ഗ്ലാസ് പതിച്ച ഈ ആകാശപ്പാതയിലൂടെ ഒരുപ്രാവശ്യം നടന്നാൽ നിങ്ങൾക്ക് മറ്റൊന്നിനെയും പേടിക്കേണ്ടിവരില്ല. ചൈനയിലെ ടിയാനന്മെൻ മലയിലാണ് 4600 അടി ഉയരത്തിൽ കോയ്‌ലിങ് ഡ്രാഗൺ ക്ലിഫ് കഴിഞ്ഞ ദിവസം സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ഒന്നരക്കിലോമീറ്ററോളം ഉയരത്തിലുള്ള ആകാശപ്പാത ചൈനയിൽ മൂന്നാമത്തേതാണ്.

ടിയാന്മെൻഷാൻ ദേശീയ പാർക്കിലെ കൊടുമുടിയുടെ വശത്തുകൂടിയാണ് ആകാശപ്പാത നിർമ്മിച്ചിട്ടുള്ളത്. അഞ്ചടി വീതിയുള്ള കണ്ണാടി നടപ്പാതയ്ക്ക് 330 അടി നീളമുണ്ട്. താഴേയ്ക്ക് വളരെ കൃത്യമായി കാണാനാകും എന്നതിനാൽ, ഇതിൽ കയറുന്നവരുടെ ചങ്കിടിപ്പ് കൂടുമെന്നുറപ്പ്.

തടികൊണ്ടുള്ള നടപ്പാതയായിരുന്നു നേരത്തെ ഇവിടെയുണ്ടായിരുന്നത്. അതാണ് കണ്ണാടിനടപ്പാതയാക്കി മാറ്റിയത്. കണ്ണാടി നടപ്പാതകൾക്ക് മുമ്പുതന്നെ പ്രശസ്തമാണ് ടിയാന്മെൻഷാൻ മലകൾ. ഓഗസ്റ്റ് ഒന്നിനായിരുന്നു ഈ നടപ്പാതയുടെ ഉദ്ഘാടനം.

ഉദ്ഘാടനത്തിനുപിന്നാലെ നൂറുകണക്കിന് സാഹസിക സഞ്ചാരികളാണ് കണ്ണാടി നടപ്പാതയിൽ കയറാനെത്തിയത്. പലരും പേടിച്ചരണ്ടു നിലവിളിക്കുന്നുണ്ടായിരുന്നു. മലയുടെ അരികുപറ്റിയാണ് മിക്കവരും നടന്നതും.

2011 നവംബറിലാണ് ഇവിടെ ആദ്യ നടപ്പാത ഉദ്ഘാടനം ചെയ്തത്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ സാഹസിക കാഴ്ചകൾ ആസ്വദിക്കാൻ ഇവിടെയെത്തുന്നത്. ഇതിനുശേഷം രണ്ട് മലകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കണ്ണാടിപ്പാലവും ഇവിടെ നിർമ്മിച്ചു. കഴിഞ്ഞ മെയിലായിരുന്നു അതിന്റെ ഉദ്ഘാടനം.