കെട്ടിലും മട്ടിലും സുരക്ഷയിലും പുത്തൻ രൂപമാറ്റവുമായി ജിമെയിൽ എത്തി. ഫേസ്‌ബുക്കിലും മറ്റും സുരക്ഷാ പാളിച്ച വന്ന സന്ദർഭത്തിൽ സുരക്ഷയ്ക്ക് കൂടുതൽ മുൻ തൂക്കം നൽകിയാണ് ജിമെയിലിന്റെ പുതിയ വേർഷൻ എത്തിയിരിക്കുന്നത്. ഹൈ പ്രിയോറിറ്റി നോട്ടിഫിക്കേഷൻ, കോൺഫിഡൻഷ്യൽ മോഡ്, സ്മാർട് റിപ്ലൈ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളും ഡിസൈനിലെ മാറ്റവുമായാണ് ജിമെയിൽ എത്തുന്നത്.

പുതിയ മാറ്റങ്ങൾ ഉപയോക്താക്കളിലേക്കെത്തിക്കുക സമയമെടുത്തായിരിക്കും. ഓരോരുത്തരുടെയും അക്കൗണ്ടിന്റെ സ്വഭാവം അനുസരിച്ചാണ് പുതിയ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭിക്കുക. അഞ്ചുവർഷത്തിനു ശേഷമാണു ജിമെയിലിന് പുത്തൻ രൂപം കൈവരുന്നത്. 2013ൽ ആണ് ജിമെയിൽ അവസാനം രൂപകൽപനയിൽ മാറ്റം വരുത്തിയത്.

നിങ്ങൾ അയയ്ക്കുന്ന മെസേജ് സ്വീകരിക്കുന്നയാൾക്ക് അതു ഫോർവേഡ് ചെയ്യാനോ, പ്രിന്റ് ചെയ്യാനോ കഴിയാത്തവിധം 'രഹസ്യമാക്കുന്ന' കോൺഫിഡൻഷ്യൽ മോഡ്, അപകട മുന്നറിയിപ്പുകൾ, ഓഫ്ലൈൻ സൗകര്യം തുടങ്ങിയ പതിനാലോളം പുതുമകളാണു ജിമെയിൽ അവതരിപ്പിക്കുന്നത്. ഔദ്യോഗികമായി പുറത്തുവിട്ടെങ്കിലും എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകാൻ സമയമെടുക്കും.

സാധാരണ ജിമെയിൽ ഉപയോക്താക്കൾക്ക് അവരുടെ ജീമെയിൽ വിൻഡോയ്ക്ക് വലതുവശത്തായി കാണുന്ന സെറ്റിങ്സ് സെക്ഷനിൽ നിന്നും Try the new Gmail എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ പുതിയ ജിമെയിലിലേക്ക് അപ്ഗ്രേഡ് ചെയ്യാം. എന്നാൽ ഈ സൗകര്യം എല്ലാവർക്കും ലഭ്യമായിത്തുടങ്ങിയിട്ടില്ല.

നിങ്ങൾക്ക് നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ജിസ്യൂട്ട് ഇമെയിൽ ഐഡിയാണ് എങ്കിൽ ജിസ്യൂട്ട് അഡ്‌മിനിസ്ട്രേറ്റർ പുതിയ ജിമെയിൽ ഡിസൈനിലേക്ക് അപ്ഗ്രേഡ് ചെയ്താൽ മാത്രമേ അത് നിങ്ങളുടെ ഇമെയിലിലേക്ക് ലഭിക്കുകയുള്ളൂ. ഇതിന് അഡ്‌മിനിസ്ട്രേറ്റർക്ക് ഗൂഗിൾ അഡ്‌മിൻ കൺസോൾ ആവശ്യമാണ്.

1 സ്‌നൂസ് ഓപ്ഷൻ: ഇപ്പോൾ കാണാനും പ്രതികരിക്കാനും താൽപര്യമില്ലാത്ത മെയിലുകൾ, പിന്നീടു പരിഗണിക്കാനായി മാറ്റാനുള്ള സംവിധാനം. (എഴുന്നേൽക്കാൻ മടിച്ച് ഫോണിലെ അലാം നീട്ടിവയ്ക്കുന്നതുപോലെ).

2. സ്മാർട് റിപ്ലേ: ഇമെയിലുകൾക്കുള്ള മറുപടി ജിമെയിൽ തന്നെ നൽകും. നമുക്കു യോജിച്ച സന്ദേശങ്ങൾ തിരഞ്ഞെടുക്കാം.

3. നഡ്ജ്: പ്രതികരിക്കാൻ വിട്ടുപോയ സന്ദേശങ്ങൾ ഓർമിപ്പിക്കുന്ന നഡ്ജ് സൗകര്യം. ഉദാഹരണം, മൂന്നുദിവസം മുൻപു വന്ന സന്ദേശമാണ്. മറുപടി നൽകുന്നുണ്ടോ എന്നു ജിമെയിൽ അന്വേഷിക്കും.