ബംഗളൂരു: ഏഴുവയസ്സുകാരിയെ പാർപ്പിടസമുച്ചയത്തിന്റെ മട്ടുപ്പാവിൽനിന്ന് തള്ളിയിട്ട് കൊന്നതിന് പിന്നിൽ കുട്ടിയുടെ അമ്മയെന്നെ് പൊലീസ്. ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് തള്ളിയിട്ട മകൾക്ക് ജീവനുണ്ടെന്ന് കണ്ട് വലിച്ചിഴച്ച് മുകളിൽകൊണ്ടുപോയി വീണ്ടും തള്ളിയിടുകയും ചെയ്ത ക്രൂരതയാണ് നടന്നത്.

ബംഗളൂരു ജരഗനഹള്ളിയിലാണ് സംഭവം. ഐഷിക എന്ന കുട്ടിയാണ് മരിച്ചത്. അമ്മ പശ്ചിമബംഗാൾ സ്വദേശിനി സ്വാതിയാണ് (30) അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇവർ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസമെന്നും പൊലീസ് അറിയിച്ചു. ഒമ്പതുവർഷംമുമ്പ് വിവാഹശേഷമാണ് സ്വാതി ബെംഗളൂരുവിലെത്തിയത്. ഐ.ടി. കമ്പനി ജീവനക്കാരനാണ് ഭർത്താവ് കാഞ്ചൻ. തന്നോടുള്ള വിരോധം തീർക്കാൻ സ്വാതി മകളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് കാഞ്ചൻ പൊലീസിനോട് പറഞ്ഞു.

കുട്ടിയെ ആദ്യം തള്ളിയിട്ടശേഷം മുകളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതുകണ്ട് പരിസരവാസികൾ ചോദ്യംചെയ്തെങ്കിലും തന്റെ മകളുടെമേൽ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു സ്വാതിയുടെ മറുപടി. കുട്ടിയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പരിസരവാസികൾ പിടികൂടി കെട്ടിയിട്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഭർത്താവുമായി വേർപെട്ടശേഷമാണ് സ്വാതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായതെന്ന് അയൽവാസികൾ പറഞ്ഞു. രണ്ടുവർഷംമുമ്പുവരെ നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന സ്വാതി. ഈ സമയത്ത് ഐഷികയെ സ്‌കൂളിൽ വിട്ടിരുന്നില്ല. ഇന്ദിരാനഗറിൽ താമസിക്കുന്ന ഭർത്താവ് കാഞ്ചൻ മാസത്തിലൊരിക്കൽ വീട്ടിലെത്തി സ്വാതിക്ക് ജീവിതച്ചെലവിനുള്ള പണം നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.