കൊല്ലം: വായ്പ നൽകിയ തുക തിരിച്ചുചോദിച്ചത് ഇഷ്ടപ്പെടാതെ പതിനെട്ടുകാരിയായ പെൺകുട്ടിയെ കൊല്ലത്ത് വിളിച്ചുവരുത്തി കാമുകൻ കൂട്ടുകാർക്ക് കാഴ്ചവച്ചതായി പരാതി. പാലക്കാട് സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് കാമുകനടക്കം ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് കൊല്ലം പൊലീസ് വ്യക്തമാക്കി.

കാമുകൻ കസ്റ്റഡിയിലായെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇയാളുടെ കൂട്ടാളികൾക്കായി പൊലീസ് തെരച്ചിൽ നടത്തി വരികയാണ്. കാമുകൻ വൈരാഗ്യം തീർക്കാൻ മറ്റുള്ളവർക്ക് കാഴ്ചവെക്കുകയായിരുന്നെന്നും മാനഭംഗത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഡിഗ്രി വിദ്യാർത്ഥിനിയായ പാലക്കാട് സ്വദേശിനി വീടിനടുത്തുള്ള ഒരു യുവാവുമായി പ്രണയത്തിൽ ആയിരുന്നു. ഇയാൾ ചോദിച്ചതിനെ തുടർന്ന് സ്വർണം പണയം വച്ചു പണം നൽകുകയും പിന്നീട് തിരിച്ചു ചോദിക്കുകയും ചെയ്തു. ഇതിൽ ദേഷ്യപ്പെട്ട് കാമുകൻ പെൺകുട്ടിയോട് പിണങ്ങി. പക്ഷേ പിന്നീട് വീണ്ടും അടുപ്പം നടിച്ചെത്തി പെൺകുട്ടിയെ കൊല്ലത്തേക്ക് വിളിച്ചു വരുത്തി.

കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടി കൊല്ലത്ത് എത്തിയെങ്കിലും കാമുകൻ റെയിൽവേ സ്റ്റേഷനിൽ എത്തിയില്ല. എന്നാൽ കാമുകന്റെ ഒരു പെൺസുഹൃത്ത് പെൺകുട്ടിയെ ഒരു ഓട്ടോയിൽ കയറ്റി കായലോരത്തെ ഒരു ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടു പോകുകയും അവിടെ വച്ച് അഞ്ചു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും ആയിരുന്നുവെന്നാണഅ പരാതി. രണ്ടു ദിവസം കഴിഞ്ഞ് കാമുകൻ സ്ഥലത്തെത്തുകയും ഇയാളും പീഡിപ്പിച്ചെന്നും എല്ലാവരും ചേർന്ന് മർദ്ദിച്ചെന്നും പെൺകുട്ടി പറയുന്നു.

പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. കാമുകനെ കാണാനെത്തിയ യുവതിയെ കാമുകന്റെ സുഹൃത്തായ ഒരു സ്ത്രീ വന്ന് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവർ യുവതിയെ ഓട്ടോയിൽ കയറ്റി കായൽ കരയിലുള്ള ആളില്ലാത്ത കെട്ടിടത്തിലെത്തിച്ചു. പിന്നീട് കാമുകൻ സ്ഥലത്തെത്തുകയും സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൂട്ട മാനഭംഗത്തിന് ഇരയാക്കുകയുമായിരുന്നു.

തനിക്ക് മുൻപരിചയമില്ലാത്തവരാണ് മാനഭംഗം ചെയ്തതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പാലക്കാട് പൊലീസാണ് യുവതിയെ കണ്ടെത്തിയത്. കൊല്ലത്തുനിന്ന് ഏതാനും കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തുവച്ചാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ മൊഴിയിൽനിന്ന് വ്യക്തമാകുന്നത്.

എന്നാൽ യുവതിക്ക് സ്ഥലം പരിചയമില്ലാത്തതിനാൽ സംഭവം നടന്ന വീട് കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. കുട്ടിയെ കാണാതായെന്ന പരാതിയെ തുടർന്ന് കൊല്ലം ഷാഡോ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. പാലക്കാട് നിന്നുള്ള പൊലീസ് സംഘവും ഇന്നലെ കൊല്ലത്ത് എത്തിയിരുന്നു. കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും 80 രുപ കൊടുത്താണ് തന്നെ ഓട്ടോയിൽ കൊണ്ടുപോയതെന്നും താൻ 120 രൂപ നൽകിയാണ് തിരിച്ചു വന്നതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പീഡനം നടന്ന സ്ഥലം കണ്ടെത്താൻ അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.