കൊച്ചി: കൊച്ചി, ബംഗളുരൂ, മുംബൈ മെട്രോ പദ്ധതികളിൽനിന്ന് ഗോദ്റെജ് ഇന്റീരിയോയ്ക്ക് 250 കോടി രൂപയുടെ കരാർ ലഭിച്ചു.ഈ മെട്രോകളിൽ സിവിൽ ഫിനിഷിങ്, ക്ലാഡിങ്, ബ്ലോക്ക് വർക്ക്സ്, ഫേസഡ് ഗ്ലേസിങ്, മെറ്റൽ സീലിങ്, അലുമിനിയം ലൂവറുകൾ, സ്ട്രക്ചറൽ സ്റ്റീൽ വർക്കുകൾ, പ്ലംബിങ്, റെയിലിങ്, ഉദ്യാനനിർമ്മാണം എന്നിവയുൾപ്പെടെയുള്ള ജോലികൾക്കാണ് കരാർ ലഭിച്ചിട്ടുള്ളത്. കൊച്ചി മെട്രോയിലെ എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളും മുംബൈ മെട്രോയുടെ ഒമ്പതു സ്റ്റേഷനുകളും ബംഗളുരൂ മെട്രോയുടെ റീച്ച് 3, റീച്ച് 5 മേഖലകളിലെ 12 സ്റ്റേഷനുകളും ഉൾക്കൊള്ളുന്നതാണ് കരാർ.

ഇതോടെ കൊച്ചി കൊൽക്കത്ത, ബെംഗളൂരു, മുംബൈ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള നാല് മെട്രോ റെയിൽ പദ്ധതികളുടെ ഭാഗമാവുകയാണ് രാജ്യത്തെ പ്രമുഖ ഫർണീച്ചർ സൊലൂഷൻ ബ്രാൻഡാണ് ഗോദ്റെജ് ഇന്റീരിയോയെന്ന് കമ്പനി സി.ഒ.ഒ അനിൽ സെയിൻ മാത്തൂർ പറഞ്ഞു. പുതിയ ഓർഡറുകൾ കമ്പനിയുടെ ബി ടു ബി ബിസിനസിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള രാജ്യത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചിൽ ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെ ആയിരത്തയഞ്ഞൂറോളം പദ്ധതികൾ ഗോദ്റെജ് ഇന്റീരിയോ പൂർത്തിയാക്കിയിട്ടുണ്ട്.

പദ്ധതിയുടെ രൂപകൽപ്പന മുതൽ നിർവ്വഹണം വരെയുള്ള പൂർണ സൊലൂഷനാണ് കമ്പനി വാഗ്ദാനം ചെയുന്നത്. പരിചയസമ്പന്നരായ ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസൈനർമാർ, പ്രോജക്ട് മാനേജർമാർ എന്നിവരുൾപ്പെടുന്നതാണ് ഗോദ്റെജ് ഇന്റീരിയോ ടീം.സിവിൽ വർക്ക്സ്, ഇന്റീരിയർ, എംഇപി, സുരക്ഷയും നിരീക്ഷണവും, ഗ്രീൻ കൺസൾട്ടൻസി, എവി സൊല്യൂഷനുകൾ തുടങ്ങിയവ കമ്പനിയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു.