പനാജി: സ്ത്രീകളോടും കുട്ടികളോടുമുള്ള സമീപനത്തിൽ ഇന്ത്യയെക്കുറിച്ചുള്ള പാശ്ചാത്യ ലോകത്തിന്റെ കാഴ്ച്പപാട് വളരെ മോശമാണ്. ഡൽഹിയിൽ ഓടുന്ന ബസ്സിൽ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവം മുതൽക്കാണ് ഇന്ത്യയുടെ പേരിൽ ഇത്തരമൊരു കളങ്കം ചാർത്തപ്പെട്ടത്.

വിനോദസഞ്ചാരത്തിന് ഇന്ത്യയിലെത്തുന്ന വിദേശികളും സുരക്ഷിതരല്ലെന്ന് തെളിയിക്കുകയാണ് ഗോവയിൽനിന്നുള്ള ഈ സംഭവം. ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്ന ഡാനിയേലെ മക്‌ലോഗ്ലിൻ എന്ന 28-കാരിയായ ബ്രിട്ടീഷ് യുവതിയെ അതിദാരുണമായി ബലാൽസംഗം ചെയ്തു കൊന്നു.

ചൊവ്വാഴ്ച രാവിലെ തെക്കൻ ഗോവയിലെ ഒരു കുളത്തിലാണ് ഡാനിയേലെയുടെ മൃതദേഹം കണ്ടെത്തിയത്. നഗ്നമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. മാത്രമല്ല, ഇവരുടെ മുഖം ബിയർകുപ്പികൊണ്ട് കുത്തിക്കീറി വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. കൊല നടത്തിയെന്ന് കരുതുന്ന വികാസ് ഭഗത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ലിവർപൂൾകാരിയായ ഡാനിയേലെ ഏതാനും ദിവസം മുമ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്തയാളാണ് താനെന്നും ഗോവയിൽ താൻ മറ്റൊരു സാഹസിക യാത്രയ്ക്ക് പോവുകയാണെന്നും സൂചിപ്പിച്ചിരുന്നു. ഇന്ത്യയെ അത്രയേറെ ഇഷ്ടപ്പെട്ട യുവതിക്കാണ് മണിക്കൂറുകൾക്കകം ഇത്തരമൊരു ദാരുണമായ അന്ത്യം നേരിട്ടത്. ഫെബ്രുവരി 23-നാണ് ഡാനിയേലെ ഗോവയിലെത്തിയത്. ആഗോണ്ടയിലും പാറ്റ്‌നെമിലും സുഹൃത്തുക്കളോടൊപ്പം തങ്ങിയ ശേഷമാണ് പാവോലെമിലെ റിസോർട്ടിലെത്തിയത്.

ഇവിടെ നാട്ടുകാർക്കും സുഹൃതത്തുക്കൾക്കുമൊപ്പം ഹോളി ആഘോഷത്തിൽ പങ്കെടുത്ത ഡാനിയേലെയെ കാണാതാവുകയായിരുന്നു. പാവോലിമിൽനിന്ന് നാല് കിലോമീറ്റർ അകലെ ദേവ്ബാഗ് ബീച്ചിലെ ഒരു കുളത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കർഷകനാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം ആദ്യം കണ്ടത്. ഇയാൾ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി.

കൊടുംകുറ്റവാളിയാണ് ഇപ്പോൾ അറസ്റ്റിലായ ഭഗത്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. ബലാൽസംഗം ചെയ്തശേഷം ബിയർ കുപ്പികൊണ്ട് മുഖം വികൃതമാക്കിയത് തിരിച്ചറിയാതിരിക്കുന്നതിനുവേണ്ടിയാണെന്ന് പൊലീസിന് മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്. സാങ്കുവേം പൊലീസ് സൂപ്രണ്ട് ഉത്തം റാവത്ത് ദേശായിയാണ് കേസന്വേഷിക്കുന്നത്.

കാങ്കോണ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ഭഗത്തിനൊപ്പം ഡാനിയേലെയെ കണ്ടവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു.