പനജി: ഗോവയിൽ തൂക്ക് മന്ത്രിസഭ വരുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ നിർണായക കരുനീക്കങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ. കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഡൽഹിയിലെത്തി. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയ സാവന്ത് പാർട്ടിക്കുള്ള സാധ്യതകൾ വിശദീകരിച്ചു. അദ്ദേഹം മറ്റു നേതാക്കളേയും കണ്ടേക്കും. പിന്നീട് ഗോവയിൽ ബിജെപിയുടെ ചുമതലയുണ്ടായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിനെ കാണാൻ മുംബൈയിലേക്ക് തിരിക്കും.

ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടു ദിവസം ശേഷിക്കെ ബിജെപിയും കോൺഗ്രസും സഖ്യനീക്കം ആരംഭിച്ചു. തിരിച്ചടി സാധ്യതകൾ മുന്നിൽ കണ്ട് ബിജെപി ഇതിനോടകം മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) യുമായും ചില സ്വതന്ത്രരുമായും തുറന്ന ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ എംജിപിക്ക് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തോട് താത്പര്യമില്ലെന്നാണ് സൂചന. എംജിപി ഒരു കിങ്മേക്കർ ആകുകയാണെങ്കിൽ ബിജെപി പ്രമോദ് സാവന്തിനെ ബലിയാടാക്കുമോ എന്നത് ശ്രദ്ധേയമാകും.

തൂക്ക് മന്ത്രിസഭ വരുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. ജൻ കി ബാത്ത് സർവെ ബിജെപിക്കും കോൺഗ്രസിനും 17 സീറ്റ് വീതമാണ് പ്രവചിക്കുന്നത്. സീ വോട്ടർ കോൺഗ്രസിന് 16ഉും ബിജെപിക്ക് 15ഉം സീറ്റ് പ്രവചിക്കുന്നു.െൈ ടംസ്് നൗ പ്രവചനം ബിജെപിക്ക് 14ഉം കോൺഗ്രസിന് 16ഉം ആണ്. ഒന്നുമുതൽ നാലുവരെ സീറ്റുകളാണ് എക്സിറ്റ് പോളുകളിൽ എഎപിക്ക് പ്രവചിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചർച്ചകൾ സജീവമാക്കി ഇരു പാർട്ടികളും രംഗത്തുവന്നിരിക്കുന്നത്.

ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ, സഖ്യമുണ്ടാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. തനിച്ച് ഭൂരിപക്ഷം ലഭിച്ചാലും ബിജെപി വിരുദ്ധ ശക്തികളുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് ഗോവയുടെ ചാർജുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ബിജെപിയുമായി സഹകരിക്കാത്ത ഏത് പാർട്ടിയുമായും സഖ്യധാരണയുണ്ടാക്കാൻ തങ്ങൾ തയ്യാറാണ് എന്നാണ് ദിനേശിന്റെ നിലപാട്. നാല് സീറ്റുവരെ സാധ്യത കൽപ്പിക്കുന്ന എഎപിയുടെയും എംജിപിയുടെയും നിലപാട് കോൺഗ്രസിനും ബിജെപിക്കും നിർണായകമാകും

അതേ സമയം 2017ൽ സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ഒരുപടി മുന്നേ കരുനീക്കങ്ങളുമായി രംഗത്തുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ. റിസോർട്ട് രാഷ്ട്രീയത്തിൽ പേരുകേട്ട കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ കോൺഗ്രസ് ഗോവയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസ് മുന്നേറുമെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞു. 'ഗോവയിൽ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരം നേടും. പാർട്ടി നേതാക്കളെ സഹായിക്കുന്നതിനായി ഞാൻ ഗോവയിലേക്ക് പോകുകയാണ്' ഡി.കെ.ശിവകുമാർ എ.എൻഐയോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയോട് കൂറ് പുലർത്തുമെന്ന് ഗോവയിലെ സ്ഥാനാർത്ഥികളെ കൊണ്ട് കോൺഗ്രസ് പ്രതിജ്ഞയെടുപ്പിച്ചതും ശ്രദ്ധേയമായിരുന്നു.

ഇതിനിടെ ദേശീയ തലത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത തുറക്കുന്ന സൂചനകളും കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് വന്നിട്ടുണ്ട്. ഗോവയിൽ തൃണമൂലുമായും ആംആദ്മി പാർട്ടിയുമായും സഖ്യമാകാമെന്നാണ് കോൺഗ്രസ് ഇപ്പോൾ പറയുന്നത്.

തൃണമൂൽ കോൺഗ്രസ് മൂന്ന് വരെ സീറ്റുകൾ പിടിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എംജിപിയുമായിട്ട് സഖ്യത്തിലാണ് അവർ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സഖ്യം പിടിക്കുന്ന സീറ്റുകൾ നിർണായകമാകും.

40 അംഗ ഗോവ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാൻ വേണ്ടത് 21 സീറ്റുകളാണ്. ഇന്ത്യ ടുഡേ, ടൈംസ് നൗ എക്സിറ്റ് പോളുകൾ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയാകും എന്നാണ് പ്രവചിച്ചിരിക്കുന്നത്.

2017-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായിരുന്നിട്ടും സർക്കാർ രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ചെറിയ പാർട്ടികളെ ഒപ്പംനിർത്തി ബിജെപി അധികാരം പിടിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ അബദ്ധം ആവർത്തിക്കാതിരിക്കാൻ മുന്നേ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട് ഇത്തവണ കോൺഗ്രസ്.

2017ൽ 13 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. 17 സീറ്റ് നേടിയ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാൽ എംജിപിയുമായും ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യമുണ്ടാക്കി ബിജെപി അധികാരം പിടിക്കുകയായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി ചേർന്നാണ് എംജിപി മത്സരിച്ചത്.

മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി)യുമായി കേന്ദ്രനേതൃത്വം ചർച്ചയിലാണെന്ന് ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് പറഞ്ഞു. 'ബിജെപി 22 സീറ്റുകൾക്ക് മുകളിൽ നേടുമെന്നാണ് പ്രതീക്ഷ. എംജിപിയുടെയും സ്വതന്ത്രരുടെയും പിന്തുണ ബിജെപി തേടും'- പ്രമോദ് സാവന്ത് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.