കൊച്ചി: 'മദ്യവും ആയി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പിൽ അനുവദനീയമല്ല. സ്വാദിഷ്ടമായ ഭക്ഷണവും ഭക്ഷണങ്ങളോടൊപ്പം രുചികരമായ പാനീയങ്ങളും അവയുടെ ചിത്രങ്ങളും യാത്രകളും കഥകളും ട്രോളുകളും പോഷ്ട്ട് ചെയ്യേണ്ട ഗ്രൂപ്പാണിത്. ഇവിടെ രാഷ്ട്രീയമില്ല മതമില്ല ജാതിയില്ല ആണ് പെണ്ണ് എന്ന വ്യത്യാസവും ഇല്ല പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഇല്ല, എല്ലാരും തുല്യർ, കുറച്ചു സ്‌നേഹം ഉള്ള സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യർ മാത്രം.' നേരത്തെ ഇങ്ങനെയായിരുന്നില്ല ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഗ്രൂപ്പ്. മദ്യവും, മദ്യപാനരംഗങ്ങളുമൊക്കെ സുഗമമമായിരുന്നു ഈ ഗ്രൂപ്പിൽ. ഇപ്പോൾ യാത്രകൾ, നല്ല ഭക്ഷണം. എക്‌സൈസ് പിടികൂടി പൂട്ടിടാൻ നോക്കിയതോടെയാണ് ഈ മാറ്റം. അഡ്‌മിൻ അജിത് കുമാറിന് മുൻകൂർജാമ്യം കിട്ടിയത് കഴിഞ്ഞ ദിവസമാണ്. ഏതായാലും ജിഎൻപിസി അംഗങ്ങൾ ഇപ്പോൾ ഒരു റെക്കോഡിന്റെ പിന്നാലെയാണ്.

ഒരു പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും കൂടുതൽ കമന്റ് എന്ന ലോക റെക്കോർഡ് മറികടക്കാനാണ് ലക്ഷ്യം. എന്നാൽ കാര്യം അത്ര നിസാരമല്ല! ഏതാണ്ട് രണ്ടര കോടിയോളം പേർ പോസ്റ്റിന് കീഴെ കമന്റിട്ടാലേ ലക്ഷ്യം ഭേദിക്കാനാകൂ. നിലവിൽ 9 മില്യൺ അതായത് 90 ലക്ഷത്തിനടുത്ത് കമന്റുകൾ റെക്കോർഡ് ലക്ഷ്യമിട്ട് നൽകിയ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഈ കമന്റ് വേട്ടയ്ക്കിടെ രണ്ടു റെക്കോർഡുകൾ ജിഎൻപിസിക്ക് സ്വന്തമായി കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്. ഏറ്റവും വേഗത്തിൽ 17 മില്യൺ കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോർഡുകളാണ് ജി.എൻ.പി.സി കരസ്ഥമാക്കിയത്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന റെക്കോർഡ് നേരത്തേ തന്നെ ജിഎൻപിസി സ്വന്തമാക്കിയിരുന്നു.

2.1 മില്യൺ അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. ഒരോരുത്തരും 13 കമന്റുകൾ വീതം ഇട്ടാൽ തന്നെ റെക്കോർഡ് സ്വന്തമാക്കാൻ കഴിയും. നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റ് ഒരു മതസംഘടനയുടെ പോസ്റ്റാണ്. ഇതിൽ രണ്ട് കോടി കമന്റുകളാണ് ഉള്ളത്. ആ പോസ്റ്റിലും ഒരോ ദിവസവും കൂടുതൽ കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

റെക്കോർഡ് ലക്ഷ്യമിട്ട് പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലേക്ക് കമന്റ് ചെയ്യാൻ അംഗങ്ങളുടെ ശ്രദ്ധ ക്ഷണിച്ച് ട്രോളന്മാരും രംഗത്ത് വന്നിട്ടുണ്ട്. നിരവധി ട്രോളുകളാണ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സംഗതി ഉഗ്രൻ ചർച്ചയായിട്ടുണ്ട്.

ഗ്രൂപ്പിന്റെ അഡ്‌മിൻ അജിത് കുമാറിന്് മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ, നിലനിൽക്കാത്ത വകുപ്പിട്ട് കേസ് രജിസ്റ്റർ ചെയ്തതിന് നേമം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറെ സെഷൻസ് കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഫേസ് ബുക്ക് കൂട്ടായ്മയുടെ ആദ്യ അഡ്‌മിൻ നേമം കാരയ്ക്കാ മണ്ഡപം ആമിവിളാകം സരസ് വീട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ടി.എൽ. അജിത് കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി അനുവദിച്ചുകൊണ്ടാണ് കോടതിയുത്തരവ്. പ്രതിയെ അറസ്റ്റ് ചെയ്യുന്ന പക്ഷം 50,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യത്തിലും വിട്ടയക്കാൻ നേമം സർക്കിൾ ഇൻസ്‌പെക്ടർക്ക് ജാമ്യ ഉത്തരവിൽ കോടതി നിർദ്ദേശം നൽകി.പ്രതി അന്വേഷണവുമായി സഹകരിക്കണം. ജാമ്യ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ രേഖാമൂലം ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിന് ഹാജരാകണം. സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. തെളിവുകൾ നശിപ്പിക്കരുത്. ജാമ്യക്കാലാവധിയിൽ ഒരു കുറ്റകൃത്യവും ചെയ്യാൻ പാടില്ല. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ പ്രതിയുടെ ജാമ്യം റദ്ദാക്കാനോ ഭേദഗതി വരുത്താനോ സർക്കാരിന് സ്വാതന്ത്രമുണ്ടായിരിക്കുമെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി.

2017 മെയ് ഒന്നിനാണ് ജി.എൻ.പി.സി ഫേസ് ബുക്ക് സ്വകാര്യ ഗ്രൂപ്പായി ആരംഭിച്ചത്.ഗ്രൂപ്പിൽ 38 അഡ്‌മിന്മാരും വിവിധ രാജ്യങ്ങളിൽ നിന്നായി 18 ലക്ഷം പേർ അംഗങ്ങളായുമുണ്ട്. ക്ഷണം കിട്ടിയാലേ ഗ്രൂപ്പിൽ ചേരാൻ സാധിക്കുകയുള്ളു. താൽപര്യമുണ്ടെങ്കിൽ ഗ്രൂപ്പിൽ തുടരാം.കുറ്റകരമായ ചിത്രങ്ങളോ വീഡിയോയോ ഇതിൽ ഇടാറില്ലെന്ന് ജാമ്യ ഹർജിയുടെ വാദത്തിനിടെ ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ബാലനീതി നിയമമോ നിയമമോ ഇന്ത്യൻ ശിക്ഷാ നിയമമോ ലംലിച്ചിട്ടില്ല. ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

ഹർജിക്കാരന്റെ ഗ്രൂപ്പിന്റെ പ്രചാരം മനസ്സിലാക്കി മറ്റു ചിലർ അതേ പേരിൽ മറ്റൊരു തുറന്ന ഗ്രൂപ്പ് തുടങ്ങി. ഹർജിക്കാരന് അതുമായി ബന്ധമില്ല. വിവിധ മദ്യ ബ്രാന്റുകളുടെ ചിത്രമുൾപ്പെടെ വിവാദമായ ചിത്രങ്ങളും വീഡിയോകളും വന്നത് ആ തുറന്ന ഗ്രൂപ്പിലാണെന്നും വാദിച്ചു. ആ ഗ്രൂപ്പിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നതായും അഭിഭാഷകൻ വാദിച്ചു.അതിനിടെയാണ് തെറ്റിദ്ധരിച്ച് പൊലീസ് കേസെടുത്തതെന്നുും നാലുവയസ്സുള്ള കുഞ്ഞുള്ള ഹർജിക്കാരന്റെ വീട്ടിൽ പൊലീസും എക്‌സൈസും വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും അജിത്കുമാറിന്റെ അഭിഭാഷകൻ വാദിച്ചു.

ജിഎൻപിസിയും കേസ് കുരുക്കും

ജിഎൻപിസി ഗ്രൂപ്പ് മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്നതായാണ എക്സൈസിന്റെ ആരോപണം. ഇതിനു പിന്നാലെ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾ ഗ്രൂപ്പിൽ അനുവദിക്കുന്നതല്ലെന്ന് അഡ്‌മിന്റേതായി കുറിപ്പും ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു. എന്നിട്ടും ഈ ഗ്രൂപ്പിനെതിരെ നടപടിയെടുക്കുകയായിരുന്നു എക്‌സൈസ് ഗ്രൂപ്പ്.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാൻ ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് കൂട്ടായ്മയുടെ അവകാശവാദം. എന്നാൽ ഈ വാദം മദ്യവിരുദ്ധ സംഘടനകൾ തള്ളി. ജിഎൻപിസി എന്ന കൂട്ടായ്മയിൽ മദ്യപാനം വ്യാപകമായി പ്രോത്സാഹിപ്പിച്ചെന്നാണ് ഇവരുടെ പരാതി. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവർ ആരോപിച്ചു. ഫേസ്‌ബുക്ക് പേജിനെതിരേ നിയമനടപടികൾക്കും മദ്യനിരോധന സംഘടനകൾ നീക്കം തുടങ്ങിയപ്പോഴാണ് ഋഷിരാജ് സിങ് ഏറ്റെടുത്തത്. സംസ്ഥാനത്ത് ലഹരിക്കെതിരേ വ്യാപകമായ ബോധവത്കരണം നടന്നു വരുന്നതിനിടയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്റെ കൂടെ വേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം, പുതിയ ബ്രാൻഡുകൾ തുടങ്ങിയ കാര്യങ്ങൾ കൂട്ടായ്മ വഴി പ്രചരിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഋഷിരാജ് സിങ്ങിന്റെ നിലപാട്.

കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎൻപിസിയെന്ന് അഡ്‌മിൻ അജിത്ത് കുമാർ അവകാശപ്പെട്ടിരുന്നു. ജിഎൻപിസി എന്ന കൂട്ടായ്മ സ്വന്തമായി ലോഗോയും പുറത്തിറക്കിയിരുന്നു. ജിഎൻപിസി കൂട്ടായ്മയിലെ അംഗങ്ങൾക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്ത് ശതമാനം വിലക്കുറവിൽ മദ്യം ലഭിക്കുകയും ചെയ്തതായി ആരോപണമുയർന്നു. 23 വയസിനു മുകളിലുള്ളവരെ മാത്രമേ ഗ്രൂപ്പിൽ ആഡ് ചെയ്യാമെന്നുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ തന്നെയാണ് ഗ്രൂപ്പിൽ ഭൂരിഭാഗവുമെന്നും ആക്ഷേപമുണ്ടായി. അഡ്‌മിന്റെ അനുമതി കിട്ടിയാൽ മാത്രമേ പോസ്റ്റുകൾ പബ്ലിഷ് ചെയ്യാൻ കഴിയുകയുള്ളു. ഈ സാഹചര്യങ്ങളെല്ലാം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ചർച്ചയാണ് എക്‌സൈസ് ഉയർത്തിയത്. അങ്ങനെ സദാചാര പൊലീസിന്റെ പുതിയ ഭാവമായി ഋഷിരാജ് സിങ് മാറിയപ്പോൾ ഈ ഗ്രൂപ്പിന് പൂട്ടുവീണു.

എക്സൈസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലാണു കേസെടുത്തത്. മദ്യപാനത്തിനു പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതും, പരസ്യ പ്രചാരണം നടത്തുന്നതുമായ ഫേസ്‌ബുക് പോസ്റ്റുകളുടെ പേരിലാണു കേസ്. ജിഎൻപിസി ഗ്രൂപ്പിൽ കൊച്ചു കുട്ടികളെ വരെ മദ്യത്തിന്റെ കൂടെ നിർത്തിയുള്ള ഫോട്ടോകൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എക്‌സൈസ് ആരോപിച്ചു. ഇത്തരത്തിലുള്ള ഫോട്ടോകൾ പ്രിന്റ് എടുത്ത് തെളിവിനായി സ്വീകരിച്ചു. പൊതുസമൂഹത്തിനു തെറ്റായ സന്ദേശവും മദ്യാസക്തിയുണ്ടാക്കുന്നതുമായ പ്രചാരണമാണ് ഗ്രൂപ്പ് നടത്തുന്നതെന്നും എക്‌സൈസ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എൻ പി സി അംഗങ്ങൾക്ക് സംസ്ഥാനത്തെ ബാറുകളിൽ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നുവെന്നാണ് എക്‌സൈസ് ആരോപിക്കുന്നത്.

നല്ല ഭക്ഷണം നല്ല യാത്രകൾ പോകാൻ പറ്റിയ സ്ഥലങ്ങൾ അവിടെ നിന്ന് കിട്ടുന്ന സന്തോഷവും ഫീലുമൊക്കെ മറ്റുള്ളവരെ അറിയിക്കാനും മറ്റുള്ളവർക്ക് പുതിയ സ്ഥലങ്ങൾ എക്‌സപ്ലോർ ചെയ്യാനുമൊക്കെ ഉള്ള ഒരു ഗൈഡ്‌ലൈനായി പ്രവർത്തിക്കുകയായിരുന്നു് ജിഎൻപിസി എന്ന ഗ്രൂപ്പ്. സ്ത്രീകൾ പുരുഷന്മാർ എന്ന വേർതിരിവില്ലാതെ എല്ലാവരുടേയും പോസ്റ്റുകളെ ഒരുപോലെ ഗ്രൂപ്പ് അംഗങ്ങൾ ലൈക്കും കമന്റും ഇട്ട് പ്രോൽസാഹിപ്പിക്കുന്നുണ്ടായിരുന്നു.

2017 മെയ് ദിനത്തിന്റെ അന്നാണ് ഇത്തരം ഒരു ഗ്രൂപ്പിനെക്കുറിച്ചുള്ള ഐഡിയ ആദ്യമായി മനസ്സിൽ തോന്നിയതെന്ന് അജിത് കുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്. മെയ് ദിനം എന്നത് ഒരു ഡ്രൈ ഡേ ആണല്ലോ. ചുമ്മാ കുറച്ച നേരം ഫേസ്‌ബുക്കിൽ ചെലവഴിച്ചപ്പോളാണ് ട്രാവലിനും ഫുഡിനും ഒക്കെ ഫേസ്‌ബുക്കിൽ ഗ്രൂപ്പുകൾ ഉണ്ടല്ലോ, എന്തുകൊണ്ടാണ് അൽപം കഴിക്കുന്നവർക്ക് മാത്രം ഒരു വേദി ഇല്ലാത്തതെന്ന്. അങ്ങനെയാണ് ഈ ചിന്ത വന്നത്. പക്ഷേ വെറും കള്ളുകുടി മാത്രമായാൽ അത് പോസിറ്റീവ് ആയിരിക്കില്ലെന്ന് മാത്രമല്ല നെഗറ്റീവ് റിസൽട്ട് ആയിരിക്കും നൽകുക എന്നതും ചിന്തിച്ചു. ഡ്രിങ്കസ് എന്ന് പറഞ്ഞാൽ അതിൽ വെള്ളവും, ചായയും, കട്ടനും ഒക്കെ ഉൾപ്പെടും എന്നതാണ് സത്യം. ആ ചിന്തയാണ് പിന്നെ ജിഎൻപിസി എന്ന ഗ്രൂപ്പിലേക്ക്എത്തിച്ചത്. ഭക്ഷണത്തിനും മദ്യപാനത്തിനും ഒരുപോലെ ഇണങ്ങുന്ന ഒരു പേര് നോക്കി. അങ്ങനെ, ഉച്ചയോടെയാണ് 'ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ' എന്ന പേര് തീരുമാനിച്ചത്.

പിന്നെ ഫ്രണ്ട്ലിസ്റ്റിലെ എണ്ണൂറ് പേരേയും ആഡ് ചെയ്ത് മെയ് 1 ന് ഗ്രൂപ്പ് ആരംഭിച്ചു. ഗ്രൂപ്പിലെ സുഹൃത്തുക്കളോട്, ഒരു പോസറ്റിൽ പറഞ്ഞു, 'നിങ്ങൾ യാത്ര ചെയ്യുമ്പോഴും, വല്ലപ്പോഴും രണ്ടെണ്ണമടിക്കുമ്പോഴുമുള്ള ചിത്രങ്ങളും ചെറിയ കുറിപ്പോടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ.'' വളരെ നല്ല പ്രതികരണമാണ് പിന്നീട് ലഭിച്ചത്. അന്ന് തന്നെ ആയിരത്തി ഒരുനൂറായി അംഗങ്ങൾ. മിക്കവറും ആളുകൾ പോസ്റ്റുകൾ ഇടുന്ന നിലയിലേക്ക് വളരെവേഗം കാര്യങ്ങളെത്തി. അങ്ങനെ 2018 മെയ് 24 വരെ 75,000 അംഗങ്ങളായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നത്.ഭക്ഷണത്തിന്റേയും യാത്രയുടേയും ഉല്ലാസ വേളകളുടേയും പിന്നെ അലമ്പില്ലാതെ രണ്ടെണ്ണം അടിക്കുന്നതിന്റേയും ഫോട്ടോകൾ ഗ്രൂപ്പിൽ വന്ന് തുടങ്ങി. സ്ത്രീകൾ പോലും വൈനും ബിറുമൊക്കെ അടിക്കുന്ന ഫോട്ടോകൾ കുടുംബസമേതമുള്ളവ ഷെയർ ചെയ്യാനും തുടങ്ങി. ഈ പോസ്റ്റുകൾ ഏറെ ചർച്ചയായി.ഇതിനിടെയായിരുന്നു ഋഷിരാജ് സിംഗിന്റെ കണ്ണിലെ കരടായി കൂട്ടായ്മ