അടിമാലി: ആറ്റുനോറ്റിരുന്നുണ്ടായ കൺമൺ അപ്രതീക്ഷിതമായ വിട പറഞ്ഞാൽ ഏതൊരു മാതാപിതാക്കൾക്കും സഹിക്കാനാവില്ല. സ്വന്തം ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അടിമാലിയിലെ മാതപിതാക്കൾ നാലുവയസുകാരിയായ മകൾ മരിച്ചുവെന്ന വാർത്ത അറിഞ്ഞത്. പനി ബാധിച്ചാണ് ബാലിക മരിച്ചത്. ഇതോടെ ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് രംഗത്തെത്തിയതോടെ ആശുപത്രിയിൽ സംഘർഷമായി. അടിമാലി താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലിരിക്കെ നാലുവയസുകാരി ബാലിക മരിച്ചത്. ഇതേതുടർന്ന് ആശുപത്രിയിൽ വ്യാപക പ്രതിഷേധമുണ്ടായി. അടിമാലി കല്ലാർകുട്ടി പീടിയേതറയിൽ ഷിബു-ജെസി ദമ്പതികളുടെ ഏകമകൾ എയ്ഞ്ചൽ മരിയയാണു മരിച്ചത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണു സംഭവം.

മൂന്നു ദിവസമായി പനിയും മൂത്രത്തിൽ പഴുപ്പും ബാധിച്ചതിനെ തുടർന്നാണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷണം കഴിക്കാൻ വൈമനസ്യം കാണിച്ചതിനെ തുടർന്നു കുട്ടിക്കു ക്ഷീണം വർദ്ധിച്ചതോടെ വ്യാഴാഴ്ച രാത്രിയിൽ കുത്തിവെയ്പ് അടക്കമുള്ള ചികിത്സകൾ നടത്തിയിരുന്നു. രണ്ടു ദിവസമായി കുട്ടി ഛർദ്ദിച്ചിരുന്നതായും പറയുന്നു. ഇന്നലെ രാവിലെ എഴുന്നേറ്റിരുന്നു റൊട്ടി കഴിക്കുന്നതിനിടെ രോഗം മൂർഛിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഡോക്ടറെ വിവരം അറിയിച്ചതിനെ തുടർന്നു ഡോക്ടർമാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.

ആശുപത്രി ജീവനക്കാരുടെ വീഴ്ച മൂലമാണ് കുഞ്ഞു മരിച്ചതെന്ന് ആരോപിച്ചു ആശുപത്രിയിൽ വ്യാപക പ്രതിഷേധം ഉണ്ടായി. പ്രതിഷേധം സംഘർഷത്തിലേക്കു തിരിയുമെന്ന നിലയെത്തിയതോടെ പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി. പ്രശ്‌നം സങ്കീർണ്ണമായതോടെ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ടി.ആർ. രേഖ, അസിസ്റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റർ ജോൺ ജോർജ്, ജില്ലാ ആർ.സി.എച്ച്: ഡോ. സിത്താര മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഉന്നത സംഘമെത്തി ആശുപത്രിയിൽ പ്രാഥമിക അന്വേഷണം നടത്തി.

ഇതു സംബന്ധിച്ച റിപ്പോർട്ട് ഇന്നു രാവിലെ തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സമർപ്പിക്കും. ഉച്ചയോടെ കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കു കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ചികിത്സയിലെ പിഴവോ മറ്റോ സംഭവിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.

കുട്ടിയുടെ പിതാവ് ഷിബു ചേർത്തല സ്വദേശിയാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാൾ ജോലിയുടെ ഭാഗമായി കല്ലാർകുട്ടിയിലാണ് താമസിക്കുന്നത്. എട്ടുവർഷം മുൻപ് വിവാഹം കഴിച്ചെങ്കിലും ചികിത്സകൾക്കു ശേഷം വൈകിയാണ് ഇവർക്ക് മകൾ ജനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കല്ലാർകുട്ടി നാനാവീട് കുടുംബാംഗമായ ജെസി പ്രാദേശിക ചാനലിലെ ജിവനക്കാരിയാണ്.