കൊച്ചി: സ്വർണ്ണത്തേക്കാൾ പണം നിക്ഷേപിക്കാനിപ്പോൾ ഏറ്റവും നല്ല മാർഗ്ഗം വജ്രമാണെന്ന പരസ്യവാചകം പറഞ്ഞ് ഉത്തരേന്ത്യൻ ജുവലറി ഗീതാഞ്ജലി ഗ്രൂപ്പ് കേരളത്തിൽ നടത്തിയ കോടികളുടെ തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ടവരിൽ കേരളത്തിലെ നിരവധി ഫ്രാഞ്ചൈസികളും. നിക്ഷേപകർക്കു പുറമെ കമ്പനി ഫ്രാഞ്ചൈസി എടുത്തവർക്കും കോടിക്കണക്കിന് രൂപയാണു നഷ്ടപ്പെട്ടതെന്നാണു വിവരം.

വലിയ പരസ്യങ്ങൾ കണ്ട് വഞ്ചിതരായി ഇവരുടെ കോടികൾ ആണ് നഷ്ടപ്പെട്ടത്. നിവൃത്തിയില്ലാതെ ഷോറൂം അടച്ച മാനനഷ്ടം വേറെയും. കേരളത്തിൽ ഇപ്പോൾ ഗീതാഞ്ജലി ജുവലറി ഗ്രൂപ്പിന്റെ ഒരു ഫ്രാഞ്ചൈസി പോലും തുറന്നു പ്രവർത്തിക്കുന്നില്ല. കമ്പനിയുടെ കബളിപ്പിക്കലിൽ ഇരയായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ കമ്പനി ഫ്രാഞ്ചൈസി ഉടമകൾ കോടികൾ കിട്ടാനുള്ള കമ്പനിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ഗീതാഞ്ജലി ഗ്രൂപ്പ് സൗത്ത് ഇന്ത്യയിൽ ബാംഗ്ലൂരൊഴിച്ച് ഒരു ഫ്രാഞ്ചൈസി പോലുമിപ്പോൾ തുറക്കുന്നില്ലയെന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. എന്നാൽ കമ്പനി ഇത്രയേറെ തട്ടിപ്പുകൾ നടത്തി നിക്ഷേപകരേയും ഫ്രാഞ്ചൈസി ഉടമകളേയും പറ്റിച്ചിട്ടും, പുതിയ ഫ്രാഞ്ചൈസികൾ തുടങ്ങാനായി ആളുകളെ ക്ഷണിക്കുന്ന പരസ്യങ്ങൾ പല പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലും കൊടുക്കുന്നുണ്ട്.

ഉത്തരേന്ത്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗീതാഞ്ജലി ഗ്രൂപ്പെന്ന സ്ഥാപനം കൊച്ചിയിൽ ലുലുമാളിൽ ഗ്രൗണ്ട് ഫ്ളോറിൽ മായ ഡയമണ്ട് എന്ന പേരിൽ ഫ്രാഞ്ചൈസി തുടങ്ങിയത് 2013 മാർച്ചിലാണ്. വലിയ പരസ്യത്തോടെയായിരുന്നു ഇതിന്റെ ഉദ്ഘാടനവും മറ്റും അന്ന് നടന്നത്. കൊച്ചിയിലെ ഷോറും അന്ന് ഉദ്ഘാടനം ചെയ്തത് ഗ്ലാമർ താരം ബിപാഷ ബസുവായിരുന്നു. ബിപാഷ കമ്പനിയുടെ ബ്രാന്റ് അംബാസിഡറാണ് എന്നാണ് കമ്പനി ഉടമകൾ കൊച്ചി ഫ്രാഞ്ചൈസി നടത്തിപ്പുകാരെ അറിയിച്ചത്. ഇതിനു ബിപാഷയ്ക്ക് പ്രതിഫലമായി 30 ലക്ഷം രൂപയോളം ചെലവായി ഇതിന്റെ പകുതി പണം ഫ്രാഞ്ചൈസി ഉടമകളാണ് കൊടുത്തത്. ലുലുവിലും തിരുവനന്തപുരത്തും മറ്റും വാടകക്കെടുത്ത കെട്ടിടത്തിന്റെ അഡ്വാൻസ് തുകയും ഉദ്ഘാടനത്തിനും, ഷോറൂം പണികൾ പൂർത്തിയാക്കുവാനും ഫ്രാഞ്ചൈസി ഉടമകൾക്ക് ലക്ഷങ്ങളാണ് ചെലവായത്. ഒപ്പം സ്റ്റോക്ക് ഇനത്തിലും കമ്പനി ഇവരെ പറ്റിച്ചതായും കേൾക്കുന്നു.

ഡയമണ്ട് വാങ്ങിക്കാൻ തവണ വ്യവസ്ഥയിൽ പണം കൊടുത്തവരെയാണ് കമ്പനി വെട്ടിലാക്കിയത്. തവണ വ്യവസ്ഥയിലുള്ള പണവും ചെക്കുകളും കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോയിക്കൊണ്ടിരുന്നതെന്നാണ് ഫ്രാഞ്ചൈസി ഉടമകൾ പറയുന്നത്. ഈ സ്‌കീമിനൊപ്പം ഇതിൽ ചേർന്നിട്ടുള്ളവർക്ക് ലക്കിഡ്രോയും മാസങ്ങളിൽ നടത്തിയിരുന്നു. അതും ഫ്രാഞ്ചൈസി ഉടമകൾക്ക് പണിയായി. ലക്കിഡ്രോയിൽ സമ്മാനം അടിച്ചവർക്ക് ആഭരണങ്ങൾ കൊടുത്തതു ഫ്രാഞ്ചൈസികളാണ്. ഇവർ ആദ്യം പണം കൊടുത്ത് കമ്പനിയിൽ നിന്ന് വാങ്ങിച്ച സ്റ്റോക്കിൽ നിന്നുള്ള ആഭരണങ്ങളാണ് കമ്പനിയുടെ സ്‌കീമിൽ സമ്മാനം അടിച്ചവർക്ക് കൊടുത്തിരുന്നത്. ഇതിന്റെ പണം കമ്പനി ഇവർക്കു തിരിച്ചു നൽകാമെന്നും പറഞ്ഞിരുന്നു പക്ഷേ കിട്ടിയില്ലെന്നാണ് ഇവരുടെ ആരോപണം.

കേരളത്തിൽ ഇറങ്ങുന്ന പ്രമുഖ പത്രങ്ങളിൽ ഉത്തരേന്ത്യയിലെ പ്രമുഖ ജുവലറി ഗ്രൂപ്പ് ഫ്രാഞ്ചൈസി ക്ഷണിക്കുന്നുവെന്ന വലിയ പത്ര പരസ്യങ്ങൾ കണ്ടാണ് ഇവർ ഫ്രാഞ്ചൈസികൾക്കായി കമ്പനിയെ സമീപിച്ചത്. ഷോറൂം തുടങ്ങുന്നതിനു മുമ്പുതന്നെ കമ്പനിയിൽ നിന്നും കോടികൾ കൊടുത്തു ഡയമണ്ട് ആഭരണങ്ങൾ ഇവർ വാങ്ങി. ഇതിൽ കുറെ വിറ്റുപോയി. ചിലത് ലക്കിഡ്രോ സമ്മാനമായി കൊടുത്തു. കോടികളുടെ സ്റ്റോക്ക് ഇപ്പോഴും തിരുവനന്തപുരം, കൊച്ചി ഷോറൂം ഉടമകൾ ഇപ്പോഴും കൈവശം വച്ചിരിക്കുകയാണെന്നും, പണം തരാതെ ഡയമണ്ട് തിരിച്ചു വാങ്ങിക്കാൻ പൂട്ടിയ സമയത്ത് കമ്പനി ശ്രമം നടത്തിയതായും അറിയുന്നു. എന്നാൽ ഇവർ ഡയമണ്ട് തിരിച്ചു കൊടുക്കാൻ തയ്യാറായില്ലെന്ന് അറിയുന്നു. ഇപ്പോൾ കേരളത്തിൽ ഇവരുടെ ഒരു ഫ്രാഞ്ചൈസി പോലും പ്രവർത്തിക്കുന്നില്ല. കമ്പനിയുമായി സഹകരിച്ച ഫ്രാഞ്ചൈസി ഉടമകൾക്ക് കോടികൾ കമ്പനി തിരിച്ചു നൽകാനുണ്ട് ഇത് കിട്ടിയാൽ മാത്രമേ ബാക്കി സ്റ്റോക്കുകൾ കമ്പനിക്ക് തിരിച്ചു കൊടുക്കുകയുള്ളൂ എന്ന നിലപാടിലാണിവർ. ഒപ്പം കേരളത്തിലെ എല്ലാ ഫ്രാഞ്ചൈസി ഉടമകളും കൂടി കമ്പനിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോവാൻ ഒരുങ്ങുകയാണിപ്പോൾ. പക്ഷേ കമ്പനി ഉടമ വേറെ ഒരു കേസിൽ ഡൽഹിയിൽ വച്ചു പൊലീസ് പിടിയിലായി എന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തയുമുണ്ട്.

ഓൺലൈൻ വഴിക്കും പത്രങ്ങൾ വഴിക്കും വൻ പരസ്യങ്ങൾ ഇവർ ആദ്യം തന്നെ ഡയമണ്ട് നിക്ഷേപത്തെക്കുറിച്ച് കൊടുത്തിരുന്നു. ഓൺലൈൻ വഴിക്കും പണം കൊടുത്ത് ഇതേ സ്‌കീമിൽ ചേർന്നു കമ്പനി പറ്റിച്ചവരും കുറവല്ല എന്നറിയുന്നു. സ്വർണ്ണത്തിന്റെ വില കുത്തനെ കുറഞ്ഞപ്പോൾ പല ജുവലറികളുടെയും സ്വർണ്ണ നിക്ഷേപ പദ്ധതികൾക്കു വൻതോതിൽ ഇടിവ് സംഭവിച്ചിരുന്നു. ഈ സമയങ്ങളിൽ ഡയമണ്ട് നിക്ഷേപമെന്ന പദ്ധതിക്ക് പ്രാധാന്യം നൽകി നിക്ഷേപ പദ്ധതികൾ വമ്പൻ ജുവലറി ഉടമകൾ കൊണ്ടുവന്നിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ഉത്തരേന്ത്യൻ ജൂവലറി ഗീതാഞ്ജലി ഗ്രൂപ്പ് തുടങ്ങിയ ഈ പദ്ധതി മണി ചെയിൻ മാതൃകയിലുള്ള ഒരു തട്ടിപ്പാണോയെന്നും സംശയങ്ങൾ നിലനിൽക്കുന്നു. കമ്പനിയുടെ ഒരു ഷോറൂം പോലും കേരളത്തിൽ ഇപ്പോൾ പ്രവർത്തിക്കാത്ത സാഹചര്യത്തിലും കമ്പനി ഫ്രാഞ്ചൈസികൾ ക്ഷണിക്കുന്നു എന്ന പത്ര പരസ്യം പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഇപ്പോഴും കൊടുക്കുന്നുണ്ട് എന്നാണറിവ്.