പെരുമ്പാവൂർ: പ്രകൃതിവിരുദ്ധമായി പെണ്ണാടിനെ പീഡിപ്പിച്ച കേസിൽ ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിനെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിന്റെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി അമീറിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. ജിഷാ കൊലക്കേസ് അന്വേഷണത്തിൽ ചോദ്യം ചെയ്യാൻ കൂടിയാണ് കസ്റ്റഡിയിൽ എടുക്കുന്നത്. സമാനമായ മറ്റൊരു കേസിലും അമീർ പ്രതിയാകാൻ സാധ്യതയുണ്ട്.

മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുന്നവർക്കെതിരെയും ഇന്ത്യൻ ശിക്ഷാ നിയമം 377-ാം വകുപ്പ് അനുസരിച്ചു പൊലീസിനു കേസ് രജിസ്റ്റർ ചെയ്യാം. മനുഷ്യരുടെ കാര്യത്തിൽ ഇരയുടെ അനുവാദത്തോടെ കുറ്റം ചെയ്താലും ഈ വകുപ്പ് അനുസരിച്ചു കേസെടുക്കാം. ജീവപര്യന്തം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പിഴയോടെ പത്തു വർഷം വരെ കഠിനതടവും ഈ കുറ്റത്തിനു ശിക്ഷ ലഭിക്കാം. അമീറുൾ ആടിനെ പീഡിപ്പിച്ച കേസിൽ പ്രതിയാകുമെന്നത് ജിഷാ കേസിനും ബലം കൂട്ടും. മൃഗ പീഡനത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ പൊലീസിന്റെ കൈയിലുണ്ട്.

വട്ടോളിപ്പടിയിലെ ക്ഷീരകർഷകൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. മാസങ്ങൾക്കു മുൻപ് പശുവിനെ പീഡിപ്പിച്ച ഇതര സംസ്ഥാനക്കാരനെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. അമീറിന്റെ ചിത്രം ഇന്നലെ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അന്നു നാട്ടുകാർ തടഞ്ഞുവച്ചത് അമീറിനെയാണെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഈ സംഭവത്തിലും പൊലീസ് കേസ് എടുക്കാൻ സാധ്യതയുണ്ട്. വട്ടോളിപ്പടിയിൽ ജിഷയുടെ വീടിനു പരിസരത്തുള്ള ആടിനെ പീഡിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കുറുപ്പംപടി കോടതിയിൽ പൊലീസ് നേരത്തെ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ജിഷാ കേസ് അന്വേഷണത്തിനിടെ അന്യസംസ്ഥാന ജോലിക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ആടിന്റെ പീഡനം പുറത്തുവന്നത്. ചിലരുടെ ഫോണിൽ നിന്ന് ഈ ദൃശ്യങ്ങൾ കണ്ടത്തി. അമീറുള്ളിന്റെ ഫോണിലും ദൃശ്യങ്ങളുണ്ടായിരുന്നു. ജിഷയുടെ കൊലപാതകി ലൈംഗിക വൈകൃതത്തിന് ഉടമയാണെന്ന വാദമാണ് ഇതോടെ ശക്തികൂടുന്നത്. അതു കൊണ്ട് കൂടിയാണ് ഈ വിഷയത്തിലും പൊലീസ് കേസെടുത്തത്.

അതിനിടെ പതിഭാഗം അഭിഭാഷകന് അമീറുമായി സംസാരിക്കാൻ പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി ജഡ്ജി വി.മഞ്ജു അനുവാദം നൽകി. ജിഷവധക്കേസിൽ പൊലീസ് തിരയുന്ന അമീറിന്റെ സുഹൃത്തുക്കളായ അനറുൽ ഇസ്‌ലാം, ഹർഷദ് ബറുവ എന്നിവരെ കണ്ടെത്തുന്നതോടെ ജിഷ കേസിൽ അമീറിനെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരും. ജിഷ കേസിൽ ആദ്യ റിമാൻഡ് കാലാവധി കഴിഞ്ഞതോടെ ഈ കേസിൽ പ്രതിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ ലഭിക്കില്ല.

അനർ, ഹർഷദ് എന്നിവരെ കണ്ടെത്താനുള്ള കേരള പൊലീസിന്റെ ശ്രമത്തിന് അസം പൊലീസിന്റെ സഹായം ലഭിക്കുന്നുണ്ട്. അസമിനു പുറമെ മറ്റേതെങ്കിലും വടക്കു കിഴക്കൻ സംസ്ഥാനത്ത് ഇവർ ഒളിവിൽ കഴിയാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.