- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ഘർ വാപ്‌സി: മറുനാടൻ വാർത്ത ഏറ്റെടുത്ത് മുഖ്യധാരാ മാദ്ധ്യമങ്ങൾ; കൊല്ലത്ത് മതംമാറിയ സ്ത്രീയുടെ കൂറുമാറ്റം വിവാദമായി; സമഗ്ര അന്വേഷണം എഡിജിപിയുടെ നേതൃത്വത്തിൽ
കേരളത്തിലേക്ക് ഘർ വാപ്‌സി എത്തുന്നു എന്ന് ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത് മറുനാടൻ മലയാളി ആയിരുന്നു; ഡിസംബർ 17-നു ഞങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്ത പക്ഷേ, മറ്റു മാദ്ധ്യമങ്ങളൊക്കെ അവഗണിക്കുകയായിരുന്നു. ഇന്നലെ അത് യാഥാർഥ്യമായപ്പോഴും ഞങ്ങൾതന്നെ ആദ്യം അത് റിപ്പോർട്ട് ചെയ്തു. എന്നാൽ, മറുനാടൻ വാർത്ത പെട്ടെന്നുതന്നെ ചാനലുകളും പത്രങ്ങളും സ
കേരളത്തിലേക്ക് ഘർ വാപ്‌സി എത്തുന്നു എന്ന് ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത് മറുനാടൻ മലയാളി ആയിരുന്നു; ഡിസംബർ 17-നു ഞങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്ത പക്ഷേ, മറ്റു മാദ്ധ്യമങ്ങളൊക്കെ അവഗണിക്കുകയായിരുന്നു. ഇന്നലെ അത് യാഥാർഥ്യമായപ്പോഴും ഞങ്ങൾതന്നെ ആദ്യം അത് റിപ്പോർട്ട് ചെയ്തു. എന്നാൽ, മറുനാടൻ വാർത്ത പെട്ടെന്നുതന്നെ ചാനലുകളും പത്രങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുത്തു. ഇന്നത്തെ മുഖ്യധാരാ മാദ്ധ്യമങ്ങളിൽ എല്ലാം അതു വാർത്തയായി. അന്വേഷണം പ്രഖ്യാപിച്ച് സർക്കാരും രംഗത്തിറങ്ങി.
ആലപ്പുഴയിലെ ഹരിപ്പാട്ടും കൊല്ലത്തെ അഞ്ചലിലുമായി 10 കുടുംബങ്ങളിലെ 35 പേർ മതംമാറിയതായി വിശ്വഹിന്ദു പരിഷത്ത് നേതൃത്വം അറിയിച്ചു. ആലപ്പുഴ ജില്ലയിലെ മുട്ടം കണിച്ചനല്ലൂർ തെക്ക് പ്രദേശത്ത് ക്രിസ്ത്യൻ ചേരമർ വിഭാഗത്തിൽനിന്ന് ഒമ്പത് കുടുംബങ്ങളിലെ 32 പേരാണ് ഹിന്ദു ചേരമർ വിശ്വാസം സ്വീകരിച്ചത്. ഞായറാഴ്ച രാവിലെ ചേപ്പാട് വടക്ക് തൈയ്യന്നൂർ ലക്ഷ്മീനാരായണ ക്ഷേത്രത്തിലാണ് മതപരിവർത്തന ചടങ്ങ് നടന്നത്. പരിഷത്ത് ചെങ്ങന്നൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്ന് വി.എച്ച്.പി. നേതൃത്വം അറിയിച്ചു.
വിശ്വഹിന്ദു പരിഷത്തിന്റെ പോഷക സംഘടനയായ ഹിന്ദു ഹെൽപ്പ് ലൈനാണ് 'ഘർ വാപ്പസി' പരിപാടിയുമായി സംസ്ഥാനത്ത് മുന്നോട്ടുപോകുന്നത്. ഡിസംബർ 25ന് ആലപ്പുഴയിൽ വിപുലമായ ഘർ വാപ്പസി നടത്തുമെന്നാണ് ഹെൽപ്പ് ലൈന്റെ പ്രഖ്യാപനം. ആലപ്പുഴയിലെ ഒരു ഗ്രാമം മുഴുവൻ ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുമെന്നും ഹെൽപ്പ്‌ലൈൻ സംസ്ഥാന കോർഡിനേറ്റർ അനീഷ് ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പാലക്കാട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിലും ഒട്ടേറെപ്പേർ ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാൻ തയ്യാറായിട്ടുണ്ടെന്നാണ് ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകർ നൽകുന്ന വിവരം.
നിർബന്ധിച്ചും പ്രലോഭിപ്പിച്ചും ഹിന്ദു മതത്തിൽനിന്ന് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് തിരിച്ചുവരാനുള്ള അവസരമാണ് ഇതെന്ന് ഹെൽപ്പ് ലൈൻ പ്രവർത്തകർ പറയുന്നു. എന്നാൽ,പുനർ മതപരിവർത്തനത്തിന് പിന്നിൽ വേറെയും കാരണങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. കൊല്ലത്ത് പുനർ മതപരിവർത്തനം ചെയ്ത യുവതി മക്കളുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാണ് അതിന് തയ്യാറായതെന്ന് വെളിപ്പെടുത്തി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ഇന്നലെ മതപരിവർത്തനം നടത്തിയ അംബിക എന്ന യുവതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പെന്തക്കോസ്ത് വിശ്വാസിയായ ഭർത്താവിൽനിന്ന് വിവാഹ മോചനം നേടിയശേഷം, മക്കളുടെ സർട്ടിഫിക്കറ്റ് തിരുത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാൻ അംബിക തീരുമാനിച്ചത്. ഇക്കാര്യത്തിന് വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്നാണ് വി.എച്ച്.പിയെ സമീപിച്ചതെന്നും യുവതി പറഞ്ഞു. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരമാണ് ഹിന്ദുമതം സ്വീകരിച്ചതെന്നും തങ്ങൾ അടിസ്ഥാനപരമായി ഹിന്ദു വിശ്വാസിയാണെന്നും അംബിക പൊലീസിന് മൊഴിനൽകിയതായി അഞ്ചൽ സിഐ പറഞ്ഞു.
അതിനിടെ, മതപരിവർത്തന സംഭവങ്ങളെ ഗൗരവത്തോടെ കാണാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തിൽ കൂടുതൽ പേരെ ഹിന്ദുമതത്തിലേക്ക് ചേർക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചിട്ടുള്ളതും സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ എ.ഡി.ജി.പി ഹേമചന്ദ്രൻ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മതപരിവർത്തനം നടന്ന ഇടങ്ങളിലെല്ലാം സംഭവസ്ഥലത്ത് പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരെത്തി വിവരശേഖരണം നടത്തുന്നുണ്ട്.സംഘടിത മതപരിവർത്തനം തടയണമെന്ന ആവശ്യവുമായി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.