ചെന്നൈ: ഓസ്‌ട്രേലിയയുടെ സൂപ്പർ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്വെൽ തമിഴക പെൺകൊടി വിനി രാമന് അടുത്ത മാസം താലികെട്ടും. മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതൽ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു.

അടുത്ത മാസം 27-ാം തിയതി ഇരുവരും വിവാഹിതരാകും. കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്നു വിവാഹം നടത്താനായിരുന്നില്ല. പരമ്പരാഗത മഞ്ഞ നിറത്തിൽ തമിഴിലാണ് ഇവരുടെ വിവാഹക്ഷണക്കത്ത് അച്ചടിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ചെന്നൈയിൽ വേരുകളുള്ള വിനി രാമൻ ജനിച്ചതും വളർന്നതും ഓസ്‌ട്രേലിയയിലാണ്. ഓസ്‌ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണ് വിനി. ബിഗ് ബാഷ് ലീഗിൽ മാക്സ്വെലിന്റെ ടീമായ മെൽബൺ സ്റ്റാർസിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. വിനി ജനിച്ചത് ഓസ്‌ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം തുടരുന്നവരാണ്.