പനജി : ഗോവയിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ പുതിയ രാഷ്ട്രീയ സഖ്യത്തിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. 2012ലെ വിജയത്തിൽ നിർണായക പിന്തുണ നൽകിയ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി(എംജെപി) നേതൃത്വം നൽകുന്ന രാഷ്ട്രീയസഖ്യം ബിജെപിക്ക് വിനയാകും. ഇന്നു നടക്കുന്ന എംജെപിയുടെ പാർലമെന്ററി കമ്മിറ്റി യോഗം ഇതുസംബന്ധിച്ചു അന്തിമതീരുമാനം കൈക്കൊള്ളും.

കോൺഗ്രസിൽ നിന്നും ആംആദ്മിയിൽ നിന്നും ബിജെപിക്ക് കടുത്ത വെല്ലുവിളിയാണുള്ളത്. ഇതിനിടെയാണ് പുതിയ മുന്നണിയും എത്തുന്നത്. ഈ സാഹചര്യത്തിൽ ഭരണം നിലനിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കടുത്ത പ്രതിസന്ധിയാവുകയാണ്. ഹൈന്ദവ വോട്ടുകളുടെ ഭിന്നിപ്പ് ലക്ഷ്യമിട്ടാണ് പുതിയ മുന്നണി എത്തുന്നത്. ആർഎസ് എസിലെ ഒരു വിഭാഗത്തിന്റെ രഹസ്യ പിന്തുണയും ഉണ്ട്.

ബിജെപിയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് ആർഎസ്എസ് മേധാവിയായിരുന്ന സുഭാഷ് വെലിങ്കാർ രൂപീകരിച്ച ഗോവ സുരക്ഷാമഞ്ചും ശിവസേനയുമാണ് ബിജെപി ബദൽ മുന്നണിക്കായി കൈകോർക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്നോടിയായി ഇരുപാർട്ടികളും ഇന്നു പ്രത്യേകയോഗം ചേരുന്നുണ്ട്. അതേസമയം, മുന്നണി രൂപപ്പെട്ടാലും ഇല്ലെങ്കിലും മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പർസേക്കർക്കെതിരെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന സൂചന എംജെപി നൽകിക്കഴിഞ്ഞു.

22 സീറ്റുകളിലാവും എംജെപി മത്സരിക്കുക. ജിഎസ്എം എട്ടു സീറ്റുകളിലും ശിവസേന അഞ്ചു സീറ്റുകളിലും പോരിനിറങ്ങും. 40ൽ 37 സീറ്റുകളിൽ മത്സരിക്കുന്ന ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ് ഈ സഖ്യം. പ്രമുഖർ അടക്കം 21 പേരുകൾ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.