരിടുന്നതിന് സൈന്യത്തിന് ഏതുനിലയിലുള്ള പോരാട്ടവും വേണ്ടിവന്നേക്കാം. ആ ഘട്ടത്തിൽ ജനങ്ങൾ സുരക്ഷതിരായിരിക്കുന്നതിനാണ് ഇത്തരം അവശ്യവസ്തുക്കൾ മുൻകൂട്ടി ശേഖരിക്കാൻ നിർദ്ദേശം നൽകുന്നത്.

അഞ്ചുദിവസമെങ്കിലും കഴിയാൻ ആവശ്യമായ കുടിവെള്ളവും മറ്റും ശേഖരിക്കാനാണ് ജനങ്ങളോട് സർക്കാർ ആവശ്യപ്പെടുന്നത്. പത്തുദിവസത്തേയ്‌ക്കെങ്കിലും ഓരോരുത്തർക്കും ആവശ്യമായ ഭക്ഷണം കരുതണമെന്നും സർക്കാർ ആവശ്യപ്പെട്ടേക്കും. ഒരു ആക്രമണമുണ്ടായിഅതിൽനിന്ന് രാജ്യം സാധാരണ നിലയിൽ എത്തുന്നതുവരെ പിടിച്ചുനിൽക്കുന്നതിന് ആവശ്യമായ മരുന്ന്, പണം, എന്നിവയും ശേഖരിക്കണമെന്നും നിർദേശമുണ്ടായേക്കും.

പൊലീസ്, മറ്റ് സുരക്ഷാ വിഭാഗങ്ങൾ എന്നിവയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജർമനി ഈ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ സൈബർ ആക്രമണം നേരിടുന്നതിനും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. അതിന് പുറമെയാണ് ജനങ്ങളെ മുൻകരുതലുകൾ എടുക്കാൻ സന്നദ്ധരാക്കുന്നത്.

ഇതുസംബന്ധിച്ച പാർലമെന്ററി സമിതിയുടെ ശുപാർശ അനുസരിച്ചാണ് ഈ നിർദേശങ്ങൾ കൊണ്ടുവരു്‌നത്. 2012-ൽത്തന്നെ ഇത്തരമൊരു ശുപാർശ പാർലമെന്ററി സമിതി നിർദേശിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള നിർദേശങ്ങൾ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.