കൊച്ചി: മലയാളത്തിൽ വൻ ഹിറ്റായ 'ബാംഗ്ലൂർ ഡേയ്‌സ്' എന്ന സിനിമയിൽ നിവിൻ പോളിയുടെ കുട്ടൻ എന്ന കഥാപാത്രം ബാംഗ്ലൂരിൽ ജീവിക്കുകയും അതേസമയം കേരളത്തിന്റെ നാട്ടിൻപുറത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന യുവാവിന്റേതാണ്. ജോലിയിൽ മടുക്കുമ്പോൾ നാട്ടിൻപുറവും പാടങ്ങളുമെല്ലാം സ്‌നേഹിക്കുന്ന വ്യക്തിത്വം. എന്തിനും ഒരു മലയാള തനിമ വേണമെന്ന് പറയുന്ന ആൾ. ഇങ്ങനെ കേരളത്തിന്റെ ഗ്രാമീണ ഭംഗിയെ സ്‌നേഹിക്കുകയും കോർപ്പറേറ്റ് തലത്തിൽ ജോലി ചെയ്യുകയും ചെയ്യുന്ന ധാരാളം മലയാളി യുവാക്കളുണ്ട്. എന്നാൽ ജോലിയെ ഉപേക്ഷിച്ച് ഗ്രാമഭംഗി ആസ്വദിക്കാനും ഇവരാരും തയ്യാറല്ല. ഇങ്ങനെയുള്ള കോർപ്പറേറ്റ് സാഹചര്യത്തിൽ കേരളത്തെ ഗ്രാമതലത്തെയും നിങ്ങളുടെ ഓഫീസാക്കി മാറ്റാൻ സാധിക്കുമോ? സാധിക്കുമെന്നാണ് ആലുവ സ്വദേശിയായ ജെയിംസ് ജോസഫിന് പറയാനുള്ളത്. മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ സ്ഥാത്തെത്തിയ ജെയിംസ് ജോസഫ് ജോലി രാജിവച്ച് നാട്ടിലെത്തി വ്യവസായ സംരംഭം തുടങ്ങി വിജയിപ്പിക്കുകയും കൂടാതെ കോർപ്പറേറ്റ് ജോലികളും നയിക്കാമെന്നാണ്.

'ഗോഡ്‌സ് ഓൺ ഓഫീസ്' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ ജെയിംസ് ജോസഫ് തന്റെ പുസ്തകത്തിലൂടെ മലയാളി യുവാക്കളോട് പറയുന്നതും രണ്ട് കാര്യങ്ങളാണ്. ഒന്ന് വീടിനെ ഒരു ഓഫീസാക്കി മാറ്റാം. മറ്റൊന്ന് മണ്ണിനോടുള്ള പ്രതിബന്ധത മറക്കാതെ വ്യവസായ സംരംഭങ്ങൾ തുടങ്ങി വിജയിപ്പിക്കുകയും ചെയ്യാം. സ്വന്തം അനുഭവത്തിലൂടെ ഇക്കാര്യം തെളിയിക്കുകയും ചെയ്തിട്ടുണ്ട് ജെയിംസ് ജോസഫ്. വീട്ടിലിരുന്ന് കോർപ്പറേറ്റ് ജോലികൾ ചെയ്യാാൻ എന്തുവേണമെന്നുമുള്ള കാര്യങ്ങളും 'ഗോഡ്‌സ് ഓൺ ഓഫീസ്' എന്ന പുസ്തകത്തിലൂടെ ജെയിംസ് പറയുന്നു.

നാടിന്റെ ഭക്ഷ്യവിളയെ ലോകത്തിന്റെ അംഗീകാരത്തിന് സമർപ്പിച്ച കഥ ജെയിംസ് ജോസഫ് 'ഗോഡ്‌സ് ഓൺ ഓഫീസ്'  എന്ന പുസ്തകമാക്കിയപ്പോഴും അതിൽ തുടിച്ചുനിൽക്കുന്നത് നാടിനോടുള്ള ഒരു മലയാളിയുടെ അടങ്ങാത്ത അഭിനിവേശം തന്നെയാണ്. എത്ര ജോലിത്തിരക്കുണ്ടെങ്കിലും കാലുറപ്പിച്ചു വളർന്ന സ്വന്തം മണ്ണിനോടുള്ള പ്രതിബദ്ധത ഒപ്പം കൊണ്ടുപോകാനാകുമെന്ന് ജെയിംസ് ജോസഫിന്റെ പുസ്തകവും അനുഭവവും വിവരിക്കുന്നു.

ജെയിംസ് ജോസഫിന്റെ ഗോഡ്‌സ് ഓൺ ഓഫീസ് എന്ന പുസ്തകം അന്യനാടുകളിൽ താമസിക്കുന്നവർക്ക് നാട്ടിലേക്കുള്ള മടക്കമായാകും അനുഭവപ്പെടുക. ലോകമെമ്പാടും ജോലിചെയ്യുന്ന മലയാളികളിൽ ഭൂരിപക്ഷത്തിനും എൻആർഐ എന്ന ലേബൽ ഉപേക്ഷിച്ച് നാട്ടിൽ വന്ന് താമസിക്കാൻ ആഗ്രഹമുണ്ടാകും. ഗൃഹാതുരത്വം നാട്ടിലേക്ക് തിരികെ വിളിക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട വരുമാനം എന്ന കുരുക്കിൽപ്പെട്ടിരിക്കുകയാണ് പലരും. നാട്ടിലേക്ക് തിരികെയെത്താൻ ആഗ്രഹമുണ്ടെങ്കിലും കഴിയാത്തതും ഇതുകൊണ്ടാകും. ഇങ്ങനെയുള്ളവർക്ക് ഊർജ്ജം പകരുന്നതാണ് ഈ പുസ്തകം. വീടിനെ ഓഫീസാക്കി മാറ്റിയാൽ ശനിയും ഞായറും അടക്കം ആഘോഷ ദിനങ്ങളൊക്കെ നമുക്ക് ലഭിക്കുമെന്ന് ജെയിംസ് ജോസഫ് പറയുന്നു.

അർബുദബാധയെത്തുടർന്ന് മരിച്ച അമ്മയെ ഓർത്ത് കരയുന്ന മൂന്നുവയസുകാരനിൽ നിന്ന് മൈക്രോസോഫ്റ്റ് എന്ന ആഗോളപ്രശസ്തിയുള്ള സ്ഥാപനത്തിന്റെ മഹത്തായ പുരസ്‌കാരം നേടുന്ന ഒരു വ്യക്തിയിലേക്ക് രൂപാന്തരമുണ്ടാകുമ്പോഴും നാട്ടിലേക്ക് മടങ്ങാനുള്ള ത്വര ജെയിംസിൽ നഷ്ടമായിരുന്നില്ല. നാട്ടിലേക്ക് മടങ്ങി തങ്ങളുടേതായ പാത വെട്ടിത്തുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതാകും 188 പേജുകളിലായി ആറ് അധ്യായങ്ങളുള്ള ജെയിംസിന്റെ പുസ്തകം.

ഗോഡ്‌സ് ഓൺ ഓഫീസ് നമ്മെ ഓർമിപ്പിക്കുന്നത് നാടിനോടുള്ള ഒരു മലയാളിയുടെ അടങ്ങാത്ത അഭിനിവേശം തന്നെയാണ്. ജോലിത്തിരക്കും മറ്റും നമ്മെ അന്യനാടുകളിലേക്ക് പറിച്ചുനട്ടിട്ടുണ്ടെങ്കിൽ, നാടിന്റെ സംസ്‌കാരത്തിൽ നിന്ന് അകറ്റി നിർത്തിയിട്ടുണ്ടെങ്കിൽ, അതിലേക്കുള്ള തിരിച്ചുപോക്കിനെയാണ് ഈ പുസ്തകം ഓർമിപ്പിക്കുന്നത്. സ്വന്തം മണ്ണിനോടുള്ള പ്രതിബദ്ധത എങ്ങനെ ഒപ്പം കൊണ്ടുപോകാനാകുമെന്ന് ജെയിംസ് ജോസഫിന്റെ അനുഭവം വ്യക്തമാക്കുന്നു. നിങ്ങൾക്ക് സ്വയം ഊർജംനേടാനും ഉത്തേജിതനാകാനും തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ സ്വപനം കാണുന്നതുപോലുള്ള ജിവിതമായി മാറ്റാൻ കഴിയുന്നതിനാൽ ഗോഡ്‌സ് ഓൺ ഓഫീസ് ഏറ്റവും മികച്ച വായനാനുഭവമാകും നൽകുക. പെൻഗ്വിൻ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം പോയവാരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പ്രകാശനം ചെയ്തത്.

ഇത് മാത്രമല്ല, മലയാളത്തിന്റെ ചക്കയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി കൈയടി നേടിയ വ്യക്തിത്വം കൂടിയാണ് ജെയിംസ് ജോസഫിന്റേത്. സംസ്‌കരിച്ച ചക്കപ്പഴത്തിന്റെ വിപണനത്തിന്റെ സാധ്യതകൾ മലയാളികൾക്ക പരിചയപ്പെടുത്തുക കൂടി ചെയ്തു ജെയിംസ് ജോസഫ്. മൈക്രോസോഫ്റ്റിന്റെ ഉന്നതപദവി വിട്ടെറിഞ്ഞ് സ്വന്തം നാട്ടിലെത്തി നമ്മുടെ നാടിന്റെ ഭക്ഷ്യവിളയെ ലോകത്തിന് മുന്നിലെത്തിക്കാൻ തുനിഞ്ഞിറിങ്ങിയ ഒരു മലയാളിയുടെ വിജയഗാഥ ഏറെ ശ്രദ്ധേയമാണ്.

ഉന്നതമായ സ്ഥാനത്തെത്തിയാൽ തനിക്ക് നാട്ടിലേക്ക് തിരിച്ചുപോക്കില്ലെന്ന തിരിച്ചറിവിലാണ് ജെയിംസ് ജോസഫ് തന്റെ ജീവിതത്തിലെ നിർണ്ണായ തീരുമാനം കൈക്കൊള്ളുന്നത്. സ്വന്തം നാട്ടിൽ ഒരു സ്ഥാപനത്തിന് തുടക്കം കുറിക്കാൻ ജെയിംസ് ജോസഫ് തയ്യാറായത്. വലിയ കുളത്തിലെ വലിയ മത്സ്യമാകുന്നതും ചെറിയ കുളത്തിലെ ചെറിയ മത്സ്യമാകുന്നതും തനിക്ക് ഒരുപോലെ തന്നെയെന്ന് ജെയിംസ് പറയുന്നു. ഒരെണ്ണം ജോലിയോടുള്ള ചേതോവികാരവും രണ്ടാമത്തേത് നാടിനോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് ജെയിംസിന്.

ജെയിംസിന്റെ ജാക്ക്ഫ്രൂട്ട് 365 എന്ന സ്ഥാപനം ലക്ഷ്യമിടുന്നതും നാടിന്റെ ഭക്ഷ്യസംസ്‌കാരം ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനാണ്. ചക്ക സംസ്‌കരിച്ച് വർഷം മുഴുവൻ (365 ദിവസവും) ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ജാക്ക് ഫ്രൂട്ട് 365നുള്ളത്. സാധാരണക്കാരന്റെ ഭക്ഷ്യവിഭവമായ ചക്കയെയും ചക്ക വിഭവങ്ങളെയും പഞ്ചനക്ഷത്ര ഹോട്ടലുകളിലും മുന്തിയ ഉപഭോക്താക്കൾക്കിടയിലും എത്തിക്കുക എന്ന ഉദ്ദേശ്യവും ജാക്ക് ഫ്രൂട്ട് 365നുണ്ട്.

ഫ്രീസ് ഡ്രൈ എന്ന ആധുനിക സംസ്‌കരണ വിദ്യയിലൂടെ ചക്കച്ചുള ഒരു വർഷത്തിലധികം സാധാരണ താപനിലയിൽ സൂക്ഷിച്ചുവയ്ക്കാം. ഈ സാങ്കേതിക വിദ്യയിലൂടെ ചക്കയെ ആണ്ടുമുഴുവൻ ലഭ്യമാക്കുകയാണ് പദ്ധതി. പാൽപ്പൊടി വെള്ളത്തിലിട്ട് പാലാക്കി മാറ്റുന്നതുപോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന ചക്കച്ചുളകളെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. നിർജലീകരണത്തിലൂടെ ചക്കയുടെ ഭാരം 82 ശതമാനത്തോളം കുറയ്ക്കാനുമാകും. ജാക്ക് ഫ്രൂട്ട് ബട്ടർ മസാല, ജാക്ക്ഫ്രൂട്ട് ബ്രഡ് പുഡിങ്, ചക്കപ്പായസം, പൈസ്, കെബാബ്, ജാക്ക്ഫ്രൂട്ട് കേക്ക്‌സ്, സ്പ്രിങ് ഗോൾ തുടങ്ങിയ വിഭവങ്ങൾ ഇപ്പോൾ തന്നെ നക്ഷത്രഹോട്ടലുകളിൽ വൻഹിറ്റാണ്.