ബർലിൻ: ജർമൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ച മിനിമം വേജ് പുതുവർഷം മുതൽ നടപ്പാക്കും. ചാൻസലർ ആഞ്ചല മെർക്കലിന്റെ നേതൃത്വത്തിലുള്ള വിശാല മുന്നണി മിനിമം വേജ് സംബന്ധിച്ച് പ്രഖ്യാപനം മാസങ്ങൾക്കു മുമ്പു തന്നെ നടത്തിയിരുന്നു. മിനിമം വേജ് പ്രകാരം മണിക്കൂറിന് എട്ടര യൂറോയായിരിക്കും ഇനി മുതൽ തൊഴിലാളികൾക്ക് പ്രതിഫലമായി ലഭിക്കുക.

രാജ്യത്ത് ആദ്യമായാണ് മിനിമം വേജ് പ്രഖ്യാപിക്കുന്നത്. ദീർഘകാലമായി മിനിമം വേജ് പദ്ധതി പരിഗണനയിലുണ്ടായിരുന്നെങ്കിലും വിവിധ തടസങ്ങളാൽ രാജ്യത്ത് നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയായിരുന്നു. രാജ്യത്ത് മിനിമം വേജ് നടപ്പാക്കുന്നത് ചെറുകിട- ഇടത്തരം ബിസിനസ് സംരംഭകർക്ക് ദോഷം ചെയ്യുമെന്നും തൊഴിലാളികളെ പിരിച്ചുവിടാൻ നിർബന്ധിതരാകുമെന്നുമായിരുന്നു ചാൻസലർ മെർക്കൽ തന്നെ കണ്ടെത്തിയിരുന്ന ന്യായം.

രാജ്യത്ത് മിനിമം വേജ് നടപ്പാക്കുന്നത് മൊത്തം 26 ശതമാനം തൊഴിലാളികൾക്കും 6300 ബിസിനസ് മേഖലകൾക്കും പ്രയോജനപ്പെടും. അതേസമയം 22 ശതമാനം തൊഴിലാളികൾക്ക് ബോണസ് നിഷേധിക്കുകയും മറ്റൊരു 22 ശതമാനം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് ഭയപ്പെടുകയും ചെയ്യുന്നുണ്ട്. മിനിമം വേജ് നടപ്പാക്കുന്നതിന്റെ ഭവിഷ്യത്തുകൾ ഏറ്റവുമധികം ബാധിക്കുക കിഴക്കൻ ജർമനിയെയാണ്.  പടിഞ്ഞാറൻ ജർമനിയുമായി യാതൊരു സാമ്യവും ഇല്ലാത്ത തരത്തിലായിരുന്നു ഇവിടത്തെ കൂലി.

2013-ലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സർക്കാർ രൂപീകരണത്തിന് നേരിട്ട ഏറ്റവും വലിയ പ്രശ്‌നമായിരുന്നു മിനിമം വേജ്. മെർക്കലിന്റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു)യും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ ഇക്കാര്യത്തിൽ പിന്നീട് ധാരണയാകുകയായിരുന്നു. ശേഷം ഇതു പാർലമെന്റിൽ പാസാകുകയും ചെയ്തു.

ഇരുപത്തെട്ട് അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനിൽ 21 രാജ്യങ്ങൾ മാത്രമാണ് മിനിമം വേജ് നടപ്പാക്കിയിരുന്നത്. ജർമനി, ഇറ്റലി, ഡെന്മാർക്ക്, സൈപ്രസ്, ഓസ്ട്രിയ, ഫിൻലാൻഡ്, സ്വീഡൻ എന്നിവിടങ്ങളിലായിരുന്നു മിനിമം വേജ് നടപ്പാക്കാതിരുന്നത്. ഇപ്പോൾ ജർമനിയിലും മിനിമം വേജ് നടപ്പാക്കുന്നതോടെ ആറു രാഷ്ട്രങ്ങളിൽ കൂടി മിനിമം വേജ് ഏർപ്പെടുത്തേണ്ടിയിരിക്കുന്നു.