അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ വാര്ത്തകൾ ഇടം നേടിയ രണ്ടു പേരാണ് ജിഗ്നേഷ് മോവാനിയും അൽപേഷ് താക്കൂറും. സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ജിഗ്നേഷും ഒബിസിയുടെ കരുത്തിൽ ശക്തി തെളിയിക്കാൻ ഇറങ്ങിയ അൽപേഷ് താക്കൂറും ജനങ്ങളുടെ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ തന്നെ വിജയക്കൊടി പാറിച്ചിരിക്കുകയാണ്.

ജിഗ്നേഷിന് മുന്നിൽ പ്രതിസന്ധികൾ ഏറെയായിരുന്നു. എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മോവാനിക്ക് വേണ്ടി കോൺഗ്രസും ആ ആദ്മി പാർട്ടിയും ഒപ്പം നിന്നു. കോൺഗ്രസ്സിന്റെ സിറ്റിങ് സീറ്റായ വാദ്ഗാം തെരഞ്ഞെടുത്തതിൽ തുടങ്ങി ഹൈന്ദവവിരുദ്ധനെന്ന പ്രചാരണം വരെ മേവാനിയുടെ വിജയസാധ്യതയ്ക്ക് മങ്ങേലേൽപ്പിച്ചിരുന്നു. എന്നിട്ടും വാദ്ഗാമിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി ചക്രവർത്തി വിജയകുമാറിനെ പരാജയപ്പെടുത്തിയ മേവാനി ഗുജറാത്തിന്റെ ഭാവിയിലേക്കുള്ള വലിയ പ്രതീക്ഷയായി മാറിയിരിക്കുന്നു.

മോവാനിക്കു വേണ്ടി കോൺഗ്രസ് വഴിമാറിക്കൊടുത്തു. പാർട്ടി സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന മേവാനിയുടെ നിലപാടിനെ വാദ്ഗാമിലെ ജനങ്ങൾ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഈ 35കാരന്റെ വിജയം. എക്സിറ്റ് പോൾ ഫലങ്ങൾ ശുദ്ധ അസംബന്ധമാണെന്ന മേവാനിയുടെ പ്രസ്താവനയും ഏറെക്കുറെ ശരിയായിരുന്നെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വെളിവാക്കുന്നു.

വിജയത്തിലേയ്ക്ക് നീങ്ങുകയാണ് ഒബിസി നേതാവ് അൽപേഷ് താക്കൂറും. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ പിന്നാക്കം പോയെങ്കിലും അൽപേഷ് താക്കൂർ ഘട്ടംഘട്ടമായി മുന്നേറുന്ന സ്ഥിതിയാണ് പിന്നീട് കണ്ടത്. രാധൻപൂരിൽ ഒബിസി വിഭാഗത്തിലുള്ള ജനങ്ങളാണ് ഭൂരിപക്ഷമുള്ളത് എന്ന ഒറ്റക്കാരണത്താൽ അവിടെ മത്സരിക്കാൻ തയ്യാറായ താക്കൂറിന്റെ തീരുമാനത്തെ വിമർശനം കൊണ്ടാണ് രാഷ്ട്രീയവൃത്തങ്ങൾ നേരിട്ടത്. കോൺഗ്രസിലെത്തിയ താക്കൂറിന്റെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് ബാധ്യതയാവുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.

നരേന്ദ്ര മോദിക്ക് വെളുത്ത നിറം ലഭിച്ചത് അദ്ദേഹം തായ്വാനിൽ നിന്നുള്ള കൂൺ കഴിച്ചതുകൊണ്ടാണെന്ന താക്കൂറിന്റെ പരാമർശവും വിവാദമായിരുന്നു. എന്തായാലും അൽപേഷ് താക്കൂറിന്റെ മുന്നേറ്റത്തോടെ വിമർശകരുടെ കണക്കുകൂട്ടലുകൾ തെറ്റായിരുന്നെന്ന് വ്യക്തമായിക്കഴിഞ്ഞു. എന്നാൽ മേവാനിയുടെയും അൽപേഷ് താക്കൂറിന്റെയും വ്യക്തിപ്രഭാവത്തിന്റെ വിജയത്തിനപ്പുറത്തേയ്ക്ക് സാമുദായിക വോട്ടുകൾ എത്രത്തോളം കോൺഗ്രസിന് അനുകൂലമായി മറിഞ്ഞു എന്നത് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.