തൃശ്ശൂർ: സൈക്കിളിൽ യാത്ര ചെയ്യവെ വാനിലെത്തിയ സംഘം ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ നടുറോഡിൽ തടഞ്ഞ് നിർത്തി മർദിക്കുകയും തലമുടി മുറിക്കുകയും ചെയ്തതായി പരാതി. തൃശ്ശൂർ ചാലക്കുടി മേലൂരിയിൽ ഉച്ചയോടെയാണ് സംഭവം.

സഹപാഠിയുടെ വീട്ടിൽ പുസ്തകം വാങ്ങാൻ പോയതായിരുന്നു വിദ്യാർത്ഥിനി. മടങ്ങിവരുന്നതിനിടെ വാനിലെത്തിയ മുഖം മൂടിയിട്ട സംഘം സൈക്കിൾ ഇടിച്ചിടുകയും നിലത്ത് വീണ വിദ്യാർത്ഥിനിയെ മർദിക്കുകയുമായിരുന്നു. മർദിച്ച ശേഷം കെട്ടിയിട്ട മുടി മുറിച്ച് റോഡിലിടുകയും ചെയ്തു.

നിലത്ത് വീണ് ബോധം പോയ പെൺകുട്ടി ബോധം വന്ന ശേഷം കരയുന്നതു കേട്ട നാട്ടുകാരാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത് കണ്ടത്. പെൺകുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു സംഭവം.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൊരട്ടി പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മർദനത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേർന്ന് തന്നെ മർദ്ദിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. അക്രമികൾ ആരെന്ന് കുട്ടി തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും മുഖം മറച്ചിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് സുഹൃത്തും അമ്മയും ഓടി എത്തുകയായിരുന്നു. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഇതെന്നാണ് നിഗമനം.