കൊച്ചി: അറബിക്കടലിന്റെ റാണിയായ കൊച്ചി നൂറുവർഷം കഴിയുമ്പോൾ വെറും ഓർമ മാത്രമാകുമോ? കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമെന്നു എറണാകുളത്തിനു പേരുചാർത്തിക്കൊടുക്കാൻ പ്രയത്‌നിച്ച ഈ നഗരം ആഗോള താപനത്തിന്റെ ഫലമായി കടലിന്റെ ആഴങ്ങളിലെത്തുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി(എൻഐഒ)യുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ആഗോള താപനം ഉണ്ടാക്കുന്ന പ്രതിഭാസത്തിൽ വർഷങ്ങൾക്കകം കേരളത്തിന്റെ നല്ലൊരു ഭാഗം കടലെടുക്കുമെന്നും കൊച്ചിയെയാണ് ഇത് ഏറെ ബാധിക്കുന്നതെന്നും പഠന റിപ്പോർട്ടു വെളിപ്പെടുത്തുന്നു. അതായതുകൊച്ചി കടലിനടിയിലാകുമെന്നാണ് പഠനത്തിൽ പറയുന്നത്.

ആർ മണി മുരളി, പി കെ ദിനേശ് കുമാർ എന്നീ ഗവേഷകർ ഇൻസ്റ്റിറ്റ്യൂട്ടിനായി നടത്തിയ പഠനത്തിലാണ് കൊച്ചിയുടെ ഭാവിയെക്കുറിച്ചുള്ള പ്രവചനം. ആഗോള താപനത്തിന്റെ അതിപ്രസരം കടലിലും കൊച്ചിയുടെ തീര പ്രദേശങ്ങളിലുമുണ്ടാക്കാനിടയുള്ള വ്യതിയാനങ്ങളെ കുറിച്ചും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഉപഗ്രഹ ചിത്രങ്ങളുടെയും കൊച്ചിയുടെ ത്രിമാന രൂപങ്ങളുടെയും സഹായത്തോടെയാണ് വിശദമായ പഠനം ഗവേഷകർ നടത്തിയത്.

നിലവിലെ സാഹചര്യത്തിൽ തന്നെ ആഗോള താപനം തുടർന്നാൽ ഒരു നൂറ്റാണ്ടിനുള്ളിൽ സമുദ്ര നിരപ്പ് ഒരു മീറ്റർ മുതൽ രണ്ടു മീറ്റർ വരെ ഉയരും. സമുദ്ര നിരപ്പ് ഒരു മീറ്റർ വരെ ഉയർന്നാൽ കേരളത്തിലെ തീരപ്രദേശങ്ങളുടെ 169.11 ചതുരശ്ര കിലോമീറ്റർ വരെ കടൽ വിഴുങ്ങും. രണ്ടു മീറ്റർ വരെ ഉയർന്നാൽ 589.83 ചതുരശ്ര കിലോമീറ്റർ വരെയാകും കടലെടുക്കുന്നത്. സമുദ്ര നിരപ്പ് ഉയരുന്നത് ഒരു മീറ്ററാണെങ്കിൽ 43 ചതുരശ്ര കിലോമീറ്റർ വരെ കൊച്ചി നഗരത്തിനു നഷ്ടമാകും. രണ്ടു മീറ്ററാണെങ്കിൽ 187 ചതുരശ്ര കിലോമീറ്റർ വരെയും നഷ്ടമാകും. അശാസ്ത്രീയ വികസനങ്ങൾ പരിസ്ഥിതിയിലുണ്ടാക്കുന്ന വ്യതിയാനങ്ങളും ഈ പ്രതിഭാസത്തിന് ഒരു കാരണമായി പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഈ ദുരന്തം നേരിടാനായി ഉടൻ തന്നെ നടപടികൾ ആരംഭിക്കണമെന്നും പഠനത്തിൽ മുന്നറിയിപ്പു നൽകുന്നുണ്ട്. ഇപ്പോൾ തന്നെ നടപടികൾ സ്വീകരിച്ചാലേ ആഘാതത്തിന്റെ തോതു കുറയ്ക്കാൻ സാധിക്കൂ എന്നും മുന്നറിയിപ്പു നൽകുന്നുണ്ട്. കൊച്ചിയുടെയും മറ്റ് തീര പ്രദേശങ്ങളുടെയും സാമുഹിക സാമ്പത്തിക പ്രവർത്തനങ്ങളെയും മീൻപിടിത്തമുൾപ്പെടെയുള്ള വ്യവസായങ്ങളെയും പ്രതികൂലമായി ബാധിക്കാൻ ഈ ദുരന്തമിടയാക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.