കൊല്ലം: കരുനാഗപ്പള്ളിയിൽ തൂങ്ങി മരിച്ച പന്ത്രണ്ട് വയസുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്. പോസ്റ്റ് മാർട്ടം നടത്തിയ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് വിവരം പൊലീസിന് കൈമാറിയത്. പെൺകുട്ടിയുടെ ശരീരത്തിലും രഹസ്യ ഭാഗങ്ങളിലും ചെറിയ മുറിവുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ ദിവസമാണ് കുലശേഖരപുരം സ്വദേശിനി പ്രീതി(12)യെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുലശേഖരപുരം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു. പരീക്ഷയായതിനാൽ നേരത്തെ മുറിയിൽ കയറി കതകടച്ചിരുന്നു പഠിക്കുകയായിരുന്നു പ്രീതി. പിറ്റേന്ന് രാവിലെ അമ്മ വിളിച്ചിട്ട് മുറിയിൽ നിന്നും പ്രതികരണമൊന്നുമുണ്ടാകാഞ്ഞതിനെ തുടർന്ന് ഇളയ മകൻ പ്രവീൺ വീടിന് പുറകു വശത്തുള്ള ജനാല തുറന്ന് നോക്കുമ്പോഴാണ് പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്.

മൃതദേഹം കണ്ട പ്രവീണിന്റെ നിലവിളി കേട്ട് ഓടിക്കൂടിയവർ മുറിയുടെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറി. പെൺകുട്ടി മരിച്ചു എന്നറിഞ്ഞതോടെ ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ജനാലയിൽ തൂങ്ങി നിലയിലായിരുന്ന മൃതദേഹത്തിന്റെ മുട്ടുകൾ നിലത്ത് കുത്തിയ നിലയിലായതിനാൽ പൊലീസിന് പ്രഥമ ദൃഷ്ടിയാൽ മരണത്തിൽ സംശയം തോന്നി. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡോ.സതീഷ് ബിനോയെ വിവരമറിയിക്കുകയായിരുന്നു.

കമ്മീഷ്ണറുടെ നിർദ്ധേശ പ്രകാരം കൊല്ലത്ത് നിന്നും ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. സംഭവസ്ഥലത്തെത്തിയ കമ്മീഷ്ണറുടെ സാന്നിധ്യത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മാർട്ടത്തിനായി അയച്ചു.

മരിച്ച പെൺകുട്ടി ഏറെ നാളായി അമ്മയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് പഠിച്ചു കൊണ്ടിരുന്നത്. മരണത്തിന് തൊട്ടുമുൻപുള്ള ദിവസമാണ് സ്വന്തം വീട്ടിൽ തിരികെ എത്തിയത്. പെൺകുട്ടിയുടെ അടുത്ത ബന്ധുവിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വഷണം. ഇയാളെ കൂടാതെ മറ്റു രണ്ടു പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.

അതേ സമയം പ്രീതി പൊതുവേ ശാന്ത സ്വഭാവമുള്ളതും മറ്റുള്ളവരോട് അധികം ഇടപഴകാത്തതുമായ സ്വഭാവക്കാരിയാണെന്ന് കുലശേഖര പുരം സ്‌ക്കൂളിലെ വിദ്യാർത്ഥികളും സഹപാഠികളും പറയുന്നു. കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ നാളെ അറസ്റ്റ് ഉണ്ടാകുമെന്ന് കമ്മീഷണർ സതീഷ് ബിനോ മറുനാടനോട് പറഞ്ഞു.