ബെംഗലൂരു: ലൈംഗികമായി തന്നെ പീഡിപ്പിച്ച പിതാവിനെ പതിനേഴുകാരി സഹപാഠികളായ ആൺ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി. കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടി ആൺസുഹൃത്തിന്റെയും മൂന്ന് സഹപാഠികളുടെയും സഹായത്തോടെയാണ് പിതാവിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലർച്ചെ 12.30യോടെ ബെംഗലൂരുവിലാണ് സംഭവം.

കൊല്ലപ്പെട്ടയാൾ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് പെൺകുട്ടി കൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. പുലർച്ചെ 12.30ഓടെയാണ് കൊലപാതകം നടന്നത്.

സംഭവ ദിവസം പെൺകുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. പുലർച്ചെ 1.30 ഓടെ പെൺകുട്ടി അയൽവാസികളുടെ അടുത്തേക്ക് ഓടിയെത്തി പിതാവിനെ ചില അജ്ഞാതർ ആക്രമിച്ചതായി അറിയിച്ചു. അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പെൺകുട്ടി ആൺ സുഹൃത്തിനോട് പറഞ്ഞിരുന്നു. തുടർന്ന് ആൺസുഹൃത്ത് തന്റെ മൂന്ന് സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. നാലുപേരും പ്രായപൂർത്തിയാകാത്തവരും പെൺകുട്ടിയുടെ സഹപാഠികളുമാണ്. ആളെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കൾ സ്ഥലം വിട്ടു.

പെൺകുട്ടി തന്റെ അനുജത്തിയെ വിളിച്ചുണർത്തി സഹായത്തിനായി നിലവിളിക്കുകയും അയൽവാസികളെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തിയ രക്തത്തിൽ കുളിച്ചുകിടക്കുന്ന പിതാവിനെയാണ് കണ്ടത്.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് പെൺകുട്ടിയെ ചോദ്യംചെയ്തു. പെൺകുട്ടിയുടെ മൊഴികളിൽ ചില പൊരുത്തക്കേടുള്ളതായി പൊലീസിനു തോന്നി. തുടർന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലിൽ തന്റെ നിർബന്ധത്തിന് വഴങ്ങി സുഹൃത്തുക്കളാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് സമ്മതിക്കുകയായിരുന്നു

കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്നത് ശരിയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രാഥമിക വിലയിരുത്തലിൽ പെൺകുട്ടി പറയുന്നത് ശരിയാണെന്നും പെൺകുട്ടിയുടെ അമ്മ ഇത് ശരിവെച്ചതായും പൊലീസ് പറയുന്നു.