- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൺസാലസിന്റെ ഗോളിന് ജൊനാതാസിന്റെ മറുപടി; ഐ എസ് എല്ലിലെ ആവേശപ്പോരിൽ സമനില പിടിച്ച് ഗോവയും ഒഡീഷയും; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം
ഫറ്റോർദ: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ഒഡിഷ എഫ്.സിയെ സമനിലയിൽ തളച്ച് എഫ്.സി ഗോവ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഗോവയ്ക്ക് വേണ്ടി ഐവാൻ ഗോൺസാലസും ഒഡിഷയ്ക്ക് വേണ്ടി ജൊനാതാസ് ക്രിസ്റ്റിയനും ഗോളടിച്ചു. പോയന്റ് പട്ടികയിൽ ഒഡീഷ ഏഴാമതും ഗോവ എട്ടാമതും തുടരുന്നു. ഒഡിഷയ്ക്ക് ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയന്റാണുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് ഗോവ എട്ട് പോയന്റ് നേടി.
ആദ്യ പകുതിയിൽ പന്തടക്കത്തിലും പാസിംഗിലും ഗോവയായിരുന്നു മുന്നിട്ടു നിന്നത്. എന്നാൽ ഫിനിഷിംഗിൽ അവർക്ക് പിഴച്ചോൾ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങൾവരെ ഗോളൊഴിഞ്ഞു നിന്നു. അപ്രതീക്ഷിത പ്രത്യാക്രമണങ്ങളിലൂടെ ഗോവൻ പ്രതിരോധത്തെ വിറപ്പിക്കുക എന്നതായിരുന്നു ഒഡിഷയുടെ പദ്ധതി.
ഒന്ന് രണ്ട് അവസരങ്ങളിൽ കൗണ്ടർ അറ്റാക്കിലൂടെ ഗോവൻ പ്രതിരോധത്തെ ഭേദിക്കാൻ അവർക്കായെങ്കിലും ഫിനിഷ് ചെയ്യാനായില്ല. മറുവശത്ത് ഗോൾ കീപ്പർ കമൽജിത് സിംഗിന്റെ സേവുകൾ ഒഡീഷയെ തുണച്ചു. ആൽബർട്ടോ നോഗ്യൂറോയുടെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകൾ കസൽജിത് തട്ടിയകറ്റി. തുടർച്ചയായി ആക്രമിച്ച ഗോവ ആദ്യ പകുതി തീരാൻ മിനിറ്റുകൾ ബാക്കിയിരിക്കെ മുന്നിലെത്തി.
42-ാം മിനിട്ടിൽ ഐവാൻ ഗോൺസാലസാണ് ഗോവയ്ക്ക് വേണ്ടി വലകുലുക്കിയത്. കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. ബോക്സിനകത്തേക്ക് വന്ന കോർണർ കിക്കിന് തലവെച്ച ഐബാൻ ഡോഹ്ളിങ്ങിൽ നിന്ന് പന്ത് ഗോൺസാലസിന്റെ കാലിലെത്തി. ഗോൺസാലസിന് പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട കാര്യമേ വന്നുള്ളൂ. ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഗോൾ പിറന്നത്. ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയത് ഒഡിഷയായിരുന്നുവെങ്കിലും ഗോളടിക്കാൻ ഗോവയ്ക്ക് കഴിഞ്ഞു.
രണ്ടാം പകുതിയിലും ഗോവയുടെ ആക്രമണത്തോടെയാണ് തുടങ്ങിയത്. 51-ാം മിനിട്ടിൽ ഒഡിഷയുടെ ജൊനാതാസിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പറുടെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് ഗോളടിക്കാനുള്ള ശ്രമം പാഴായി.
എന്നാൽ 53-ാം മിറ്റിൽ ജൊനാഥൻ ജീസസ് ഒഡീഷയെ ഒപ്പമെത്തിച്ചു. നന്ദകുമാർ ശേഖറിന്റെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ നന്ദകുമാർ ബോക്സിലേക്ക് ഉയർത്തി നൽകിയ പാസ് ഗോവൻ ഗോൾകീപ്പർ ധീരജ് തട്ടിയെങ്കിലും പന്ത് നേരെ ജൊനാകാസിന്റെ കാലിലേക്കാണ് വന്നത്. പന്ത് അനായാസം വലയിലേക്ക് തട്ടിയിട്ട് ജൊനാതാസ് ഒഡിഷയുടെ രക്ഷകനായി. ഇതോടെ കളി ആവേശത്തിലായി.
സമനില ഗോൾ വീണതോടെ ഉണർന്നു കളിച്ച ഗോളിലേക്ക് നിരവധി തവണ ലക്ഷ്യം വെച്ചെങ്കിലും ഫിനിഷ് ചെയ്യാനായില്ല. 72-ാം മിനിറ്റിൽ സെൽഫ് ഗോളിൽ നിന്ന് രക്ഷപ്പെട്ട ഗോവ അവസാന നിമിഷം ഒഡീഷയുടെ വിജയ ഗോളിൽ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 90-ാം മിനിറ്റിൽ അരിദായി സുവാരസ് എടുത്ത ഷോട്ട് ഗോവൻ ഗോൾ കീപ്പർ ധീരജിനെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങിയത് ഒഡീഷക്ക് നിരാശയായി.
സ്പോർട്സ് ഡെസ്ക്