കൊല്ലം: കരുനാഗപ്പള്ളിയിൽ കുടുങ്ങിയത് മയക്കുമരുന്ന് മാഫിയാ തലവൻ. കേരളം അടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ലഹരി മാഫിയയെ ഏകോപിക്കുന്ന പ്രധാനിയാണ് പിടിയിലായത്. അതുകൊണ്ട് തന്നെ നിർണ്ണായക വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇയാളെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.

എംഡിഎംഎ, ഹെറോയിൻ എന്നിവയടക്കമുള്ള ലഹരി മരുന്നുകൾ വിതരണം ചെയ്യുന്ന രാജ്യാന്തര ലഹരിമരുന്നു സംഘത്തിലെ മുഖ്യ കണ്ണിയാണ് ഘാന സ്വദേശി ക്രിസ്റ്റ്യൻ യുഡോ. കരുതലോടെയാണ് ഈ 28കാരനെ പൊക്കിയത്. സാധാരണ ലഹരി കേസുകളിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്താറില്ല. അതുകൊണ്ട് തന്നെ മുകളിലുള്ളവർ പിടിക്കപ്പെടാറില്ല. ഇവിടെ കരുനാഗപ്പള്ളി പൊലീസ് ഈ പതിവ് മാറ്റിവച്ചു. പിന്നിലെ ശക്തിയെ കണ്ടെത്താൻ ഇറങ്ങി തിരിച്ചു. അങ്ങനെയാണ് വമ്പൻ സ്രാവിനെ കുടുക്കിയത്.

ബെംഗളൂരുവിൽ നിന്ന് 52 ഗ്രാം എംഡിഎംഎയുമായി ആണ് ഘാനക്കാരനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുൻപ് കൊല്ലം സ്വദേശിയായ അജിത് എന്ന യുവാവിനെ 52 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പാലക്കാട് സ്വദേശി അൻവറും അറസ്റ്റിലായി. അൻവറിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ ഘാന സ്വദേശിയാണു മാരക ലഹരി മരുന്നുകളുടെ ഇടനിലക്കാരനെന്ന് അറിവായി.

കൂടുതൽ അന്വേഷണത്തിനായി കരുനാഗപ്പള്ളി എസ്എച്ച്ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ എത്തി. സർജപുര എന്ന സ്ഥലത്തു നിന്നു ബലപ്രയോഗത്തിലൂടെയാണ് ക്രിസ്റ്റ്യൻ യുഡോയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഘാന സ്വദേശിയുടെ ഫോൺ പരിശോധനയിൽ ഇയാൾ ഒരു മാസം കേരളത്തിലേക്കു കുറഞ്ഞത് 50 ലക്ഷം രൂപയുടെ എംഡിഎംഎ കച്ചവടം നടത്തുമെന്നാണു മനസ്സിലായതെന്നു പൊലീസ് പറഞ്ഞു. ഇയാൾക്ക് മുകളിലും ആളുകളുണ്ട്. ഇവരെ കണ്ടെത്താനും പൊലീസ് ശ്രമിക്കും.

കുണ്ടറ കേരളപുരം സ്വദേശി അജിത്തിനെയാണ് കരുനാഗപ്പള്ളി പൊലീസ് ആദ്യം പിടികൂടിയത്. ഇയാളിൽനിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് ലക്ഷങ്ങൾ വിലവരുമെന്നും കൊല്ലം ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണിതെന്നും പൊലീസ് പറഞ്ഞിരുന്നു. അജിത്തിൽനിന്ന് ലഹരിമരുന്ന് വാങ്ങി ഉപയോഗിക്കുന്നവർ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. ഇവരിൽനിന്നാണ് ബെംഗളൂരുവിൽനിന്ന് ലഹരിമരുന്ന് കൊണ്ടുവരുന്ന അജിത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

തുടർന്ന് മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ അജിത്ത് നേരത്തെയും പലതവണ ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ. എത്തിച്ച് വിൽപ്പന നടത്തിയിട്ടുണ്ടെന്നും ഇയാൾ പ്രധാന ലഹരിവിതരണക്കാരനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ നിർണ്ണായകമായത്.

പിന്നീട് രണ്ടുപേർ ബംഗളൂരുവിൽനിന്ന് പിടിയിലായി. ഒറ്റപ്പാലം കംമ്പാരംകുന്ന് സ്വദേശി അൻവർ (28), കരുനാഗപ്പള്ളി അയണിവേലികുളങ്ങര മാൻനിന്നവിള വടക്കതിൽ അൽത്താഫ് (21) എന്നിവരെയാണ് ബംഗളൂരുവിൽനിന്ന് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. പാലക്കാട് സ്വദേശി അൻവർ നൈജീരിയൻ സ്വദേശിയിൽനിന്ന് വൻതോതിൽ എം.ഡി.എം.എ വാങ്ങി ശേഖരിച്ച് കച്ചവടക്കാർക്ക് നൽകുകയാണ് പതിവ്. എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ വിദ്യാർത്ഥികളെ ഇടനിലക്കാരാക്കിയാണ് ബംഗളൂരുവിലുള്ള രഹസ്യകേന്ദ്രങ്ങളിൽ എത്തിക്കുന്നത്.

കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറി!!െന്റ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി. ഗോപകുമാറി!!െന്റ നേതൃത്വത്തിൽ എസ്‌ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ആർ. ശ്രീകുമാർ, ജിമ്മിജോസ്, ശരത്ചന്ദ്രൻ, എഎസ്ഐമാരായ നന്ദകുമാർ, ഷാജിമോൻ, എസ്.സി.പി. രാജീവ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.