കൊച്ചി: സംസ്ഥാന കൃഷി വകുപ്പും കെഎസ്‌ഐഡിസിയും സിഐഐയും ചേർന്നൊരുക്കുന്ന ഗ്ലോബൽ അഗ്രോ മീറ്റ് നാളെ (ആറ്) ആരംഭിക്കും. മൂല്യവർദ്ധിത കൃഷിയും ഭക്ഷ്യസംസ്‌കരണവും എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും ഉൾപ്പെടുന്ന സംഗമം എട്ടു വരെ അങ്കമാലി ആഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിലാണ് സംഘടിപ്പിക്കുന്നത്.

കേരളത്തെ ഹൈടെക് കൃഷിയുടെയും കാർഷിക വ്യവസായത്തിന്റെയും ആസ്ഥാനമാക്കാനുള്ള സർക്കാറിന്റെ പദ്ധതിയുടെ ഭാഗമായാണ് ആഗോള കാർഷിക സംഗമം സംഘടിപ്പിക്കുന്നത്. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധ മോഹൻ സിങ് രാവിലെ 10 മണിക്ക് സംഗമം ഉദ്ഘാടനം ചെയ്യും.  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെപി മോഹനൻ, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, ഷിബു ബേബി ജോൺ, കെ ബാബു, വി കെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ,  എംപി മാരായ ഇന്നസെന്റ്, പ്രൊഫ. കെ വി തോമസ്, ജോസ് കെ മാണി, പി രാജീവ്,  ജോസ് തെറ്റയിൽ എംഎൽഎ, അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ സുബ്രത ബിശ്വാസ് ഐഎഎസ് എന്നിവർ സന്നിഹിതരായിരിക്കും. പ്രൊഫ. (ഡോ) എം എസ് സ്വാമിനാഥൻ, നെതർലാന്റ്‌സ് അംബാസഡർ അൽഫോൻസസ് സ്‌റ്റോലിങ്ക തുടങ്ങിയ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

ഭാരതം- ആഗോള കാർഷിക ഊർജ്ജസ്രോതസ്സ് എന്ന ആശയാവതരണത്തോടെയായിരിക്കും സെഷനുകൾ ആരംഭിക്കുക. 9 സെഷനുകളിലായി 50 ലേറെ വിദഗ്ദ്ധർ സംസാരിക്കും. കൃഷി, ഭക്ഷ്യ സംസ്‌കരണ മേഖല എന്നിവയിലെ അവസരങ്ങൾ സംരംഭകർക്കും നിക്ഷേപകർക്കും പങ്കാളികൾക്കും മുന്നിൽ പ്രദർശിപ്പിക്കാനാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.  ജൈവ-കാർഷിക മേഖലയുമായി ബന്ധപ്പെട്ട 150ലേറെ സ്റ്റാളുകളും നെതർലാന്റ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സ്റ്റാളുകളും സംഗമത്തിന്റെ സവിശേഷതയാണ്. കേരളത്തെ പ്രതിനിധീകരിച്ച് 50 സ്റ്റാളുകളുണ്ട്. സംസ്ഥാനത്തെ പതിനായിരത്തിലേറെ കർഷകരും ആയിരത്തോളം വ്യവസായ പ്രമുഖരും നൂറിലേറെ വിദേശപ്രതിനിധികളും സംഗമത്തിൽ ഒത്തുചേരും. പുതിയ സാങ്കേതികവിദ്യയും വികസിത രാജ്യങ്ങളിലെ വൻ വിളവെടുപ്പിന്റെ വിജയരഹസ്യങ്ങളും നമ്മുടെ മുറ്റത്തുകൊണ്ടുവരികയാണ് ആഗോള കാർഷിക സംഗമത്തിലൂടെ.