കട്ടപ്പന : സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ഇടുക്കി ജലാശയത്തിൽ വീണ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. എറണകുളത്തുനിന്ന് എത്തിയ ഒൻപതംഗ സംഘത്തിൽപെട്ട ഏഴു വിദ്യാർത്ഥിനികളാണ് ഫോട്ടോയെടുക്കുന്നതിനിടെ ഇടുക്കി ജലാശയത്തിൽ അകപ്പെട്ടത്. ഇവരിൽ ആറു പേരെ പ്രദേശവാസികൾ രക്ഷിച്ചെങ്കിലും ഒരാൾ മരിച്ചു. എറണാകുളം കാക്കനാട് പനച്ചിക്കൽ ഷാജഹാന്റെ മകൾ ഇഷ ഫാത്തിമ(17) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.

സംഭവം ഇങ്ങനെ; എറണാകുളം സ്വദേശിയായ സനലിന്റെ മകളുടെ ജന്മദിനാഘോഷത്തിന് സഹപാഠികളായ നാലു പേരും ഇവരുടെ രണ്ടു സഹോദരിമാരും ഒരാളുടെ സഹോദരനും സനലും ഉൾപെടെ 9 പേർ രാവിലെയാണ് വാഴവരയ്ക്കു സമീപം കൗന്തിയിലെ റിസോർട്ടിൽ എത്തിയത്. തുടർന്ന് രണ്ടു കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ച് ഇടുക്കി ജലാശയത്തിന്റെ ഭാഗത്ത് എത്തി. സ്ഥലവാസിയായ അഭിലാഷിനെയും(അശോകൻ) ഒപ്പം കൂട്ടിയായിരുന്നു യാത്ര.

ജലാശയത്തിനു സമീപമെത്തിയ സംഘം വെള്ളത്തിലിറങ്ങി ഫോട്ടോയെടുക്കാൻ തുടങ്ങി. ഇതിനിടെ ഒരു പെൺകുട്ടി കാൽവഴുതി വെള്ളത്തിൽ വീഴുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു പെൺകുട്ടികളും അപകടത്തിൽപെടുകയുമായിരുന്നു. അൽപം അകലെ മാറിനിന്നിരുന്ന അഭിലാഷ് നിലവിളികേട്ട് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി.

സനലിന്റെയും ഒപ്പമുണ്ടായിരുന്ന കൗമാരക്കാരന്റെയും സഹായത്തോടെ ആറു പെൺകുട്ടികളെ രക്ഷിച്ച് കരയ്ക്കു കയറ്റി. എല്ലാവരെയും രക്ഷിച്ചെന്ന് കരുതി കരയ്ക്കു കയറിയശേഷമാണ് ഇഷയെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. അഭിലാഷ് വീണ്ടും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ നാട്ടുകാരെയും അഗ്‌നിരക്ഷാ സേനയെയും വിവരം അറിയിച്ചു.

തിരച്ചിലിന് ഒടുവിൽ വൈകിട്ട് 3 മണിയോടെയാണ് കുറച്ചകലെ നിന്ന് ഇഷയുടെ മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന മേഖലയിലേക്ക് വാഹനം എത്താത്തതിനാൽ അഗ്‌നിരക്ഷാ സേനയുടെ ബോട്ടിൽ അഞ്ചുരുളിയിൽ എത്തിച്ചശേഷം ജീപ്പിലാണ് മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്.

വാഴക്കാല നവനിർമ്മാൺ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ഇഷ. സഹപാഠികൾക്കൊപ്പം രാവിലെയാണ് വീട്ടിൽനിന്ന് പോയത് പോയത്. പിതാവ്: തൃക്കാക്കര പഞ്ചായത്ത് മുൻ മെമ്പർ വാഴക്കാല പനച്ചിക്കൽ പി.എ.ഷാജി. മാതാവ്: അഡ്വ.എ.സീന. സഹോദരി: ഹയ ഫാത്തിമ.