ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട കേസ് സിവിൽ കോടതിയിൽനിന്ന് ജില്ലാ കോടതിയിലേക്കു മാറ്റി സുപ്രീം കോടതി ഉത്തരവ്. ഗ്യാൻവാപി പള്ളിയിൽ അവകാശവാദം ഉന്നയിച്ചുള്ള ഹിന്ദു സംഘടനകളുടെ ഹർജിയുടെ സാധുത ആദ്യം പരിശോധിക്കണമെന്ന് ജില്ലാ ജഡ്ജിക്ക്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദ്ദേശം നൽകി.

കേസിന്റെ വൈകാരിക പ്രാധാന്യം കണക്കിലെടുത്താണ് ജില്ലാ കോടതിയിലേക്കു കൈമാറാൻ നിർദ്ദേശിക്കുന്നതെന്ന് സുപ്രിം കോടതി ഉത്തരവിൽ വ്യക്തമാക്കി. മുതിർന്ന, അനുഭവ പരിചയമുള്ള ജഡ്ജി കേസ് കേൾക്കുന്നതാണ് ഉചിതം. അതിനാൽ കേസ് വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയിൽനിന്നും ജില്ലാ ജഡ്ജിയിലേക്കു മാറ്റുന്നു. പള്ളിയിൽ അവകാശവാദം ഉന്നയിച്ചുള്ള ഹർജിയുടെ സാധുത ചോദ്യം ചെയ്തുള്ള, മസ്ജിദ് കമ്മിറ്റിയുടെ ഹർജി മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കണം- ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞു.

ഗ്യാൻവാപി സർവേയിലെ തുടർനടപടികൾ തടഞ്ഞുകൊണ്ട് മെയ് പതിനേഴിന് ഇറക്കിയ ഇടക്കാല ഉത്തരവ് തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന കുളത്തിൽ ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന ഭാഗം സംരക്ഷിക്കാനും എന്നാൽ മുസ്ലിംകളുടെ ആരാധനയ്ക്ക് ഒരു ഭംഗവും വരുത്തരുതെന്നും മെയ് 17ലെ ഉത്തരവിൽ കോടതി നിർദ്ദേശിച്ചിരുന്നു. അംഗശുദ്ധി വരുത്തുന്നതിന് ഉചിതമായ സംവിധാനമൊരുക്കാൻ ജില്ലാ കലക്ടർക്ക് കോടതി നിർദ്ദേശം നൽകി.

്ഗ്യാൻവാപി സർവേയ്ക്ക് അനുമതി നൽകിയുള്ള സിവിൽ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസ് വീണ്ടും അവധിക്കു ശേഷം പരിഗണിക്കും.