പനാജി: തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഗോവയിൽ കോൺഗ്രസിന്റെ നില തീർത്തും പരിതാപകരമായ നിലയിൽ. ഒരിക്കൽ ഭരണം ഉണ്ടായിരുന്ന പാർട്ടി ഇക്കുറി പ്രതിപക്ഷ നിരയിൽ പോലും അവശേഷിക്കാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഗോവയിൽ 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 17 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോൺഗ്രസായിരുന്നു. എന്നാൽ ഭരണം പിടിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. അമിത്ഷാ ചാക്കുമായി കളത്തിൽ ഇറങ്ങിയതോടെ കോൺഗ്രസിന് എല്ലാം കൈവിട്ടുപോയി.

സ്വന്തം പാളയത്തിലുള്ളവരെ ഒപ്പം നിർത്തിക്കൊണ്ടുപോകാനും കോൺഗ്രസിനു കഴിഞ്ഞില്ല. ഫലം, ഫെബ്രുവരിയിൽ അടുത്ത തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ നാല്പതംഗ ഗോവ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം പതിനേഴിൽനിന്ന് രണ്ടിലേക്ക് കൂപ്പുകുത്തിയ അവസ്ഥയിലാണ് പാർട്ടി. സംസ്ഥാനത്തെ കോൺഗ്രസിന് ഇപ്പോൾ ഏറ്റവും തിരിച്ചടി തൃണമൂൺ കോൺഗ്രസും ആം ആദ്മി പാർട്ടിയുമാണ്. കോൺഗ്രസ് നേതാക്കളെയാണ് ഇവർ ചാക്കിട്ടു പിടിക്കുന്നത് എന്തിനാൽ തന്നെ രക്ഷയില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്.

ഏറ്റവുമൊടുവിൽ പാർട്ടി വർക്കിങ് പ്രസിഡന്റായ അലിക്‌സോ റെജിനാൾഡോ ലോറൻകോ എംഎ‍ൽഎ.യാണ് രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേക്കേറിയത്. തിരഞ്ഞെടുപ്പിന് കോൺഗ്രസ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്ന എട്ടു സ്ഥാനാർത്ഥികളുടെ പട്ടികയിൽ ലോറൻകോയുടെ പേരുമുൾപ്പെടുന്നെന്നതാണ് കൗതുകകരം.

2019-ലാണ് കോൺഗ്രസിന് വലിയ തിരിച്ചടിയേറ്റത്. അന്നത്തെ പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കറുടെ നേതൃത്വത്തിൽ പത്ത് എം.എൽ.മാർ കൂട്ടത്തോടെ ഭരണകക്ഷിയായ ബിജെപി.യിലേക്ക് കൂടുമാറി. തിരഞ്ഞെടുപ്പ് ആസന്നമായതോടെ മുന്മുഖ്യമന്ത്രിമാരായ ലുസീഞ്ഞോ ഫെലെയ്‌റോ തൃണമൂലിലേക്ക് ചാടിയതും തിരിച്ചടിയായി. മുന്മുഖ്യമന്ത്രിമാരായ ദിഗംബർ കാമത്ത്, പ്രതാപ് സിങ് റാണെ എന്നീ എംഎ‍ൽഎ.മാരാണ് ഇപ്പോൾ കോൺഗ്രസിൽ അവശേഷിക്കുന്നത്.

ഇതിൽ റാണെയുടെ സ്ഥിതി അത്ര ഉറപ്പിക്കാനാവില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾതന്നെ പറയുന്നത്. എന്നാൽ, നിലവിൽ പ്രതിപക്ഷനേതാവായ ദിഗംബർ കാമത്തിന് ഒട്ടും ആശങ്കയില്ല. കോൺഗ്രസ് ഇതിലും വലിയ സുനാമിയും കൊടുങ്കാറ്റും വെള്ളപ്പൊക്കവുമൊക്കെ ഏറെ കണ്ടതാണെന്നും 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറയുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഗോവയിൽ പ്രചാരണത്തിനെത്തിയെങ്കിലും കാര്യമായ ഓളങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നത് പാർട്ടി ക്യാമ്പുകളെ ആശങ്കയിലാഴ്‌ത്തുന്നു. ദേശീയരാഷ്ട്രീയത്തിൽ കാലുറപ്പിക്കാനായി കിണഞ്ഞുശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി രണ്ടുതവണ ഗോവയിലെത്തി പ്രചാരണം നടത്തി. തൃണമൂലിന്റെ വരവ് കോൺഗ്രസിനാണ് കാര്യമായ നഷ്ടമുണ്ടാക്കുന്നത്.

കോൺഗ്രസിന്റെ രണ്ട് എംഎ‍ൽഎ.മാരെയാണ് ഇതിനകം അവർ ചാക്കിട്ടത്. ആം ആദ്മി പാർട്ടി ഇക്കുറിയും രംഗത്തുണ്ട്. പ്രചാരണത്തിനെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ പ്രധാനവാഗ്ദാനം ബദൽരാഷ്ട്രീയമാണ്. അതിനിടെ ഗോവ ഫോർവേഡ് പാർട്ടിയുമായി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കാനായതാണ് കോൺഗ്രസിന്റെ ആശ്വാസം. എന്നാൽ, കോൺഗ്രസ് ക്യാമ്പിൽ പലർക്കും ഈ സഖ്യത്തോട് കടുത്ത വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം ചില അനക്കങ്ങൾ മറിച്ചു ഉണ്ടാകുന്നുണ്ട്. കൊഴിഞ്ഞുപോക്കിനിടെ, മുൻ ബിജെപി. നിയമസഭാംഗം കാർലോസ് അൽമെയ്ഡ പാർട്ടി അംഗത്വം രാജിവെച്ച് ബുധനാഴ്ച കോൺഗ്രസിൽ ചേർന്നു. വാസ്‌കോയിൽനിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.