പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് ഗോവയിൽ തിരിതെളിഞ്ഞു. വൈകിട്ട് നടന്ന റെഡ് കാർപ്പെറ്റോടെയാണ് ചലച്ചിത്ര മാമാങ്കത്തിന് അരങ്ങുണർന്നത്. സംവിധായകൻ കരൺ ജോഹറായിരുന്നു അവതാരകൻ. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയായിരുന്നു മുഖ്യാതിഥി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറും ശ്രീധരൻ പിള്ളയും ചേർന്ന് തിരി തെളിച്ചു.

ഹേമമാലിനി, ഖുശ്‌ബു, റസൂൽ പൂക്കുട്ടി, പ്രമോദ് സാവന്ത്, പ്രസൂൺ ജോഷി, രവി കൊട്ടാരക്കര, മധുർ ഭണ്ഡാർക്കർ, മഞ്ജു ബോറ, അമിത് ഗോയങ്ക, മിനിസ്ട്രി ആൻഡ് ബ്രോഡ് കാസ്റ്റിങ് സെക്രട്ടറി അപൂർവ ചന്ദ്ര തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് ഫോർമാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. അതായത് തിയേറ്ററിലും വെർച്വലായും പ്രദർശനം കാണാം.

ഒരു വാക്‌സിനെങ്കിലും എടുത്തവർക്കാണ് മേളയിൽ പ്രവേശനം. 73 രാജ്യങ്ങളിൽനിന്ന് 148 ചിത്രങ്ങൾ അന്താരാഷ്ട്ര വിഭാഗത്തിൽ പ്രദർശനത്തിനെത്തും. സുവർണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കാർലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം 'ദ കിങ് ഓഫ് ഓൾ ദ വേൾഡ്' ആണ് ഉദ്ഘാടന ചിത്രം. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ നേതൃത്വത്തിൽ ആദ്യമായി മാസ്റ്റർക്ലാസുകളും സിനിമാ പ്രദർശനവും പ്രിവ്യൂകളും സംഘടിപ്പിക്കുന്നുണ്ട്.