തിരുവനന്തപുരം: അവർ ഐഎസിൽ ചേർന്നിട്ടുണ്ടെങ്കിൽ ഇനിയെനിക്കവരെ കാണേണ്ട. എന്റെ മുന്നിൽ വന്നുപെട്ടാൽ അവരെ വെടിവച്ചുകൊല്ലും. അതാണെന്റെ തീരുമാനം. അവർക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെങ്കിൽ അവരെ മരിച്ചതായി കണക്കാക്കും- പടന്നയിൽ നിന്ന് കാണാതായ ഡോ. ഇജാസിന്റെയും എൻജിനീയറായ ഷിഹാബിന്റെയും പിതാവ് അബ്ദുറഹ്മാന്റെ വാക്കുകളാണിത്. രണ്ടുമക്കളും അവരുടെ ഭാര്യമാരും ഇജാസിന്റെ കുഞ്ഞുമുൾപ്പെടെ അഞ്ചുപേരാണ് ഈ കുടുംബത്തിൽ നിന്ന് കാണാതായത്. ഇവർ ഇസഌമിക് സ്റ്റേറ്റിൽ ചേർന്നതായുള്ള വിവരങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തിൽ അന്വേഷണം ശക്തമാക്കണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം.

പടന്നയിലെ ഹഫീസുദ്ദീനെ കുറിച്ച് വിവരമൊന്നുമില്ലെന്നറിഞ്ഞാണ് പിതാവ് ഹക്കീം ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. ഭീകര സംഘത്തോടൊപ്പം ചേരാനാണ് തന്റെ ഏക മകൻ നാടുവിട്ടതെങ്കിൽ അവൻ മരിച്ചതായി കരുതുന്നുവെന്ന് ഹക്കീമും പറയുന്നു. ചെറുപ്പക്കരെ തീവ്രവാദത്തിലേക്ക് നയിക്കുന്ന സംഘങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കാസർകോട് പടന്ന, തൃക്കരിപ്പൂർ മേഖിലകളിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റിലെത്തി എന്ന് സംശയിക്കുന്നവരുടെ ബന്ധുക്കളാണ് മക്കളെ തള്ളിപ്പറഞ്ഞത്. നാട്ടിൽ കുഴപ്പമുണ്ടാക്കുന്ന സംഘത്തോടൊപ്പം ചേരുകയാണ് മക്കളുടെ ലക്ഷ്യമെങ്കിൽ അവരെ തനിക്ക് വേണ്ടെന്ന് അബ്ദുറഹ്മാൻ പറഞ്ഞു. പടന്നയിലെ ഹഫീസുദ്ദീനെ കുറിച്ച് വിവരമൊന്നുമില്ലെന്നറിഞ്ഞാണ് പിതാവ് ഹക്കീം ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.

കാസർഗോഡ്, പാലക്കാട് ജില്ലകളിൽ നിന്ന് കാണാതായ 16 യുവതീയുവാക്കൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാലക്കാട് സ്വദേശികളായ ഈസ, യഹ്‌യ, ഇവരുടെ ഭാര്യമാർ, തൃക്കരിപ്പൂർ ഉടുമ്പൻതലയിലെ എൻജിനീയർ അബ്ദുൾ റാഷിദ്, ഭാര്യ സോണിയ, മകൾ സാറ, തൃക്കരിപ്പൂരിലെ മർവാൻ, മർഷിദ്, ഫിറോസ്, അസീസുൾ, അഷ്ഫാക്, പടന്ന സ്വദേശി ഡോ. ഇജാസ്, ഭാര്യ ആയിഷ, സഹോദരൻ എൻജിനീയർ ശിഹാബ് എന്നിവരെയാണ് ഇപ്പോൾ കാണാതായിട്ടുള്ളത്. ഇവർ ഐഎസിൽ ചേർന്നതാണോ എന്നകാര്യത്തിൽ അന്വേഷണം ഊർജിതമായി നടക്കുകയാണ്. കാണാതായവർ വിദേശത്തേക്ക് പോയതായും തിരിച്ചുവന്നിട്ടില്ലെന്നും മാത്രമാണ് അറിയാൻ സാധിച്ചിട്ടുള്ളതെന്നും അവർ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ചില്ലെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

പാലക്കാട്ട് നിന്ന് രണ്ട് ഭർത്താക്കന്മാർക്കൊപ്പം കാണാതായ യുവതികളെ മതംമാറ്റി വിവാഹംചെയ്യുകയായിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യഹിയ ഭാര്യയാക്കിയ മെറിൻ മറിയയായി. ഈസ ഭാര്യയാക്കിയ നിമിഷ ഫാത്തിമയും. ഇവരുവരുടെ കാര്യത്തിലും മതംമാറുന്നതിനെ മാതാപിതാക്കൾ ചോദ്യംചെയ്‌തെങ്കിലും അതു കൂട്ടാക്കാതെ മക്കൾ ഭർത്താക്കന്മാർക്കൊപ്പം പോകുകയായിരുന്നു. മകൾ മൂന്നാഴ്ചമുമ്പ് ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് അമ്മ മിനി പറയുന്നത്.

ഭർത്താവ് യഹിയയ്‌ക്കൊപ്പം മകൾ പാലക്കാട് ഉണ്ടെന്ന വിശ്വാസത്തിലായിരുന്നു തങ്ങളെന്ന് മാതാപിതാക്കൾ പറഞ്ഞു. മറിയത്തിന്റെ ഭർത്താവ് യഹിയയ്ക്ക് നാലിലധികം ഫോൺ നമ്പറുകൾ ഉണ്ടായിരുന്നെങ്കിലും മറിയത്തെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് മകളും ഭർത്താവും ശ്രീലങ്കയിലേക്ക് പോയി. തിരിച്ചു വന്ന മറിയത്തോട് യാത്രയെ കുറിച്ച ചോദിച്ചപ്പോൾ പ്രാർത്ഥനയ്ക്ക് പോകുന്നു എന്നായിരുന്നു മറുപടി. ഇത് കെണിയാണെന്ന മുന്നറിയിപ്പ് നൽകി താൻ വിലക്കിയിരുന്നെങ്കിലും അത് മകൾ കണക്കിലെടുത്തില്ലെന്ന് അമ്മ മിനി പറഞ്ഞു. ഐഎസിലേക്കാണോ പോകുന്നതെന്ന് ചോദിച്ചപ്പോൾ അല്ലെന്നായിരുന്നു മകൾ മറുപടി നൽകിയത്. മിനി പറയുന്നു.

അതേസമയം പൊലീസ് തന്റെ പരാതി ഗൗരവത്തോടെ കണ്ടിരുന്നെങ്കിൽ മകൾക്ക് ഈ ദുരവസ്ഥയുണ്ടാകില്ലെന്ന് പാലക്കാട്ടുനിന്ന് കാണാതായ ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷയുടെ അമ്മ ബിന്ദു പരാതിപ്പെടുന്നു. തമിഴ്‌നാട്ടിൽ ബിഡിഎസ് വിദ്യാർത്ഥിനിയായിരിക്കേയാണ് നിമിഷയെ ഈസ വിവാഹം കഴിച്ചതെന്നും നാലുദിവസത്തെ പരിചയം വച്ചാണ് അവർ വിവാഹിതരായതെന്നുമാണ് ബിന്ദു പറയുന്നത്. ഈസ മുമ്പ് ബെറ്റ്‌സയായിരുന്നു. തന്റെ മകൾ നിമിഷയും. ഇരുവരും പിന്നീട് മതംമാറുകയും ഈസായെന്നും ഫാത്തിമയെന്നും പേര് സ്വീകരിക്കുകയുമായിരുന്നു. തന്റെ മകൾ ഗർഭിണിയാണെന്നും ആഗസ്റ്റിലായിരിക്കും പ്രസവമെന്നും അവളെ എത്രയും വേഗം തിരിച്ചെത്തിക്കാൻ പൊലീസ് നടപടിയെടുക്കണമെന്നും ആണ് ബിന്ദു ആവശ്യപ്പെടുന്നത്.

പെൺകുട്ടി പഠിച്ചിരുന്ന കോളജിലെ സീനിയർ വിദ്യാർത്ഥികൾ ഇടപെട്ടാണ് മതംമാറ്റിയതെന്നും മതംമാറിയവർക്ക് മതംമാറിയവരെത്തന്നെ പങ്കാളികളാക്കിക്കൊടുത്തതെന്നും അമ്മ പറയുന്നു. പരാതി നൽകിയെങ്കിലും ഇവരുടെ വിവാഹം നടന്നു. നാലുമാസം കഴിഞ്ഞപ്പോൾ മകളുടെ ഫോൺ വരാൻ തുടങ്ങിയപ്പോൾ സന്തോഷമായി. തുടർന്ന് അവിടെപ്പോയി അവളെ കണ്ടു. ഈസയുടെ വീട്ടുകാരോടു സംസാരിച്ചു. മകൾ മതം മാറിയതൊന്നും പ്രശ്‌നമല്ലെന്നും തനിക്കു മകളെ തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ടു.

പിന്നീട് താൻ അവിടെനിന്നും മടങ്ങി. ഇതിനിടയിൽ മകൾ ഗർഭിണിയായി. മകൾ വീട്ടിലേക്കു വരാമെന്നും പിന്നീട് സമ്മതിച്ചു. വീട്ടിലെത്തിയ മകളെ താൻ സ്വീകരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്തു. മൂന്നു മണിക്കൂർ തന്നോടൊപ്പം ചിലവഴിച്ചതിനു ശേഷം തിരിച്ചു പോയി. ഇതിനു പിന്നാലെ ശ്രീലങ്കയിലേക്ക് പോകുകയാണെന്നും ഇനി വിളിക്കാൻ സാധിക്കില്ലെന്നും പറഞ്ഞ് ഫോൺവന്നു. മകളുടെ ശബ്ദം കേൾക്കണമെന്ന് നിർബന്ധം പിടിച്ചപ്പോൾ പിന്നീട് ഇടയ്ക്കിടെ വാട്‌സ് ആപ് വഴി ശബ്ദസന്ദേശങ്ങളാണ് അയച്ചത്. പക്ഷേ ജൂൺ നാലിന് ശേഷം വിവരമൊന്നുമില്ലാതായി. എന്റെ മകളെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചു തരണം - പൊട്ടിക്കരഞ്ഞുകൊണ്ട ബിന്ദു പറയുന്നു.

ജൂൺ 15ന് പാലക്കാട് ചെന്ന് ഇസായുടെ മാതാപിതാക്കളെയും കൂട്ടി ഹർജി നൽകാൻ തീരുമാനിച്ചു. തുടർന്ന് ഇക്കാര്യം ശ്രീലേഖ ഐപിഎസിനെ അറിയിച്ചു. എന്നാൽ കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ല പിന്നീട് പത്രത്തിലാണ് അറിയുന്നത് 16 പേരെ കാണാനില്ലെന്നും അതിലൊരു പെൺകുട്ടി തന്റെ മകളാണെന്നും അറിയുന്നതെന്നും ബിന്ദു പറുയന്നു.

അതിനിടെ, കാണാതായവരിൽ ചിലർ മതംമാറി ഇ്‌സളാംമതം സ്വീകരിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട്ടുനിന്ന് കാണാതായ രണ്ടുദമ്പതികളും ഇത്തരത്തിൽ മതംമാറിയവരാണെന്നാണ് വിവരം. കാണാതായവരിൽ പലരും അഭ്യസ്തവിദ്യരാണെന്നതും അധികൃതരെ അമ്പരപ്പിക്കുന്നുണ്ട്. ഇസഌമിക് സ്റ്റേറ്റ് രാജ്യത്ത് നല്ല വിദ്യാഭ്യാസമുള്ളവരെയാണ് അംഗങ്ങളാക്കുന്നതെന്ന്ാണ് ഇതുവരെയുള്ള അന്വേഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇപ്പോൾ കാണാതായവരിൽ പാലക്കാട്ടുനിന്നുള്ളവരെല്ലാം ഉന്നത പഠനത്തിനിടെയാണ് പരിചയപ്പെടുന്നതും മതംമാറി ഇസഌംമതം സ്വീകരിച്ച് വിവാഹം കഴിക്കുന്നതും. കാസർകോട്ടുനിന്ന് കാണാതായ സഹോദരങ്ങളിലൊരാൾ ഡോക്ടറും മറ്റെയാൾ എൻജിനീയറുമാണ്.

കാണാതായ മറ്റുള്ളവരും കമ്പ്യൂട്ടറും മറ്റും ഉപയോഗിക്കാൻ അറിയാവുന്നവരാണെന്നതിനാൽ ഐഎസ് റിക്രൂട്ട് ചെയ്യുന്നത് അഭ്യസ്തവിദ്യരെയാണെന്ന നിഗമനത്തിലേക്കാണ് പൊലീസിനെ നയിക്കുന്നത്. അടുത്തിടെ ഹൈദരാബാദിൽ വൻ ആക്രമണത്തിനുള്ള ഐഎസ് പദ്ധതി തകർത്ത എൻഐഎയുടെ പിടിയിലായവരിൽ മിക്കവരും കോളേജുകളിലും മറ്റും പഠിക്കുന്നവരും ചിലർ ഉയർന്ന ഉന്നത വിദ്യാഭ്യാസം നേടി ഉദ്യോഗത്തിലിരിക്കുന്നവരും ആയിരുന്നു.

അതേസമയം, നേരത്തെ കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർക്കാനായി കൊണ്ടുപോയ 11പേരെ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം തിരികെയെത്തിച്ചതായും വിവരമുണ്ട്. ഇവർ ഇപ്പോൾ ഇത്തരം ബന്ധങ്ങൾ ഉപേക്ഷിച്ചു സമൂഹത്തിൽ പൊതുധാരയുടെ ഭാഗമായെന്ന വാർത്തകളാണ ്പ്രചരിക്കുന്നത്. ഇപ്പോൾ നാട് വിട്ടവരെയും ഇതേ രീതിയിൽ തിരികെ കൊണ്ടുവരാൻ സാധിക്കുമോയെന്ന ശ്രമം കേന്ദ്ര ഏജൻസികൾ നടത്തുന്നുണ്ടെന്നാണ് സൂചന.