ഫ്‌ളോറിഡ: സഹോദരങ്ങൾ തമ്മിലുള്ള വഴക്കിനിടെ സഹോദരനെ വെടിവച്ചു കൊന്ന പതിനഞ്ചുകാരി വർഷങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയായവളെന്ന് പൊലീസ്. ശാരീരികമായും ലൈംഗികമായും കുടുംബത്തിലുള്ളവർ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പൊലീസിനു നൽകിയ മൊഴിയിൽ വ്യക്തമായി. ഞായറാഴ്ചയാണ് സഹോദരങ്ങൾ തമ്മിലുള്ള വഴക്കിനിടെ കൊളംബിയ കൗണ്ടിയിലെ വൈറ്റ് സ്പ്രിംഗിലുള്ള പതിനഞ്ചുകാരിയായ ഏരിയൽ സഹോദരൻ പതിനാറു വയസുള്ള ഡാമിയനെ വെടിവയ്ക്കുന്നത്. പതിനൊന്നു വയസുള്ള സഹോദരി നിക്കോളും സംഭവത്തിന് സാക്ഷ്യം വഹിച്ചിരുന്നു.

മാതാപിതാക്കൾ കുട്ടികളെ തനിച്ചാക്കി പുറത്തുപോയിരുന്ന സമയത്താണ് വെടിവയ്‌പ്പ് നടക്കുന്നത്. ഇവരുടെ മൂന്നു വയസുള്ള മറ്റൊരു സഹോദരിയേയും വീട്ടിലാക്കിയിട്ടാണ് മാതാപിതാക്കളായ കീത്തും മിസ്റ്റി കോർനെഗേയും പുറത്തുപോയത്. അതേസമയം തന്നെ കുടുംബത്തിലുള്ളവർ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ഏരിയൽ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

2010 മുതൽ തന്നെ അമ്മാവൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മാവനെതിരേ കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഒരു ഘട്ടത്തിൽ സഹോദരങ്ങൾ തമ്മിൽ ലൈംഗികവേഴ്ച നടത്തുന്നത് ഇവരുടെ അമ്മ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മാതാപിതാക്കൾ തന്നെ  ഒരു മുറിയിൽ പൂട്ടിയിടുകയാണ് പതിവെന്നും ഏരിയൽ വെളിപ്പെടുത്തുന്നു. പുതയ്ക്കാൻ ബ്ലാങ്കറ്റും മൂത്രമൊഴിക്കാൻ ഒരു ബക്കറ്റും മാത്രമാണ് തനിക്കു തന്നിരുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി.

ട്രക്ക് ഡ്രൈവറായ കീത്തിനൊപ്പം ട്രിപ്പുകൾക്ക് മിസ്റ്റി കോർനെഗേയും പതിവായി പോകാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. പതിവു പോലെ ഞായറാഴ്ച ഇരുവരും ട്രിപ്പ് പോയ ദിവസം രാത്രി തന്നെയാണ് വീട്ടിൽ കൊലപാതകം അരങ്ങേറുന്നത്. മാതാപിതാക്കളുടെ ബെഡ്‌റൂമിൽ സൂക്ഷിച്ചിരുന്ന തോക്ക് കൈവശപ്പെടുത്തിയാണ് ഏരിയൽ സഹോദരനെ വെടിവച്ചത്. ഇതിനൊക്കെ കൂട്ടുനിന്നത് പതിനൊന്നുകാരി നിക്കോളും.

നിക്കോൾ തന്റെ കൂട്ടുകാരികളിലൊരാളെ ഫോണിൽ വിളിച്ച് സഹായം ആവശ്യപ്പെട്ടതോടെയാണ് സംഭവം പൊലീസിലെത്തുന്നത്. താൻ വീട്ടിൽ നിന്ന് ഓടിപ്പോയെന്നും ആരെങ്കിലും സഹായിക്കാൻ വരണമെന്നുമാണ് നിക്കോൾ കൂട്ടുകാരിയെ വിളിച്ചു പറയുന്നത്. നിക്കോൾ പറഞ്ഞ സ്ഥലത്തെത്തിയ കൂട്ടുകാരിയുടെ അമ്മ നിക്കോളിനേയും ചേച്ചിയേയും കണ്ടെത്തുകയായിരുന്നു. വീട്ടിൽ സഹോദരന് അപകടം പറ്റിയെന്നും കുട്ടികൾ ഇവരോട് പറയുകയായിരുന്നു. തുടർന്ന് ഇവർ തന്നെയാണ് പൊലീസിൽ വിവരമറിയിക്കുന്നത്.
പൊലീസെത്തി പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് വെടിവയ്പു കഥ പുറത്താകുന്നത്. സഹോദരൻ തന്നെ അടിച്ചുവെന്നും മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നും ഏരിയൽ പൊലീസിനോട് പറഞ്ഞു. സഹോദരൻ ഉറങ്ങാൻ പോയപ്പോൾ നിക്കോൾ വന്ന് മുറി തുറന്നതിനെത്തുടർന്ന് ഏരിയൽ തോക്ക് കൈവശപ്പെടുത്തി ഡാമിയനെ വെടിവയ്ക്കുകയുമായിരുന്നു.

ചൊവ്വാഴ്ച ട്രിപ്പ് കഴിഞ്ഞെത്തിയ മാതാപിതാക്കളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളെ തനിച്ചാക്കി പുറത്തുപോയതിനും കുട്ടികളുടെ സംരക്ഷത്തിൽ വീഴ്ച വരുത്തിയതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടികളെ ഇരുവരേയും ജുവനൈൽ ഹോമിൽ ആക്കിയിരിക്കുകയാണ്. ഇളയ സഹോദരി സോഷ്യൽ കെയറിന്റെ സംരക്ഷണത്തിലുമാണ്.