- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയുടെ ഹെലികോപ്ടർ യാത്രക്ക് ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം ചെലവിടാൻ ഇറക്കിയ വിവാദ ഉത്തരവ് റദ്ദാക്കി; തൃശ്ശൂരിലെ സിപിഎം സമ്മേളന വേദിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ആകാശയാത്രക്ക് ഫണ്ട് വകമാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന് വിശദീകരിച്ച് മുഖം രക്ഷിക്കാൻ സർക്കാർ; മനുഷ്യത്വരഹിതമായ നടപടി കൈക്കൊണ്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി
തിരുവനന്തപുരം: പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഹെലികോപ്ടർ യാത്രയുടെ ചിലവു സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്ടറിന്റെ വാടക ആരു നൽകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന കാര്യവും അന്ന് മറുനാടൻ സൂചിപ്പിച്ചിരുന്നു. എന്നാൽ കേരള ജനതയെ ആകെ ഞെട്ടിക്കുന്ന വിവരമാണ് ഇന്ന് വൈകുന്നേരത്തോടെ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ആകാശയാത്രക്ക് വേണ്ടി സർക്കാർ ഫണ്ട് നൽകാൻ തീരുമാനിച്ചത് ഓഖി ദുരിതാശ്വസ ഫണ്ടിൽ നിന്നാണെന്നതായിരുന്നു ഏവരെയും ഞെട്ടിച്ചത്. വാർത്ത വിവാദമായതോടെ മുഖം രക്ഷിക്കാൻ വേണ്ട നടപടികളും സർക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടായി. വലിയ പ്രതീക്ഷ വേണ്ടെന്നും സാമ്പത്തിക സ്ഥിതി മോശമെന്നും സഖാക്കളെ പഠിപ്പിച്ചു; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ യുസഫലിയുടെ വീട്ടിനടുത്ത് നിന്ന് പറന്നുയർന്നത് ഹെലികോപ്ടറിൽ; സിപിഎം വേദിയിലേക്ക് മുഖ്യമന്ത്രി വൈകുന്നേരത്തോടെ തിരിച്ച് മടങ്ങിയതും ആകാശ വഴിയേ; പാർട്ടി സമ്മേളനത്തിന് വേണ്ടിയുള്ള ധൂർത
തിരുവനന്തപുരം: പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഹെലികോപ്ടർ യാത്രയുടെ ചിലവു സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്ടറിന്റെ വാടക ആരു നൽകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന കാര്യവും അന്ന് മറുനാടൻ സൂചിപ്പിച്ചിരുന്നു. എന്നാൽ കേരള ജനതയെ ആകെ ഞെട്ടിക്കുന്ന വിവരമാണ് ഇന്ന് വൈകുന്നേരത്തോടെ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ആകാശയാത്രക്ക് വേണ്ടി സർക്കാർ ഫണ്ട് നൽകാൻ തീരുമാനിച്ചത് ഓഖി ദുരിതാശ്വസ ഫണ്ടിൽ നിന്നാണെന്നതായിരുന്നു ഏവരെയും ഞെട്ടിച്ചത്. വാർത്ത വിവാദമായതോടെ മുഖം രക്ഷിക്കാൻ വേണ്ട നടപടികളും സർക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടായി.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ടിൽ നിന്നും പണം ചെലവിടാൻ ഇറക്കിയ ഉത്തരവ് റദ്ദാക്കിയ തീരുമാനമാണ് ഒടുവിൽ ഉണ്ടായത്. ഫണ്ട് വകമാറ്റി ചെലവിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടല്ലെന്ന് പറഞ്ഞ് വിശദീകരണം നൽകാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ ഇറക്കിയ ഉത്തരവ് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞ് തടിയെടുക്കാനുള്ള ശ്രമം സർക്കാറിന് എളുപ്പമല്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുട ഓഫീസിന് ഗുരുതര വീഴ്‌ച്ച പറ്റിയെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഹെലികോപ്റ്റർ യാത്രയ്ക്കാണ് 8 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ചെലവിടാൻ ഉത്തരവിട്ടത്. ഹെലികോപ്റ്റർ കമ്പനി ആവശ്യപ്പെട്ടത് 13 ലക്ഷം രൂപയായിരുന്നു. ഈ തുക വിലപേശി തുക 8 ലക്ഷമാക്കി ചുരുക്കുകയായിരുന്നുവെന്ന വാർത്ത പുറത്ത് വന്നതിനെ തുടർന്നാണ് ഉത്തരവ് റദ്ദാക്കിയത്. അതേസമയം മുഖ്യമന്ത്രിയുടെ ആകാശ യാത്ര വിവാദമായതോടെ മുഖ്യമന്ത്രിക്കെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തി.
പാർട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ബിജെപി നേതാക് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ് പിണറായി വിജയന്റേതെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരിതാശ്വാസനിധിയിൽ നിന്നും പാർട്ടിസമ്മേളനത്തിനുവേണ്ടി പണം ചെലവഴിച്ച നടപടി കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. പാവപ്പെട്ട ജനങ്ങൾ ഓഖി ദുരന്തത്തിന്റെ പേരിൽ ദുരിതമനുഭവിക്കുമ്പോൾ പിണറായിക്ക് ഇതെങ്ങനെ കഴിഞ്ഞു? ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിക്ക് ഒരു ഹൃദയമില്ലാ എന്നതിന്റെ തെളിവാണിത്. കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള സി. പി. എമ്മിന് അവരുടെ പാർട്ടി ഫണ്ടിൽ നിന്ന് കാശെടുത്ത് ഹെലികോപ്ടറിനു ചെലവാക്കാമായിരുന്നു. ധാർമ്മികതക്കും രാഷ്ട്രീയസദാചാരത്തിനും നിരക്കാത്ത നിലപാടെടുത്ത മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ ഹെലികോപ്പറ്റർ യാത്രക്കായി തുക വകമാറ്റി ചെലവഴിച്ചത് പ്രതിഷേധാർഹമാണെന്ന് കെപിസിസി. പ്രസിഡന്റ് എം.എം.ഹസൻ പ്രതികരിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിക്കുന്ന മുഖ്യമന്ത്രി ദുരന്തനിവാരണത്തിന് മാറ്റി വയ്ക്കുന്ന തുകയിൽ നിന്ന് സ്വന്തം ഹെലികോപ്റ്റർ യാത്രയ്ക്ക് പണമെടുക്കുന്നത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും എം എം ഹസൻ വ്യക്തമാക്കി.
ഡിസംബർ 26ന് തൃശൂർ ജില്ലാസമ്മേളനം ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രിക്ക് അന്ന് ഉച്ചതിരിഞ്ഞ് തലസ്ഥാനത്ത് രണ്ട് പരിപാടികളാണുണ്ടായിരുന്നത്. മൂന്ന് മണിക്ക് ഓഖി കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയും അതിന് ശേഷം മന്ത്രിസഭായോഗവുമുണ്ടായിരുന്നു. ഇത് കഴിഞ്ഞ് അന്ന് വൈകീട്ട് 4.30 ന് അദ്ദേഹം പാർട്ടിസമ്മേളന വേദിയിലേക്ക് തിരിച്ചും പറന്നു. ഇതിനായി ഇരട്ട എഞ്ചിനുള്ളെ ഹെലികോപ്റ്ററിന്റെ വാടകയായി ചെലവായത് എട്ട് ലക്ഷം രൂപയായിരുന്നു.
ഈ മാസം ആറിന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എം. കുര്യൻ ആണ് പണം നൽകുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകർപ്പ് മറുനാടന് ലഭിച്ചു. സാധാരണ മുഖ്യമന്ത്രിയുടെ വിമാനയാത്രയടക്കമുള്ള യാത്രാ ചെലവ് പൊതുഭരണ വകുപ്പിൽ നിന്നാണ് നൽകുന്നത്. പാർട്ടി സമ്മേളന പരിപാടിക്കിടെ പെട്ടെന്ന് തലസ്ഥാനത്തെ പരിപാടികളിൽ പങ്കെടുത്ത് തിരികെയെത്തുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെങ്കിലും ഓഖി കേന്ദ്ര സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് യാത്രയെന്ന കാരണം മാത്രമാണ് പണം അനുവദിക്കുന്നതിനായി ചൂണ്ടിക്കാട്ടിയത്.
ബംഗലരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഹെലി ടൂറിസം കമ്പനിയുടെ ഹെലികോപ്റ്റരാണ് മുഖ്യമന്ത്രിയുടെ യാത്രക്ക് വേണ്ടി ഉപയോഗിച്ചത്. പാർട്ടി പരിപാടിയിൽ പങ്കെടുത്ത ശേഷം തലസ്ഥാനത്തേക് പോകാനും പിന്നീട് പാർട്ടി പരിപാടിയിലേക്ക് തന്നെ മടങ്ങി വരാനും ഉപയോഗിച്ച ഹെലികോപ്ടറിന്റെ വാടക ആര് നൽകും എന്ന ആശങ്ക അന്നും ഉയർന്നിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ വഴിയാണ് സ്വകാര്യ ഹെലികോപ്റ്റർ ബുക്ക് ചെയ്തത് . വിമാനത്താവള കമ്പനിയുടെ ചെയർമാനാണ് മുഖ്യമന്ത്രി .അതുകൊണ്ട് ഹെലികോപ്റ്റർ ചെലവ് വിമാനത്താവള കമ്പനി 'സിയാൽ' വഹിക്കാൻ സാധ്യതയുണ്ടെന്ന സൂചനയുമുണ്ടായിരുന്നു. എന്നാൽ, ഈ നീക്കത്തിൽ നിന്നും സിയാൽ പിന്മാറിയതോടയാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം ചിലവഴിച്ചത്.
ഹെലികോപ്റ്റർ പറന്നുയർന്നതും ഇറങ്ങിയതും എല്ലാം പ്രവാസി വ്യവസായി എം .എ .യൂസഫലിയുടെ നാട്ടികയിലെ വീടിന്റെ സമീപത്തു നിന്നാണ്. എന്തായാലും പണ ഞെരുക്കത്തെ കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ ധൂർത്ത് തൃപ്രയാറിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളന പ്രതിനിധികൾക്കിടയിൽ ചർച്ചയായിരുന്നു. പാർട്ടി പരിപാടിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമ ഗതാഗത സൗകര്യങ്ങൾ ഉപയോഗപെടുത്തുന്നത് ഇത് ആദ്യമല്ല. നവംബർ 6ന് തമിഴ് നാട്ടിലെ മധുരയിൽ നടന്ന സിപിഎം പോഷക സംഘടനയുടെ ദേശിയ സമ്മേളനത്തിൽ പങ്കെടുത്ത പിണറായി ചാർട്ടേഡ് വിമാനത്തിലാണ് പോയത്. അന്ന് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്നാണ് സ്വകാര്യ വിമാനം ബുക്ക് ചെയ്തത്. എന്നാൽ ചെലവായ തുക ഏത് കണക്കിൽ പെടുത്തി നൽകി എന്നത് വ്യക്തമല്ല .
സംസ്ഥാന മുഖ്യമന്ത്രി യാത്രക്കായി ഹെലികോപ്റ്ററോ സ്വകാര്യ വിമാനങ്ങളോ ഉപയോഗിക്കുന്നതിലല്ല പ്രശ്‌നം അത് ഏത് തരം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. സർക്കാർ പരിപാടിക്കോ മറ്റ് പരിപാടിക്കോ ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം, എന്നാൽ പാർട്ടി പരിപാടിക്കായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നതും അതിന്റെ പണചെലവ് സുതാര്യമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നതിലെ ധാർമികതയാണ് അന്ന് തന്നെ ചോദ്യം ചെയ്യപ്പെട്ടത്.