ബർലിൻ: വിദേശരാജ്യങ്ങളിൽനിന്നു ജർമനിയിലേക്ക് എണ്ണായിരം നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ ചാൻസലർ അംഗല മെർക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ വിശാലമുന്നണി സർക്കാർ തീരുമാനിച്ചത് തുണയാകുന്നത് മലയാളി നേഴ്‌സുമാർക്ക്.

ഫിലിപ്പൈൻസുകാർക്കും ഇതിന്റെ ഗുണം ലഭിക്കും, മെർക്കലിന്റെ മുന്നണിയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി (സിഡിയു), ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയൻ (സിഎസ്യു), സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്‌പിഡി) എന്നീ സഖ്യകക്ഷികളുടെ പിന്തുണയോടെയാണു ഈ നീക്കം നടക്കുന്നത്. ഇതിൽ പ്രതീക്ഷ അർപ്പിക്കുകയാണ് മലയാളി മാലാഖമാർ.

നിലവിൽ ജർമൻ ഭാഷയിൽ ബി2 ലെവൽ സർട്ടിഫിക്കറ്റ് നേടിയവർക്കാണ് അവസരം. ഒട്ടേറെ മലയാളി നേഴ്‌സുമാർ ഇതിനകം ബി2 യോഗ്യത നേടി ജർമനിയിൽ എത്തിയിട്ടുണ്ട്. വീസയും വർക്ക് പെർമിറ്റും അതതു രാജ്യങ്ങളിലെ ജർമൻ എംബസിയും കോൺസുലേറ്റുമാണു നിയന്ത്രിക്കുന്നത്. ആശുപത്രികളിൽ നേഴ്‌സുമാരുടെ ക്ഷാമം വ്യാപകമായതിനെ തുടർന്നാണു ജർമനിയിലെ തീരുമാനം. ഇതോടെ കൂടുതൽ മലയാളി നേഴ്‌സുമാർ ജർമ്മൻ പഠിക്കാൻ തയ്യാറെടുക്കുകയാണ്.

ജർമ്മനിയിലേക്ക് മലയാളികൾ ജോലി തേടി പോകുന്നത് ഇപ്പോൾ പതിവല്ല. എന്നാൽ വർഷങ്ങൾക്ക് മുൻപ് കുറേക്കാലം മലയാളി നഴസുമാരെ ജർമ്മനി കയ്യും കെട്ടി സ്വീകരിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് പുതിയ പ്രഖ്യാപനവും പ്രതീക്ഷയാകുന്നത്. ഇനിയും ജർമ്മനി നേഴ്‌സുമാർക്കായി വാതിൽ തുറന്നിടുമെന്നാണ് പ്രതീക്ഷ.

ഈ അവസരം ഉപയോഗിക്കാൻ ശ്രമിക്കുന്നവർ രണ്ട് കാര്യങ്ങൾ അറിയുക:
1. ഏജന്റുമാർക്ക് പണം നൽകരുത്. യോഗ്യത ഉണ്ടെങ്കിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തു നിങ്ങൾക്ക് ജോലി ഉറപ്പിക്കാം
2. ജർമ്മൻ ഭാഷയിൽ ബി2 യോഗ്യത ഉള്ള ബിഎസ്സി നഴ്‌സുമാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ജർമ്മൻ പഠിക്കാൻ പറ്റുമോ എന്നു ഉറപ്പ് വരുത്തിയ ശേഷം മാത്രം ശ്രമിക്കുക.

ജർമ്മൻ പഠനം അത്ര എളുപ്പമല്ല. എന്നാൽ ഒരു വർഷം എവിടെങ്കിലും പോയി പൂർണ്ണമായും സമർപ്പിച്ചു ശ്രമിച്ചാൽ പാസ്സാകാവുന്നതേയുള്ളൂ. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് ജർമ്മൻ പഠിച്ചു ബി2 യോഗ്യത നേടാൻ പറ്റുമോ എന്നു ഉറപ്പ് വരുത്തുകയാണ്. ജർമ്മൻ പാസ്സാകാത്തവർക്ക് വിസ ലഭിക്കില്ല എന്നറിയാവുന്നതുകൊണ്ട് അതിനു മുൻപ് ഒരു ഏജന്റിനും പണം കൊടുക്കാതിരിക്കുക. ജർമ്മൻ പാസ്സായാൽ ഇന്ത്യയിൽ നിന്നുള്ള ബിഎസ്സി നഴ്‌സിങ് പാസ്സായവർക്ക് ജോലിക്കായി അപേക്ഷിക്കാം.

യൂറോപ്യൻ യൂണിയനിൽ ഉൾപ്പെട്ട ഒരു രാജ്യമാണ് ജർമ്മനി. അവിടെ ആർക്കെങ്കിലും ജോലി ലഭിച്ചാൽ ഭാര്യ അല്ലെങ്കിൽ ഭർത്താവിനെയും മക്കളെയും കൂടെ കൊണ്ടു പോകാം.

ജർമ്മൻ പഠിക്കാൻ എന്ത് ചെയ്യണം?

പ്രായപൂർത്തിയായവർക്കു മാത്രമെ ഈ പരീക്ഷ എഴുതുവാൻ സാധിക്കുകയുള്ളൂ. ഗോത്തെ സർട്ടിഫിക്കറ്റ് ബി2 എന്ന പരീക്ഷയെഴുതി യോഗ്യത നേടുകയാണ് വേണ്ടത്. ജർമ്മനിയിലെ അഡ്വാൻസ്ഡ് ലാഗ്വേംജ് സ്‌കിൽസ് നേടിയിട്ടുണ്ടെന്നു തെളിയിക്കുന്നതാണ് ഈ ഗോത്തെ സർട്ടിഫിക്കറ്റ് ബി2. മൊത്തം ആറു ലെവലുകളുള്ള കോമൺ യൂറോപ്യൻ ഫ്രെയിംവർക്ക് ഓഫ് റഫറൻസ് ഫോർ ലാംഗ്വേജസിന്റെ (സിഇഎഫ്ആർ) നാലാം ലെവൽ പാസാകുമ്പോഴാണ് ഗോത്തെ സർട്ടിഫിക്കറ്റ് ബി2 ലഭിക്കുക. നാലു മൊഡ്യൂളുകളിലായാണ് ഗോത്തെ സർട്ടിഫിക്കറ്റ് ബി2 വിനായുള്ള ടെസ്റ്റ് നടക്കുക.

റീഡിഗ്, ലിസണിങ്, റൈറ്റിങ്, സ്പീക്കിങ് സെക്ഷനുകളാണ് ഈ നാലു മൊഡ്യൂളുകൾ. 80 മിനുട്ട് നീണ്ടുനിൽക്കുന്ന റീഡിങ് സെക്ഷനിൽ പരസ്യങ്ങൾ, റിവ്യൂസ്, റിപ്പോർട്ടുകൾ, കമന്ററീസ് തുടങ്ങിയവയിലെ നമ്പറുകൾ വായിക്കുവാനും മിസ്സായ വാക്കുകൾ കൂട്ടിച്ചേർക്കുവാനും ആയിരിക്കും നൽകുക. ലിസണിങ് സെക്ഷന് 30 മിനുട്ട് സമയമാണ് ഉണ്ടാവുക. ഇതിൽ ചർച്ചകളോ, ടെലിഫോൺ സംഭാഷണങ്ങളോ ഉദ്യോഗാർത്ഥികൾക്ക് കേൾക്കുവാൻ നൽകുകയും അത് കൃത്യതയോടെ എഴുതുകയുമാണ് ഇവിടെ ചെയ്യേണ്ടത്. സാമൂഹിക പ്രസക്തിയുള്ള ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ചുള്ള ഇന്റർവ്യൂവും എഴുതുവാൻ നൽകും.

റീഡിങ് സെക്ഷനാണ് മൂന്നാമത്തേത്. 80 മിനുട്ട് സമയപരിധിയുള്ള ഇവിടെ ഒരു ന്യൂസ്പേപ്പർ റിപ്പോർട്ടിനെ കുറിച്ചോ ഓൺലൈൻ ആർട്ടിക്കിളിനെ കുറിച്ചോ എഴുതുവാനും ഒരു കത്ത് ശരിയായ രീതിയിൽ തിരുത്തി എഴുതാനുമാണ് ആവശ്യപ്പെടുക. ഏറ്റവും അവസാന ഘട്ടമായ സ്പീക്കിങ് സെക്ഷന് 10 - 15 മിനുട്ട് മാത്രമാണ് ദൈർഘ്യം. രണ്ടു പേർ ചേർന്നുള്ള സംഭാഷണമാണ് ഇവിടെ വിലയിരുത്തുക. രണ്ട് ഉദ്യോഗാർത്ഥികൾ പരസ്പരം പരിചയപ്പെടുകയും സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ കുറിച്ച് സ്വന്തം കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഇരുവരും ചർച്ച ചെയ്യുന്നതുമാണ് അവസാന ഘട്ടം. ബാംഗ്ലൂർ, കൊൽക്കത്ത, ചെന്നൈ, പൂന, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ആണ് ജർമ്മൻ കോൺസുലേറ്റ് തന്നെ ഭാഷ പഠിപ്പിക്കുന്നത്.