ലക്നൗ: ഉത്തർപ്രദേശിൽ കാർ ശരീരത്തിൽ തട്ടിയെന്ന് ആരോപിച്ച് ടാക്സി ഡ്രൈവറെ നടുറോഡിൽവെച്ച് ആക്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ലക്നൗ നഗരത്തിലെ അവാദ് ക്രോസിംഗിലാണ് സംഭവം. പ്രശ്നത്തിൽ ഇടപെട്ട മറ്റൊരാളേയും യുവതി മർദിച്ചു. എന്നാൽ എന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.

സീബ്രാ ക്രോസിങ്ങിൽവെച്ച് യുവതി കാർ ഡ്രൈവറെ തുടർച്ചയായി അടിക്കുന്നതും സംഭവത്തെ തുടർന്ന് ഗതാഗത തടസം ഉണ്ടാകുന്നതും ദൃശ്യങ്ങളിൽ കാണാം. ട്രാഫിക് പൊലീസ് വിഷയത്തിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ യുവതി വീണ്ടും വീണ്ടും ഡ്രൈവറെ അടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചവരോരോടായി വനിതാ പൊലീസിനെ വിളിക്കാൻ ഡ്രൈവർ ആവശ്യപ്പെടുന്നുണ്ട്.

 

മർദനം തടയാൻ എത്തിയ മറ്റൊരാളോട് യുവതി തർക്കിക്കുകയും അയാളെ തല്ലുകയും ചെയ്തു. തന്റെ ശരീരത്തിൽ തൊടരുതെന്ന് അയാൾ ശബ്ദമുയർത്തുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് യുവതി ഇയാളുടെ ഷർട്ടിൽ കുത്തിപ്പിടിക്കുന്നതും തല്ലുന്നതും മറ്റൊരു വീഡിയോയിൽ കാണാം. എന്തിനാണ് ഡ്രൈവറെ മർദ്ദിക്കുന്നതെന്ന് ചോദിച്ചപ്പോൾ, അയാളുടെ കാർ തന്റെ മേൽ തട്ടിയെന്നാണ് ഇവർ പറയുന്നത്.

ലക്‌നൗവിലെ അവാദ് ക്രോസിംഗിൽ ഒരു പെൺകുട്ടി കാർ ഡ്രൈവറെ അടിക്കുകയും അയാളുടെ ഫോൺ നശിപ്പിക്കുകയും ചെയ്തു എന്ന കുറിപ്പോടെ മേഘ് അപ്‌ഡേറ്റ്സ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ഇതിനകം വീഡിയോ കണ്ടത്.