- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറഞ്ഞുറപ്പിച്ചിടത്ത് കൈക്കൂലി വാങ്ങാൻ കൃത്യമായി എത്തിയ താലൂക്ക് സർവെയർ; പ്രവാസിയുടെ കൈയിൽ നിന്നും വാങ്ങിയ ഫിനോഫ്തലിൻ പൊടി വിതറിയ കെണിപ്പണം തെളിവായി; 35 കൊല്ലം മുമ്പ് മരിച്ച സഹോദരിയുടെ പേരിലേക്ക് മാറ്റിയ ആ ഭൂമി വീണ്ടെടുക്കാനുള്ള ചിറയിൻകീഴുകാരന്റെ ശ്രമത്തിൽ അഴിമതിക്കാരൻ അഴിക്കുള്ളിൽ; തിരുവനന്തപുത്ത് ഗിരീഷ് കുടുങ്ങിയത് വിജിലൻസ് തന്ത്രത്തിൽ
തിരുവനന്തപുരം: തലസ്ഥാന ജില്ലാ താലൂക്ക് സർവ്വെയരെ 10,000 രൂപ കൈക്കൂലിക്കെണിവച്ച് കുടുക്കിയ കൈക്കൂലി ട്രാപ്പു കേസിൽ പ്രതിയായ സർവ്വെയർ ഗിരീഷിനെ തിരുവനന്തപുരം വിജിലൻസ് കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ ജില്ലാ ജയിലിലേക്കാണ് പ്രതിയെ ജഡ്ജി ജി.ഗോപകുമാർ റിമാന്റ് ചെയ്തത്. ജൂലൈ 26 വൈകിട്ട് 6 മണിക്കാണ് കിഴക്കേക്കോട്ട ട്രാൻസ്‌പോർട്ട് ഭവന് അടുത്ത് വച്ച് സർവെയരെ കെണിവച്ച് കുടുക്കി അറസ്റ്റ് ചെയ്തത്.
വിജിലൻസ് ഓഫീസിൽ വച്ച് കറൻസി നോട്ടു നമ്പരുകൾ രേഖപ്പെടുത്തി ഫിനോഫ്തലിൻ പൊടി വിതറി എൻട്രസ്റ്റ്‌മെന്റ് മഹസറിൽ വിവരിച്ച് സർവ്വെയർ ആവശ്യപ്പെടുമ്പോൾ നൽകണമെന്ന് നിർദ്ദേശിച്ച് പ്രവാസിയായ പരാതിക്കാരന് നൽകിയ കെണിപ്പണമായ 10,000 രൂപ സർവ്വെയറിൽ നിന്ന് കണ്ടെടുത്തുവെന്നാണ് കേസ്. കെണിപ്പണവും പ്രവാസിയുമൊത്ത് വിജിലൻസ് സംഘം നേരത്തേ പറഞ്ഞുറപ്പിച്ച ട്രാൻസ്‌പോർട്ട് ഭവനടുത്തെത്തി. പ്രവാസിയെ സ്ഥലത്ത് നിർത്തി വിജിലൻസ് സംഘം മറഞ്ഞു നിന്നു.
സർവ്വെയർ കെണിപ്പണം കൈപ്പറ്റിയെന്ന സിഗ്‌നൽ ലഭിച്ചയുടൻ വിജിലൻസ് സംഘം സർവ്വയരെ വളഞ്ഞു. ചോദ്യം ചെയ്ത ശേഷം കെണിപ്പണം വീണ്ടെടുത്തു. വിജിലൻസ് കൊണ്ടു വന്ന പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ ഗിരീഷിന്റെ കൈവിരലുകൾ മുക്കിയപ്പോൾ ലായനി പിങ്ക് നിറമായി മാറി. കെണിപ്പണം ഗിരിഷ് കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിഞ്ഞതോടെ സ്ഥലത്ത് നിന്ന് നീക്കം ചെയ്ത് വിജിലൻസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൈക്കൂലി നൽകുന്നതും ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും കുറ്റകരമാണെങ്കിലും കൈക്കൂലി ട്രാപ്പ് അറസ്റ്റ് കേസിൽ കൈക്കൂലി നൽകുന്നയാൾക്ക് ഡെക്കോയി വിറ്റ്‌നസ് (വശീകരണ സാക്ഷി ) എന്ന നിയമ പരിരക്ഷയുണ്ട്. അതിനാൽ പരാതിക്കാരനെതിരെ പൊതുസേവകനെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസ് നിലനിൽക്കില്ല. ട്രാപ്പ് അല്ലാത്ത സംഭവത്തിൽ പൊതുസേവകനെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ആ വ്യക്തിക്കെതിരെ പൊതുസേവകന്റെ പരാതിയിൽ കേസെടുക്കാവുന്നതാണ്.
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ പ്രവാസിക്ക് മുരുക്കുംപുഴയിലുള്ള 2 ഏക്കർ പുരയിടത്തിൽ 1 ഏക്കർ പുരയിടം ഗൾഫിലായിരുന്ന സമയത്ത് 35 വർഷങ്ങൾക്കുമുൻപ് മരണപ്പെട്ട സഹോദരിയുടെ മകന്റെ പേരിലേയ്ക്ക് വ്യാജ രേഖകൾ ചമച്ച് മാറ്റിയിരുന്നു. കൊറോണയെ തുടർന്ന് തിരികെ നാട്ടിലെത്തിയ പരാതിക്കാരൻ പ്രസ്തുത 1 ഏക്കർ ഭൂമി തിരികെ തന്റെ പേരിലാക്കുന്നതിന് കലക്ടർക്ക് അപേക്ഷ കൊടുത്തതിന്റെ അടിസ്ഥാനത്തിൽ കലക്ടർ താലൂക്ക് സർവ്വെയറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
അതുപ്രകാരം താലൂക്ക് സർവ്വെ ഓഫീസിലെത്തി കാര്യം തിരക്കിയപ്പോൾ പ്രസ്തുത ഫയൽ താലൂക്ക് സർവ്വയർ ആയ ഗിരീഷിന്റെ പക്കലാണെന്ന് മനസ്സിലായതിനെ തുടർന്ന് പല പ്രാവശ്യം ഗിരീഷിനെ കണ്ടെങ്കിലും വിവിധ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം കണ്ടപ്പോൾ 10,000 രൂപ കൈക്കൂലി തന്നാൽ വേഗത്തിൽ ശരിയാക്കി തരാമെന്ന് ഗിരീഷ് പറയുകയും ഈ വിവരം പ്രവാസി വിജിലൻസിൽ അറിയിക്കുകയായിരുന്നു.