ന്യൂഡൽഹി: ഇന്ത്യയുമായി യുദ്ധത്തിന് സാദ്ധ്യതയെന്ന് ചൈനീസ് മാധ്യമമായ ഗ്‌ളോബൽ ടൈംസ്. ഇന്ത്യയിൽ വളർന്നുവരുന്ന ഹൈന്ദവ ദേശീയത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാനയം അട്ടിമറിച്ചെന്നും ഹിന്ദുത്വവാദം ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും ഗ്‌ളോബൽ ടൈംസ് പറയുന്നു.

2014ൽ മോദി അധികാരത്തിലെത്തിയശേഷം മുസ്‌ലിംകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു. ഹൈന്ദവ ദേശീയതയുടെ താൽപര്യം മൂലമാണു ദോക് ലായിൽ സംഘർഷം നടത്തുന്നതിനുള്ള പദ്ധതി ഇന്ത്യ തയാറാക്കി നടപ്പാക്കുന്നത്. മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യയിലെ മതതീവ്രവാദം ശക്തിപ്പെട്ടു.മോദിയാകട്ടെ അധികാരത്തിലെത്താൻ വേണ്ടി വളർന്നുവരുന്ന ഹൈന്ദവ ദേശീയതയെ പ്രോത്സാഹിപ്പിച്ചു.സ്വന്തം താൽപര്യങ്ങൾതന്നെ ഇന്ത്യയ്ക്ക് അപകടമാകുന്ന സ്ഥിതിയാണ്. ദേശീയ ശക്തിയിൽ ഇന്ത്യ ചൈനയേക്കാളും പിന്നിലാണ്. എന്നാൽ ഇന്ത്യയിലെ രാഷ്ട്രീയക്കാർ ഇത് അംഗീകരിക്കാൻ തയാറാകുന്നില്ലെന്നും ഗ്ലോബൽ ടൈംസ് പറയുന്നു.

നയതന്ത്ര തലത്തിൽ, പാക്കിസ്ഥാനും ചൈനയുമടക്കമുള്ള രാജ്യങ്ങളോട് ഇന്ത്യ നിലപാടു കടുപ്പിക്കുകയാണ്. ഇന്ത്യയിലെ ഹിന്ദുത്വവാദികളുടെ ആവശ്യപ്രകാരമാണ് അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ചൈനയുടെ അതിവേഗ വികസനത്തിൽ ഇന്ത്യ ഭയപ്പാടിലാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു.

ഇന്ത്യ- ചൈന അതിർത്തിയിൽ കഴിഞ്ഞ മൂന്നാഴ്ചയായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് ഇപ്പോൾ പ്രശ്‌നം. ചൈന ഇവിടെ സോംപെൽറി ഭാഗത്ത് റോഡ് നിർമ്മാണം തുടങ്ങിയതാണു പ്രശ്‌നത്തിന്റെ തുടക്കം. ആദ്യം ഭൂട്ടാനും പിന്നാലെ ഇന്ത്യയും ഇതിനെ എതിർത്തു. ദോക് ലാ ഭാഗത്ത് ഉടൻ തന്നെ ഇന്ത്യ കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തു. അതിർത്തിയിലെ തൽസ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്.

എന്നാൽ ഇന്ത്യൻ സൈന്യമാണ് അതിർത്തി ലംഘിച്ചതെന്നാണ് ചൈനയുടെ ആരോപണം. മുമ്പ് 2013ൽ ലഡാക്കിലെ ദെസ് പാങ്ങിലും 2014 ൽ ചുമാറിലും അതിർത്തിത്തർക്കം ഉണ്ടായപ്പോൾ മൂന്നാഴ്ച കൊണ്ടു പ്രശ്‌ന പരിഹാരത്തിനു കഴിഞ്ഞിരുന്നു. അന്നു തൽസ്ഥിതി തുടരാൻ ഇരുപക്ഷവും തീരുമാനിക്കുകയും സൈന്യങ്ങളെ പിൻവലിക്കുകയുമാണു ചെയ്തത്. ഇത്തവണ പ്രശ്‌നം മൂന്നാഴ്ച കഴിഞ്ഞും നീളുകയാണ്