കൊല്ലം: നീണ്ടകര തുറമുഖത്ത് കഴിഞ്ഞ ദിവസം നടന്ന ലേലം വിളി നേരിട്ടു കണ്ടവർ ഒന്ന് അമ്പരന്നിട്ടുണ്ടാകും. മൂന്ന് മീനുകൾക്ക് മാത്രം ലേലത്തിൽ ലഭിച്ചത് രണ്ടേകാൽ ലക്ഷം രൂപ. പൊന്നും വിലയുള്ള ഈ മീനുകളെക്കുറിച്ച് കൂടുതൽ അറിയാത്തവർക്ക് തീർച്ചയായും അത്ഭുതം തോന്നിയേക്കാം. എന്നാൽ ഈ മീനിനെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ ആശ്ചര്യം വഴിമാറും.

കേരളത്തിലെ മീൻപിടുത്തക്കാരുടെ വലയിലോ വഞ്ചിയിലോ വന്നുപെടാനോ വിൽപനക്കെത്തിക്കാനോ വിദൂര സാധ്യത മാത്രമുള്ള 'ഗോൽ' എന്ന മത്സ്യമാണ് ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 'മനു' എന്ന വഞ്ചിയിലുള്ളവരുടെ വലയിൽ പെട്ടത്. അപ്രതീക്ഷിതമായി കിട്ടിയ ആ മൂന്ന് പടത്തിക്കോരയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ 'മനു'വിന്റെ മുതലാളിയായ ശക്തികുളങ്ങര സ്വദേശി ലൂക്കായെ ലക്ഷാധിപതിയാക്കിയത്.

മലയാളികൾ 'പട്ത്തികോര' എന്ന് വിളിക്കുന്ന ഗോൽ മത്സ്യത്തിന്റെ അപരനാമം'സീ ഗോൾഡ്' എന്നാണ്. ചുരുക്കിപ്പറഞ്ഞാൽ 'കടലിലെ പൊന്നാ'ണ് പൊന്നുംവിലയുള്ള ഗോൽ ഇന്ത്യയിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ തീരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന പട്ത്തികോരയ്ക്ക് സിംഗപ്പൂർ, മലേഷ്യ, ഹോങ്കോങ്, ജപ്പാൻ എന്നിവടങ്ങളിൽ വൻ ഡിമാൻഡാണ്. വലിപ്പത്തിനും ഭാരത്തിനും അനുസരിച്ചാണ് ഗോൽ മത്സ്യത്തിന്റെ വില നിർണയിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമുദ്രമത്സ്യമാണ് ഗോൽ.

നീണ്ടകര തുറമുഖത്തേക്ക് അടുക്കുമ്പോൾ 'മനു' വിൽ കിടന്നുപിടയ്ക്കുന്നുണ്ടായിരുന്ന ഒന്നാന്തരം മൂന്ന് പട്ത്തിക്കോരയാണ് ഇത്രവേഗം ലൂക്കയെ സമ്പന്നനാക്കിയത്. ഇപ്പോൾ ലേലംചെയ്ത മൂന്നുമീനിൽ രണ്ടും ആണായിരുന്നു. അതാണ് വിലകൂടിയത്. 20 കിലോ ഭാരം ഉണ്ടായിരുന്നെന്ന് ബോട്ട്് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ് പറഞ്ഞു.

20 കിലോ ഭാരമുള്ള ആൺമത്സ്യത്തിൽ 300 ഗ്രാം പളുങ്കുണ്ടാകും. ഒരുകിലോ പളുങ്കിന് മൂന്നുമുതൽ അഞ്ചുലക്ഷംവരെ വിലയുണ്ട്. മെഡിസിനൽ കോര, കടൽ സ്വർണം എന്നൊക്കെ ഇതിനു വിളിപ്പേരുണ്ട്.

ഗോൽ മത്സ്യത്തിന്റെ അതിരുചിയാണ് വൻ ഡിമാൻഡിനും വിലയ്ക്കും പിന്നിലെന്ന് കരുതിയാൽ തെറ്റി. ആമാശയത്തിൽ കാണപ്പെടുന്ന ബ്ലാഡറാണ് ഈ മത്സ്യത്തിന്റെ വൻവിലയ്ക്ക് പിന്നിൽ. ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ വലുതും പ്രധാനപ്പെട്ടതുമായ ശസ്ത്രക്രിയകൾക്കാവശ്യമായ നൂല് നിർമ്മാണത്തിന് ഈ ബ്ലാഡറാണ് ഉപയോഗിക്കുന്നത്.

കൂടാതെ, ഗോൽ മത്സ്യത്തിന് വിവിധതരത്തിലുള്ള ഔഷധഗുണങ്ങളുണ്ടെന്നാണ് പൊതുവെയുള്ള വിശ്വാസം. ലൈംഗികശേഷിയും പ്രതിരോധശേഷിയും വർധിപ്പിക്കാനും വൃക്കയിലെ കല്ല് നീക്കാനും ഗോൽ മത്സ്യം പ്രയോജനപ്പെടും എന്ന് കരുതപ്പെടുന്നു. അയഡിൻ, ഒമേഗ-3, അയൺ, മഗ്‌നീഷ്യം, ഫ്ളൂറൈഡ്, സെലിനിയം തുടങ്ങി നിരവധി പോഷകഘടകങ്ങളുടെ കലവറയാണ് ഗോൽ മത്സ്യം.

മത്സ്യത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിനുകൾ, മാംസ്യങ്ങൾ, ധാതുലവണങ്ങൾ എന്നിവ കാഴ്ചശക്തി ബലപ്പെടുത്താനും നിലനിർത്താനും സഹായിക്കും. ഇതിന്റെ മാംസത്തിലടങ്ങിയിരിക്കുന്ന കൊളാജെൻ ചർമത്തിലുണ്ടാകുന്ന ചുളിവുകൾ അകറ്റിനിർത്തും. ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഗോൽമത്സ്യത്തിന്റെ ഉപഭോഗം സഹായിക്കുമെന്ന് കരുതപ്പെടുന്നു.

ഗോൽ മത്സ്യം സ്ഥിരമായി കഴിക്കുന്ന കുട്ടികളിൽ മസ്തിഷ്‌കകോശങ്ങളുടെ വികാസമുണ്ടാകുകയും ബുദ്ധിക്ഷമത വർധിക്കുകയും ചെയ്യും. മീനിലടങ്ങിയിരിക്കുന്ന ഒമേഗ-3 ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ പേശികളുടെ ബലം വർധിക്കാൻ സഹായിക്കുന്ന ധാരാളം ധാതുക്കളും വിറ്റാമിൻ-സി അടക്കമുള്ള വിറ്റാമിനുകളും ഗോൽ മത്സ്യത്തിൽ നിന്ന് ലഭിക്കും.

പെൺമത്സ്യങ്ങളേക്കാൾ ആൺമത്സ്യങ്ങൾക്കാണ് കൂടുതൽ വില ലഭിക്കുന്നത്. 30 കിലോഗ്രാം ഭാരമുള്ള ആൺമത്സ്യത്തിന് നാല്-അഞ്ച് ലക്ഷം രൂപയും പെൺമത്സയത്തിന് ഒന്ന്-രണ്ട് ലക്ഷം രൂപ വരെയുമാണ് മാർക്കറ്റിലെ വില. മത്സ്യത്തിന്റെ വലിപ്പത്തിനനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും. മത്സ്യത്തിന്റെ ഭോട്ട് എന്നറിയപ്പെടുന്ന ആന്തരികാവയവങ്ങൾക്ക് വൻ ഡിമാൻഡാണ്. മുംബൈയിലെ സത്പതിയിൽ ഭോട്ടിന് കിലോയ്ക്ക് അഞ്ച്-ആറ് ലക്ഷം രൂപ വരെയാണ് വില. എന്നാൽ ഗോലിന്റെ മാംസത്തിന് കിലോയ്ക്ക് 500-600 രൂപ വരെയേ വിലയുള്ളൂ. വൈൻ ശുദ്ധീകരണത്തിലും സൗന്ദര്യവർധകവസ്തുക്കളുടെ നിർമ്മാണത്തിലും ഗോൽ മത്സ്യം ഉപയോഗിച്ചു വരുന്നു.

മത്സ്യത്തൊഴിലാളികളെ കോടിപതിയാക്കുന്ന മീൻ!

പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ് ഗോൽ മത്സ്യത്തിന്റെ ശാസ്ത്രനാമം. 2021 സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ പാൽഘറിൽ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെയ്ക്ക് ലഭിച്ച 157 ഗോൽ മത്സ്യങ്ങൾ 1.33 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഉത്തർപ്രദേശ്, ബിഹാർ എന്നിവടങ്ങളിലെ വ്യാപാരികളാണ് ഇത്രയധികം തുക നൽകി മീനുകളെ വാങ്ങിയത്. മൺസൂണിനെ തുടർന്ന് മത്സ്യബന്ധത്തിനേർപ്പെടുത്തിയ നിരോധനം പിൻവലിച്ച ദിവസം കടലിലേക്ക് പോയതായിരുന്നു ചന്ദ്രകാന്ത് താരേയും സംഘവും. എന്തായാലും ഒറ്റ ദിവസം കൊണ്ട് ഗോൽ മത്സ്യം ജീവിതം മാറ്റിയ കഥയാണ് ചന്ദ്രകാന്ത് താരോയുടേത്.

2018-ലും പാൽഘറിലെ സഹോദരന്മാർക്ക് ലഭിച്ച ഗോൽ മത്സ്യത്തിന് അഞ്ചരലക്ഷം രൂപ ലഭിച്ചിരുന്നു. രണ്ട് മാസത്തെ മത്സ്യബന്ധനനിരോധനത്തിന് ശേഷമാണ് മഹേഷ് ദാജി മെഹറും ഭാരത് മെഹറും കടലിലേക്ക് പോയത്. അവർക്ക് ലഭിച്ച മുപ്പത് കിലോ ഗോൽ മത്സ്യം ഇരുവരേയും ലക്ഷാധിപതികളാക്കി.

തീരത്തോട് അടുത്ത ഭാഗങ്ങളിലാണ് പലപ്പോഴും ഇവയെ കാണാറുള്ളത്. അപൂർവമായാണ് കിട്ടുന്നതും. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ തീരങ്ങളിലാണ് സാധാരണ ഇവയെ കിട്ടുന്നത്. കേരളതീരത്ത് അപൂർവമാണ്. അഞ്ചുകിലോ തൂക്കമുള്ള പട്ത്തിക്കോരയെ ഇടയ്ക്ക് കിട്ടാറുണ്ട്. പക്ഷേ, അതിൽനിന്നൊന്നും പളുങ്ക് എടുക്കാന്മാത്രം ഉണ്ടാകില്ല.

കഴിഞ്ഞ സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ പാൽഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെ പിടികൂടിയ 157 ഗോൽ മത്സ്യങ്ങൾക്ക് 1.33 കോടി രൂപ ലഭിച്ചിരുന്നു. കേരളത്തിൽ നീണ്ടകരയിൽ ഗോൽ മത്സ്യം ലഭിക്കുന്നതിന് ഒരാഴ്ച മുമ്പ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിക്ക് പട്ത്തികോര എന്ന ഗോൽ മത്സ്യം ലഭിച്ചിരുന്നു. 20.6 കിലോഗ്രാം തൂക്കമുള്ള മത്സ്യത്തിന് 59,000 രൂപ ലഭിച്ചിരുന്നു.