ലക്ക്നൗ: വാട്സാപ്പ് വഴി ഇടപാടുകാരെ കണ്ടെത്തി സെക്സ്റാക്കറ്റ് നടത്തിവന്ന സ്ത്രീയും കൂട്ടാളികളും ഗസ്സിയാബാദിൽ അറസ്റ്റിൽ. മഞ്ജു അഥവാ താര, ഇവരുടെ കൂട്ടാളികളായ മൂന്ന്പേർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട കേസിൽ താര ആന്റി എന്ന് വിളിപ്പേരിലുള്ള സ്ത്രീക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. സ്ത്രീകളെ വിൽപനച്ചരക്കാക്കുന്ന സെക്സ്റാക്കറ്റിൽ 10 വർഷമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും വാട്സാപ്പ് വഴി പ്രവർത്തനം ശക്തമാക്കിയിട്ട് മൂന്ന് വർഷമേ ആകുന്നുള്ളൂവെന്നും ഗസ്സിയാബാദ് പൊലീസ് പറയുന്നു.

ഷാലിമാർ ഗാർഡനിലെ ഫ്‌ലാറ്റിൽ കഴിഞ്ഞ മൂന്ന് വർഷമായി താര വേശ്യാലയം നടത്തിവരികയായിരുന്നു. വാട്സാപ്പ് വഴിയാണ് താരയെത്തേടി ആവശ്യക്കാർ എത്തുന്നത്. അറസ്റ്റിലായ രാജീവ് സേഥിയാണ് താരയുടെ പ്രധാന സഹായി. ഇരുവരും ഷാലിമാർ ഗാർഡനിലെ ഫ്ലാറ്റിലാണ് താമസം. വാട്സാപ്പിലെ നിരവിധി ഗ്രൂപ്പുകളിൽ സജീവാംഗമായ താര ഈ ഗ്രൂപ്പുകൾ വഴിയും വാട്സാപ്പ് മെസേജ് വഴിയുമാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. ആവശ്യക്കാരെ തിരിച്ചറിഞ്ഞാൽ പിന്നെ നിരന്തര സംഭാഷണങ്ങളിലൂടെ ഇവർ ആളുകളുമായി ബന്ധം സ്ഥാപിക്കും. ഗസ്സിയാബാദിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് താര ആന്റിയുടെ പ്രധാന വേശ്യാലയ നടത്തിപ്പുകേന്ദ്രമായ ഷാലിമാർ ഗാർഡനിലെ ഫ്ലാറ്റിലേക്ക് പെൺകുട്ടികളെ എത്തിക്കുന്നത്.

താരയിൽ നിന്നും രാജീവ് സേഥിൽ നിന്നും പിടിച്ചെടുത്ത മൂന്ന് ഫോണുകളിൽ നിന്ന് പ്രവർത്തന രീതികൾ പൊലീസിന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. 'ഡൽഹി ഏരിയ', 'എൻസിആർ ഏരിയ', 'ഗസ്സിയാബാദ് ഗ്രൂപ്പ്' എന്നീ ഗ്രൂപ്പുകളിലായി 100ഓളം ആവശ്യക്കാർ ഇവരുമായി സമ്പർക്കത്തിലേർപ്പെടുന്നുണ്ട്. ഭൂരിഭാഗം ആളുകളും വ്യാജ പ്രൊഫൈൽ ചിത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളിൽ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്താണ് ആവശ്യക്കാർക്കായി ഇവർ വലവീശുന്നത്. മാത്രമല്ല പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ചിത്രവും ആവശ്യക്കാരെ ആകർഷിക്കാൻ ഇവർ വാട്സാപ്പിൽ പോസ്റ്റ് ചെയ്തതായി പൊലീസ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ആവശ്യക്കാരെയും ലൈംഗികതൊഴിലാളികളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് താര എന്ന താര ആന്റി. 50 % കമ്മീഷൻ തുക ഇവർ ഈടാക്കുന്നുണ്ട്. 10000ത്തിനും 25000 രൂപയ്ക്കും ഇടയിൽ ചിലയാളുകളിൽ നിന്ന് ഇവർ കമ്മീഷൻ കൈപറ്റിയിട്ടുണ്ടെന്ന പൊലീസ് പറയുന്നു. ആവശ്യക്കാരെ തേടി നടക്കുന്ന സ്ത്രീ ലൈംഗിക തൊഴിലാളികൾക്ക് ആളുകളെ എത്തിച്ചു കൊടുക്കുന്നത് താരയാണ്. കമ്മീഷൻ കൈപറ്റാനായി സ്ത്രീകളെ ഗ്രൂപ്പിന്റെ ഭാഗമാക്കാതിരിക്കാൻ താര ശ്രദ്ധിച്ചിട്ടുണ്ട്.